ഫ്രാന്‍സിസ് പാപ്പയുമായുള്ള അഭിമുഖം

14212575_1286994221319717_8468485460940361529_n
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഫ്രാൻസീസ് മാർപാപ്പ ജോർജിയാ, അസർബൈജാൻ എന്നി രാജ്യങ്ങളിലെ  അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി, അസർബൈജാനിലെ ബാക്കുവിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ചു ഒക്ടോബർ രണ്ടിനു  നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

ഈ അഭിമുഖത്തിൽ  ജോർജിയാ, അസർബൈജാൻ, എന്നി രാജ്യങ്ങളിലെ സന്ദർശനം,  വിവാഹം,  വിവാഹമോചനം,  സ്വവര്‍ഗ്ഗ ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാപ്പ മറുപടി നല്‍കി.

ഫ്രാൻസീസ് പാപ്പ : ഗുഡ് ഈവനിംഗ്, നിങ്ങളുടെ സഹായ സഹകരണങ്ങൾക്ക് നന്ദി. മുന്നു ദിവസം മാത്രമുള്ള ഒരു ചെറിയ സന്ദർശനമായിരുന്നെങ്കിലും നിങ്ങൾക്ക് ധാരാളം ജോലികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ സ്ഥാനത്താണ്,  നിങ്ങൾക്ക് ഇഷ്ടമുള്ളത് ചോദിക്കാം.

ജോർജ് ബ്രൂക്കേ: നന്ദി പരിശുദ്ധ പിതാവേ, ആദ്യ ചോദ്യം ജോർജിയിക്ക് പോകുന്നു, ടെലിവിഷൻ അവതാരകനായ കെറ്റവീന്‍ കര്‍ഡവയ്ക്ക്.

കെറ്റവീന്‍ കര്‍ഡവ:  നന്ദി,  പരിശുദ്ധ പിതാവേ, ജോർജിയിലേക്കുള്ള അങ്ങയുടെ ആദ്യ സന്ദർശനത്തിനത്തിന് വളരെയധികം നന്ദി. എന്നെ സംബന്ധിച്ചിടത്തോളം ഈ സന്ദർശനം  റിപ്പോർട്ട് ചെയ്യുക എന്നതും അങ്ങയെ എന്റെ രാജ്യത്തെ അനുഗമിക്കാൻ സാധിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങയുടെ സന്ദേശം ജോർജിയിലെ പൗരന്മാരെയെല്ലാം സ്പർശിച്ചു. ജോര്‍ജ്ജിയന്‍ പാത്രിയര്‍ക്കീസുമൊത്തുള്ള പാപ്പയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ജോര്‍ജ്ജിയയിലെ  കൊച്ചു കത്തോലിക്കാ സമൂഹത്തിന് അങ്ങയുടെ സന്ദര്‍ശനം വളരെ ഉണര്‍വ്വ് നല്‍കിയിരിക്കുന്നു.   ജോര്‍ജ്ജിയന്‍ പാത്രിയര്‍ക്കീസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും തമ്മിൽ ക്രിയാത്മക സംവാദത്തിനും, ഭാവി സഹകരണത്തിനുമുള്ള കാരണങ്ങൾ നിലവിലുള്ള പ്രബോധനങ്ങളുടെ വെളിച്ചത്തിൽ  അങ്ങ് കാണുന്നുണ്ടോ? വിഭജനത്തിന് കാരണമായ ഘടകങ്ങളേക്കാള്‍ യോജിക്കാനുള്ള കാരണങ്ങളാണ് കൂടുതല്‍ എന്ന് അങ്ങ് പറഞ്ഞുകഴിഞ്ഞു.  വളരെയധികം നന്ദി, ഞാൻ അങ്ങയുടെ ഉത്തരം പ്രതീക്ഷിക്കുന്നു.

