നദിതേടി കടല്‍ പുറപ്പെടുന്നു

prathikarikkunna viswasam
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

എല്ലാവരിലേക്കും സഭ എത്തിച്ചേരേന്നതുണ്ട്. കേരള സഭ അതിന്റെ ശൂശ്രൂഷാഹൃദയവുമായി എത്തിച്ചേരേണ്ട മേഖലകളെ ചൂറ്റിക്കാണിക്കാനുള്ള പരിശ്രമം.

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, മോറല്‍ തിയോളജി പ്രൊഫസര്‍, മംഗലപ്പുഴ

ലോക പ്രശസ്തമായ ടൈം മാസിക 2013 മാര്‍ച്ച് 25 ലക്കത്തില്‍ പുതിയ മാര്‍പാപ്പയെ പുരസ്കരിച്ച് ഒരു ലേഖനം ചേര്‍ത്തിട്ടുണ്ട്. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്: “ധൂര്‍ത്തപുത്രന്റെ ഉപമയായിരുന്നു (ലത്തീന്‍ ക്രമത്തില്‍) കോണ്‍ക്ലേവിനു തലേ ഞായറാഴ്ചത്തെ സുവിശേഷവായന. അതിന്റെ പശ്ചാത്തലത്തില്‍ സഭ വിട്ടുപോയ ധൂര്‍ത്ത പുത്രന്മാരെ സഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് റോമിലെത്തിയ കര്‍ദ്ദിനാളന്മാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ പുതിയ പാപ്പാ, ഫ്രാന്‍സീസ്, തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ സുവിശേഷഭാഗം വ്യത്യസ്തമായി വായിച്ചേക്കാം. അതായത്, സഭതന്നെയും ധൂര്‍ത്ത പുത്രനെപ്പോലെയായി. ഇനിയിപ്പോള്‍ ജനത്തിന്റെ പക്കലേക്കു തിരിച്ചുപോകാനുള്ള വഴി സഭ കണ്ടെത്തണം.”

“ധുര്‍ത്തപുത്രന്റെ സ്ഥാനത്തേക്കു സഭ വീണു പോയി എന്ന നിരീക്ഷണത്തോടു നാം യോജിക്കണമെന്നില്ല. പക്ഷേ, ജനങ്ങളുടെ പക്കലേക്കു സഭ കൂടുതല്‍ അടുക്കാനുണ്ട് എന്ന നിഗമനത്തിന് ആഗോള പ്രസക്തിയുണ്ട്; കേരളത്തിലും പ്രസക്തിയുണ്ട്. ഫ്രാന്‍സീസ്പാപ്പാ ജനകീയനായി ചരിച്ച് സഭയെ ജനപക്ഷത്തേക്ക് അടുപ്പിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അര്‍ജന്റീനായില്‍ നിന്ന് ഒരു പാപ്പാ ഉണ്ടായതോടെ ആ നാടുകളില്‍ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചുപോയവര്‍ സഭയിലേയ്ക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കിടുന്നവരുണ്ട്. അത് സംഭവിക്കട്ടെ. സഭ വിട്ടുപോയവര്‍ സഭയിലേയ്ക്കു തിരിച്ചുവന്നാലും ഇല്ലെങ്കിലും സഭ എല്ലാവരിലേയ്ക്കും എത്തേണ്ടതുണ്ട്. നദി കടലിലേക്ക് ഒഴുകുന്നത് സ്വാഭാവികം. എന്നാല്‍, മണ്‍മറഞ്ഞ നദിതേടി കടല്‍ പുറപ്പെടുന്ന അസാധാരണ കര്‍മ്മമാണ് സഭയില്‍ നടക്കേന്നത്. മെത്രാന്മാരും വൈദികരും കൂടുതല്‍ ജനകീയരായി മാറണം എന്ന ലളിതമായ അര്‍ത്ഥം മാത്രമല്ല ഇതിനുള്ളത്. സഭാശുശ്രൂഷകര്‍ മാത്രമല്ല വിശ്വാസ സമൂഹമൊന്നാകെ എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരേണ്ടതുണ്ട്.”

എവിടെയെല്ലാം ഇനിയുമെത്തണം?

