Jeevacharithram – Francis Papa

ജീവചരിത്രം – ഫ്രാന്‍സീസ് പാപ്പാ

Rs.140.00

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പാപ്പായുടെ ജീവചരിത്രം. 8 മാസം കൊണ്ട്‌ 60,000 കോപ്പികള്‍. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ ആരെയും പ്രേരിപ്പിക്കുന്ന മനോഹരമായ കൃതി.

Product Description

ബോണ്‍ ആപ്പത്തീത്തോ 

(ഫ്രാന്‍സീസ് പാപ്പായുടെ പുസ്തകത്തില്‍ നിന്ന് പേജ് 46)

സാന്‍ത മാര്‍ത്താ ഭവനം. നേരം പുലരുന്നതേയുള്ളു. ഫ്രാന്‍സീസ് പാപ്പാ മുറിക്ക് പുറത്തേക്ക് വന്നപ്പോള്‍ കണ്ടത് നിശ്ചലനായി നില്‍ക്കുന്ന ഒരു സ്വിസ് ഗാര്‍ഡിനെ.

“രാത്രി മുഴുവന്‍ ഇവിടെ നില്‍ക്കുകയായിരുന്നോ?” മാര്‍പ്പാപ്പാ ചോദിച്ചു.

“അതെ,” ചോദ്യത്തിന്റെ ഉദ്ദേശ്യം പിടികിട്ടാഞ്ഞതിനാല്‍ ആശ്ചര്യത്തോടെ അയാളുടെ മറുപടി.

“മുഴുവന്‍ നേരവും നില്‍ക്കുക തന്നെയായിരുന്നോ?”

“അതേ പിതാവേ. എനിക്ക് മുമ്പുണ്ടായിരുന്ന പട്ടാളക്കാരന്റെ തവണ കഴിഞ്ഞപ്പോള്‍ മുതല്‍.”

“നിന്നു നിന്നു മടുത്തില്ലേ?” മാര്‍പ്പാപ്പാ.

“ഇത് ഞങ്ങളുടെ ജോലിയാണ് പിതാവേ. അങ്ങയുടെ സുരക്ഷിതത്വത്തിനുവേണ്ടി.”

ഫ്രാന്‍സീസ് പിതാവ് അവനെ കരുണാപൂര്‍വ്വം ഒന്നു നോക്കി. എന്നിട്ട് മുറിയിലേക്കു തിരിച്ചുപോയി, ഒരു കസേരയുമായി തിരിച്ചു വന്നു: “ഒന്നിരുന്നു വിശ്രമിക്കുകയെങ്കിലും ചെയ്യ്.”

ഞെട്ടലോടെ ഗാര്‍ഡ്: “പിതാവേ ക്ഷമിക്കണം, എനിക്കതു ചെയ്യാന്‍ പാടില്ല. ഞങ്ങളുടെ നിയമം എന്നെ അതിന് അനുവദിക്കുന്നില്ല.”

“ഏതു നിയമങ്ങള്‍?”

“ഞങ്ങളുടെ ക്യാപ്റ്റന്റെ നിര്‍ദ്ദേശം.”

“ഓ, അങ്ങനെയാണോ?” ഒന്നു പുഞ്ചിരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: “മാര്‍പ്പാപ്പായാണ് പറയുന്നത്. നീ ഇരിക്ക്.”

അവസാനം എന്തു ചെയ്യണമെന്നറിയാതെ അയാള്‍ ഇരുന്നു. പാപ്പാ സ്വന്തം മുറിയിലേക്ക് വീണ്ടും തിരിച്ചുപോയി.

അല്പസമയം കഴിഞ്ഞപ്പോള്‍ പാപ്പാ മടങ്ങിവന്നു. അപ്പോഴും ഗാര്‍ഡ് അനുസരണയോടെ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു. പാപ്പായുടെ കൈയില്‍ ജാം തേച്ച ബ്രഡും കാപ്പിയുമായിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ കാപ്പി അയാള്‍ക്കു കൊടുത്തു കൊണ്ടു പറഞ്ഞു: “രാത്രി ഇത്രയും മണിക്കൂര്‍ തുടര്‍ച്ചയായി നിന്നതല്ലേ? വിശക്കുന്നുണ്ടാവും.”

അയാള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് പാപ്പാ അയാള്‍ക്ക് ഭക്ഷണത്തിനു മുന്‍പുള്ള ഇറ്റാലിയന്‍ ആശംസ നേര്‍ന്നു: “സഹോദരാ, ബോണ്‍ ആപ്പത്തീത്തോ.”

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

thirteen − 2 =