ഫ്രാന്‍സിസ് പാപ്പ:  ജോർജിയായിൽ എനിക്ക് രണ്ട് വിസ്മയങ്ങൾ ഉണ്ടായിരുന്നു. ഒന്ന്: ജോർജിയായിലെ ജനങ്ങള്‍ ഇത്രമാത്രം സംസ്‌കാരവും,  വിശ്വാസവും  ക്രിസ്തീയതയും ഉള്ളവരാണ്  എന്ന് എനിക്കറിയില്ലായിരുന്നു. വിശ്വസിക്കുന്ന ജനസമൂഹവും, അതിപുരാതനവുമായ ക്രൈസ്തവ സംസ്കാരവും! വളരെയധികം രക്തസാക്ഷികളുള്ള ഒരു ജനത.  എനിക്കറിയാത്ത പലതും ഞാന്‍ കണ്ടെത്തി:  ഇവിടുത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ വിശാലത.

രണ്ടാമത്തെ അത്ഭുതം ഇവിടുത്തെ പാത്രിയര്‍ക്കീസ് ആണ്.  അദ്ദേഹം ഒരു ദൈവീക മനുഷ്യനാണ്. ഈ മനുഷ്യൻ എന്നെ സ്പർശിച്ചു.  ഒരു ദൈവീക മനുഷ്യനെ കണ്ടെത്തിയ ചാരിതാർത്ഥ്യത്തിലാണ് ഞാൻ അവിടെ നിന്ന് പോന്നത്, ശരിക്കും ഒരു ദൈവീക മനുഷ്യൻ.  ഞങ്ങളെ തമ്മിൽ വേർതിരിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ പറയാം: പ്രബോധനപരമായ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങളെ നിർബദ്ധിക്കരുത്, അത് നമുക്ക് ദൈവശാസ്ത്രജ്ഞര്‍ക്ക് വിട്ടുകൊടുക്കാം. നമ്മളെക്കാൾ നന്നായി അവർക്കതറിയാം.  രണ്ട് വശങ്ങളിലുമുള്ള ദൈവശാസ്ത്രജ്ഞമാർ നല്ലവരാണങ്കിൽ, നല്ല മനസ്സുള്ളവരാണങ്കിൽ,  അവർ ചർച്ച ചെയ്യുന്നു.

എന്നാൽ ജനങ്ങൾ എന്താണ് ചെയ്യേണ്ടത്?  പരസ്പരം പ്രാര്‍ത്ഥിക്കുക,  അത് പ്രധാനപ്പെട്ടതാണ്: പ്രാർത്ഥന. രണ്ടാമതായി: കാര്യങ്ങൾ ഒന്നിച്ചു ചെയ്യുക, അവിടെ ദരിദ്രരില്ലേ? നമ്മൾ ദരിദ്രരോടൊന്നിച്ച് ജോലി ചെയ്യും. അവിടെ പല പ്രശ്നങ്ങളും ഉണ്ട്. നമുക്ക്  ഒരുമിച്ച് പ്രവര്‍ത്തിക്കാം.  അവിടെ അഭയാത്ഥികളില്ലേ? നമ്മൾ ഒരുമിച്ചു പ്രവർത്തിക്കും, മറ്റുള്ളവർക്കു വേണ്ടി നല്ല കാര്യങ്ങൾ ഞങ്ങൾ  ഒന്നിച്ചു ചെയ്യും. ഇത് നമുക്ക് ചെയ്യാൻ കഴിയും ഇതാണ് സഭാക്യൈത്തിന്റെ പാത.  അത് പ്രബോധനപരമായ വഴികൾ മാത്രമല്ല. അത് അവസാനത്തേതാണ്, അത് അവസാനം വന്നുകൊള്ളും. പക്ഷ നമ്മൾ ഒരുമിച്ചു നടക്കാൻ ആരംഭിക്കുന്നു. നല്ല മനസ്സുകൊണ്ട് നമുക്കത് ചെയ്യാൻ കഴിയും, നമ്മൾ അത് തീർച്ചയായും ചെയ്യണം. ഒന്നിച്ചു നടന്നു കൊണ്ടും, പരസ്പരം പ്രാർത്ഥിച്ചുകൊണ്ടുമാണ്  ഇന്ന്  എക്യുമെനിസം ജീവിക്കേണ്ടത്. ദൈവശാസ്ത്രജ്ഞന്‍മാര്‍ പരസ്പരം ചർച്ചകൾ തുടരുകയും, കാര്യങ്ങൾ  പരസ്പരം പഠനവിധേയമാക്കുകയും വേണം….. എനിക്കറിയത്തില്ല….. പക്ഷേ ജോർജിയ  അത്ഭുതമാണ്,  ഞാൻ പ്രതീക്ഷിക്കാത്ത ഒരു രാജ്യം, ഒരു ക്രിസ്ത്യൻ രാജ്യം,  അതിന്റെ സത്തയിൽ.