കേരളസഭ അതിന്റെ സാന്നിധ്യം ശക്തമായി അറി യിക്കേണ്ട തലങ്ങള്‍ പലതുണ്ട്. അത്തരം മേഖലകളില്‍ സഭയുടെ സാന്നിധ്യമില്ല എന്നല്ല വിവക്ഷ. മറിച്ച്, അവിടെയൊക്കെ സഭയുടെ സാന്നിധ്യം പൂര്‍ണ്ണമായും രക്ഷാകരമായി മാറിയിട്ടില്ല എന്നാണ് സൂചന. കേരളസഭ അതിന്റെ ശുശ്രൂഷാഹൃദയവുമായി എത്തി പ്പെടേണ്ട ഏതാനും മേഖലകള്‍ ചൂറ്റിക്കാണിക്കു കയാണ്.

യുവജനങ്ങള്‍

യുവജനങ്ങളിലെ ഭൂരിപക്ഷത്തോട് സഭ ഇക്കാലത്ത് വേണ്ടപോലെ സംവദിക്കുന്നുണ്ടോ എന്നു സംശയമാണ്. സഭയിലുള്ള യുവജനപ്രസ്ഥാനങ്ങളെയും ജീസസ് യൂത്തുപോലുള്ള ആത്മീയ കൂട്ടായ്മകളെയും മറക്കുന്നിലല. പക്ഷേ, ഇവയിലൊന്നിലും പെടാത്ത വലിയൊരു യുവജനസമൂഹം സഭയിലുണ്ട്. എല്ലാവരെയും ഏതെങ്കിലും സംഘടനയുടെ കീഴില്‍ കൊണ്ടുവന്നിരിക്കണം എന്നല്ല സൂചന. ഞങ്ങള്‍ സഭയുടേതാണ്; സഭ ഞങ്ങളുടേതാണ് എന്ന വികാരം യുവജനസമൂഹത്തില്‍ ഉണ്ടാക്കാന്‍ തക്കവിധം സഭാസമൂഹം അവരോട് സംവദിക്കണം. മുതിര്‍ന്നവരുടെ സഭ യുവജനങ്ങളോട് ഇടപെടുന്നതില്‍ പലപ്പോഴും മടിയോ ഭയമോ കാണിക്കുന്നതായും തോന്നുന്നു.

പാവപ്പെട്ടവര്‍

കേരളസഭ പാവപ്പെട്ടവര്‍ക്കുവേണ്ടി വളരെയധികം ജീവകാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. ഇതില്‍ മുഴുവന്‍ സഭാസമൂഹത്തിനും, അവശരെ പരിചരിക്കുന്നതില്‍ സന്യാസിനീസമൂഹങ്ങള്‍ക്കും വലിയ പങ്കുണ്ട്. എന്നിരുന്നാലും സഭ പാവങ്ങളിലേയ്ക്ക് കൂടുതല്‍ തുറവിയോടെ എത്തേണ്ടതുണ്ട്. അതായത്, ഞങ്ങളുടെ സഭയാണെന്ന് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്ക് പറയാന്‍ കഴിയണം. അതുപോലെതന്നെ, പാവപ്പെട്ടവരുടെ അവസ്ഥ പരിഗണിച്ച് സഭാസമൂഹത്തിലെ വരവു ചെലവുകളും ആഘോഷങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ക്രമീകരിക്കപ്പെടുന്ന സ്ഥിതിയുണ്ടാകണം.

സഭാത്യാഗികള്‍

പല കാരണങ്ങളാല്‍ സഭയെ തിരസ്കരിച്ചവരുന്ന്. ക്രിസ്തു മതി, സഭ വേണ്ട എന്നു പറയുന്നവരുണ്ട്. ഈ സഭ വേണ്ട, വേറെസഭ മതി എന്ന നിലപാടെടുത്ത് സഭ വിട്ടവരുണ്ട്. പല സെക്ടുകളില്‍ ചേക്കേറിയവരുണ്ട്. ദൈവവിശ്വാസം ഫലത്തില്‍ ഉപേക്ഷിച്ചവരുണ്ട്. ഇത്തരം മനുഷ്യരോട് കാര്യമായി സംവദിക്കാന്‍ സഭയ്ക്കു സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു പക്ഷേ, വൈദികര്‍ക്കും മെത്രാന്മാര്‍ക്കും എന്നതിനേക്കാള്‍ വിശ്വാസ ബോധ്യങ്ങളുള്ള അല്മായര്‍ക്കാണ് ഇതു കൂടുതല്‍ സാധിക്കുക. സഭയെ തിരസ്ക്കരിച്ചവരെ തള്ളിപ്പറയാന്‍ എളുപ്പമാണ്. സഭയെ തള്ളിപ്പറയുന്നവരെയും ക്രിസ്തു തള്ളിക്കളയുന്നില്ല എന്നു നമുക്കോര്‍ക്കാനുണ്ട്.