താസിലോ ഫോര്‍ഷീമര്‍ – എആര്‍ഡി/ബിആര്‍ റേഡിയോ:
പരിശുദ്ധ പിതാവേ, അസർബൈജാന്റെ ഭയാനകമായ ചരിത്രത്തിന് മാറ്റം വരുത്താൻ കഴിയുന്നവരുമായി സംസാരിച്ചതിനുശേഷം, എന്താണ് അര്‍മേനിയയ്ക്കും അസര്‍ബൈജാനും ഇടയില്‍  സംഭവിക്കേണ്ടത്,  ശാശ്വതമായ സമാധാനവും മനുഷ്യാവകാശങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി എന്താണ് ചെയ്യേണ്ടത്?  എന്തൊക്കെയാണ് അവിടത്തെ പ്രശ്‌നങ്ങള്‍? പരിശുദ്ധ പിതാവിന് എന്ത് കടമയാണ് ഇതിലുള്ളത്?

ഫ്രാന്‍സീസ് പാപ്പ: ഞാന്‍ രണ്ടു തവണ രണ്ട് സംഭാഷണങ്ങളിലും  ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അവസാനത്തേതിൽ,  മതങ്ങള്‍ക്ക് ഇക്കാര്യങ്ങളിൽ സഹായിക്കാനുള്ള കടമകളെപ്പറ്റി സംസാരിച്ചിരുന്നു. ഒരു വഴി സംവാദത്തിന്റേതാണന്ന്  ഞാൻ വിശ്വസിക്കുന്നു, ആത്മാർത്ഥ പൂർണ്ണമായ രഹസ്യ അജണ്ടകളില്ലാത്ത സംഭാഷണങ്ങൾ. മുഖാമുഖമിരുന്നു കൊണ്ടുള്ള ആത്മാർത്ഥ നിറഞ്ഞ സംഭാഷണങ്ങൾ. ആത്മാർത്ഥത നിറഞ്ഞ കൂടിക്കാഴ്ചകൾ.  ഇതിലേക്ക് എത്തിച്ചേരാൻ സാധിച്ചില്ലങ്കിൽ,  ഉദാഹരണത്തിന്, ഹേഗിലുള്ള അന്തര്‍ദ്ദേശീയ ട്രൈബ്യൂണലില്‍ പോകാന്‍ ധൈര്യമുണ്ടാകണം, ഒരു അന്താരാഷ്ട്ര തീർപ്പിനായി വിട്ടുകൊടുക്കണം. അതല്ലാതെ മറ്റൊരു വഴി ഞാന്‍ കാണുന്നില്ല.  മറ്റൊരു വഴി  യുദ്ധമാണ്. യുദ്ധത്തിന് നാശമല്ലാതെ മറ്റൊന്നും സൃഷ്ടിക്കാന്‍ സാധിക്കുകയില്ല. ക്രൈസ്തവരും  പ്രാര്‍ത്ഥിക്കണം, സമാധാനത്തിനായി പ്രാർത്ഥിക്കണം, ഈ ഹൃദയങ്ങൾ …. സംവാദത്തിന്റെയും കൂടിയാലോചനയുടെയും  വഴി അല്ലങ്കിൽ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പോകാനുള്ള വഴി, പക്ഷേ അവർക്ക് ഇതുപോലുള്ള പ്രശ്നങ്ങൾ ഇല്ല. കൊക്കേഷ്യയിലെ മൂന്ന് രാജ്യങ്ങൾക്കും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചിന്തിക്കുക: ജോര്‍ജ്ജിയയും റഷ്യയുമായി പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. എനിക്ക് കൂടുതലായി അതിനെക്കുറിച്ച് അറിയില്ല, എങ്കിലും അത്  ഗുരുതരമാണ്… അജ്ഞാതമാണെങ്കിലും വളര്‍ന്നു വലുതാകാന്‍ സാധ്യതയുള്ള പ്രശ്‌നം. അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു വഴിയില്ല. പ്രാർത്ഥിക്കുക, സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുക.