അന്യമതസ്ഥര്‍

അതിവേഗം വര്‍ഗീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പൊതുസമൂഹമാണ് നമ്മുടേത്. അതിനാല്‍ മതസൗഹാര്‍ദ്ദവും സഹകരണവും വിലപ്പെട്ട മൂല്യങ്ങളാണ്. ഒരുകാലത്ത് കേരളസഭ ഈ രംഗത്ത് കുറെയൊക്കെ ശ്രദ്ധിച്ചിരുന്നു. പക്ഷേ അന്യമതസ്ഥരിലേക്ക് എത്തുന്നതില്‍ വിശ്വാസസമൂഹം ഇക്കാലത്ത് വളരെ പിന്നിലാണ്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു പുറന്തള്ളപ്പെട്ട കുറെയേറെ മനുഷ്യര്‍ ഇന്നാട്ടിലുണ്ട്. തെരുവില്‍ കഴിയുന്നവര്‍, ലൈംഗികതൊഴിലാളികള്‍, ജയില്‍ വാസികള്‍, ആദിവാസികള്‍, എയിഡ്സ് ബാധിതര്‍, ഭിക്ഷാടകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍. ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മനുഷ്യര്‍ ഇന്നാട്ടിലുണ്ട്. ഇവയൊക്കെ സഭയുടെ ശുശ്രൂഷകളായി അംഗീകരിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഈ മേഖലകളില്‍ സഭയുടെ ഇടപെടല്‍ പലപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനം മാത്രമായി പോകുന്നു എന്നതും കാണാതിരുന്നുകൂടാ. നീതിക്കു വേണ്ടിയുള്ള പോരാട്ടവും അനീതിയുടെ ഇരകളെ സംരക്ഷിക്കുന്നതും സഭയില്‍ നടക്കേണ്ടതുണ്ട്.

ആത്മീയ അന്വേഷകര്‍

ദൈവാനുഭവത്തിനുവേണ്ടി ദാഹിക്കുന്ന നാനാ ജാതിമതസ്ഥരായ മനുഷ്യരുണ്ട്. അവരിലേക്ക് ദൈവാനുഭവത്തിന്റെ മാധ്യമമായി സഭ എന്തുമാത്രം എത്തിപ്പെടുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്. ദൈവാനുഭവം ലഭ്യമാക്കാനല്ലേ സഭയില്‍ കൂദാശകളും വചനപ്രഘോഷണവും എന്നു ചോദിക്കാം. ശരിയാണ്. പക്ഷേ അവയിലൂടെ ദൈവാനുഭവം സിദ്ധിക്കാന്‍ മനുഷ്യരെ സജ്ജരാക്കേണ്ടതുണ്ട്. സഭയുടെ സ്ഥാപന (Institutional) സ്വഭാവത്തേക്കാളധികം വരബദ്ധമായ (Charismatic) സ്വഭാവത്തിന് ഊന്നല്‍ കൊടുത്താലേ ദൈവാനുഭവത്തിന്റെ മാധ്യമമാകാന്‍ സഭയ്ക്കു കഴിയൂ.

പ്രകൃതി

പ്രകൃതിയിലേയ്ക്ക് സഭയുടെ മനസ്സും ശ്രദ്ധയും എത്തേണ്ടതുണ്ട്. കുറച്ചുകാര്യങ്ങള്‍ നാം ഇപ്പോള്‍ത്തന്നെ ചെയ്യുന്നുണ്ട്. പക്ഷേ, അതു മതിയാവുകയില്ല. പ്രകൃതിയിലേക്ക് തിരിയാനുള്ള ബോധ്യം നമുക്ക് വേണ്ടത്രയില്ല എന്നതാണ് സത്യം. തെളിവ്: പരിസ്ഥിതി സംരക്ഷിക്കണം എന്നുപറയുന്ന ഫ്രാന്‍സീസ് പാപ്പായുടെ പടം പരിസ്ഥിതിവിരുദ്ധമായ ഫ്ളക്സിലടിച്ച് നാടുനീളെ നിരത്തുന്നത് വിരോധാ ഭാസംതന്നെ.

എല്ലാവരിലേയ്ക്കും എത്താന്‍

എല്ലാവരിലേയ്ക്കും സഭ എത്തിച്ചേരാന്‍ പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. സ്ഥലപരിമിതിമൂലം അവ സൂചിപ്പിച്ചുപോകുന്നതേയുള്ളൂ. 1. വ്യത്യസ്തമായ സഭാശുശ്രൂഷകള്‍ ആവശ്യാനുസൃതം രൂപപ്പെടുത്തണം. ഉദാഹരണത്തിന്, ആരും കൂടെനില്ക്കാനില്ലാതെ ആശുപത്രികളില്‍ കിടക്കുന്ന നിര്‍ധനരോഗികളുണ്ട്. കുറച്ചു സമയമെങ്കിലും അവര്‍ക്ക് കൂട്ടിരിക്കാനും വേണ്ടതു ചെയ്തുകൊടുക്കാനും സഭാ സമൂഹത്തിന് സാധിക്കും. പക്ഷേ അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നുമാത്രം. 2. എല്ലാവരിലേക്കും എത്തിപ്പെടുന്നത് സുവിശേഷവത്കരണത്തിന്റെ മാര്‍ഗ്ഗവും ലക്ഷണവുമായി അവതരിപ്പിക്കപ്പെടണം. 3. സഭയിലുള്ള സംഘടനകളെ സഭാശുശ്രൂഷകളിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. സംഘടനകള്‍ക്ക് ഒരു വാര്‍ഷിക സെമിനാര്‍, രണ്ടു ധര്‍ണ്ണ, ഒരു പിക്നിക് എന്ന പ്രവര്‍ത്തനശൈലി പോരാതെ വരും. 4. സഭ ഒരു സ്ഥാപനമെന്നതിനേക്കാള്‍ അഭിഷിക്ത സമൂഹമായി ലോകത്തില്‍ വര്‍ത്തിക്കേണ്ടതുണ്ട്. 5. വിശ്വാസസമൂഹവും അതിന്റെ നേതൃത്വങ്ങളും തമ്മിലുള്ള അകലം എല്ലാ അര്‍ത്ഥത്തിലും ഇനിയും കുറയേണ്ടതുണ്ട്. 6. അല്മായപങ്കാളിത്തം സഭാശുശ്രൂഷകളിലേക്ക് കൂടുതലായി വ്യാപിപ്പിക്കണം. 7. എല്ലാറ്റിനുമുപരിയായി, സാമൂഹ്യശുശ്രൂഷക എന്ന സാമൂഹികപ്രതിച്ഛായ വിട്ടുകളഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സമൂഹമായി സഭ രൂപംമാറണം. പ്രാര്‍ത്ഥനാനിര്‍ഭരമായ ശൈലി ലോകത്തിന് ആവശ്യമുള്ള സേവനങ്ങള്‍ സഭയില്‍ യഥാസമയം രൂപപ്പെടുത്തിക്കൊള്ളും.

പഴയ വണക്കമാസപുസ്തകത്തില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്. “അജ്ഞാനികള്‍, പാപികള്‍, ദുര്‍മ്മതക്കാര്‍ എന്നിവര്‍ മനസ്സുതിരിഞ്ഞ് സത്യസഭയിലേക്ക് വരുവാന്‍ കൃപയുണ്ടാകണമേ.” തെറ്റില്ലാത്ത പ്രാര്‍ത്ഥനയാണിത്. എന്നാലും മറ്റൊരു പ്രാര്‍ത്ഥനയ്ക്കും ഇക്കാലത്ത് പ്രസക്തിയുണ്ട്: “അജ്ഞാനികള്‍, പാപികള്‍, ദുര്‍മ്മതക്കാര്‍ എന്നിവരിലേയ്ക്ക് എത്തുവാന്‍ സത്യസഭയ്ക്കു കൃപ നല്കണമേ!”

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

four × 4 =