മരിയ എലേന റിബസ്സോ/ലാ പ്രസ്സേ: പരിശുദ്ധ പിതാവേ, ഗുഡ് ഈവനിംഗ്‌. ഇന്നലെ താങ്കൾ വിവാഹജീവിതത്തിനെതിരെയുള്ള  “ലോകയുദ്ധം”ത്തെക്കുറിച്ചു സംസാരിച്ചുവല്ലോ, ഈ യുദ്ധത്തിൽ  വിവാഹമോചനത്തിനെതിരെ അങ്ങ് വളരെ ശക്തമായ വാക്കുകളിൽ സംസാരിച്ചുവല്ലോ.  അത് ദൈവത്തിന്റെ പ്രതിച്ഛായ വ്യകൃതമാക്കുമെന്ന് അങ്ങ് പറഞ്ഞു, എന്നാല്‍ കഴിഞ്ഞയിടെ നടന്ന സിനഡില്‍ വിവാഹമോചനം നേടിയവരെ സ്വാഗതം ചെയ്യുണം എന്ന രീതിയിൽ ചർച്ചകൾ നടന്നു. എനിക്കറിയേണ്ടത്  ഈ രണ്ട് സമീപനങ്ങളും യോജിപ്പിലാണോ, ആണങ്കിൽ എങ്ങനെ?

ഫ്രാന്‍സീസ് പാപ്പ:  ശരിയാണ്, എല്ലാം ഞാൻ ഇന്നലെ പറഞ്ഞു, മറ്റു വാക്കുകളിൽ ഇന്നലെ ഞാൻ അമോറിസ് ലെറ്റീഷയിൽ (Joy of Love) ഉള്ള കാര്യങ്ങൾ, മുഷ്ടി ചുരുട്ടി അല്പം ദേഷ്യത്തോടെയാണ് സംസാരിച്ചത്. വിവാഹം സ്ത്രീയും പുരുഷനും ഒന്നാകാൻ  ദൈവം സൃഷ്ടിച്ച‍താണന്നു പറയുമ്പോൾ സ്ത്രീയും പുരുഷും ദൈവത്തിന്റെ പ്രതിച്ഛായയാണ് മനുഷ്യന്റേത് അല്ല. വിവാഹത്തിലൂടെ അവരിരുവരും ഒരു ശരീരമായിത്തീരുന്നു. അതാണ് സത്യം. ഈ സംസ്കാരത്തിലെ കലഹങ്ങളും, ഇക്കാലത്തിലേ തത്വസംഹിതകൾ പോലും:  ഇന്നു ഞാൻ ഇത് ചെയ്യുന്നു, ഞാൻ ഇതു ചെയ്തു ക്ഷീണിക്കുമ്പോൾ മറ്റോന്ന്, പിന്നീട് മൂന്നാമത്തേതിലേക്ക് നീങ്ങുന്നു അതിനു ശേഷം നാലാമത്തതിലേക്ക്, ഇതാണ് താങ്കൾ  പറഞ്ഞുതു പോലെ വിവാഹത്തിനെതിരായ “ലോക യുദ്ധം”. ഈ ആശയങ്ങൾ വിവാഹജീവിതത്തിൽ കയറിപ്പറ്റാതിരിക്കാൻ നമ്മൾ ശ്രദ്ധാലുക്കളായിരിക്കണം. എന്നാൽ ആദ്യമായി വിവാഹം സ്ത്രിയും പുരുഷനും ഒരു ശരീരമാകുന്ന ദൈവത്തിന്റെ പ്രതിച്ഛായ അണ്. അത് നീ നശിപ്പിക്കുമ്പോൾ ദൈവത്തിന്റെ പ്രതിച്ഛായാണ് വികൃതമാക്കുന്നത്.  പിന്നീട്  അമോറിസ് ലെറ്റീഷ ഈ കേസുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്, മുറിവേറ്റ കുടുംബങ്ങളെ എങ്ങനെ ചികത്സിക്കണമെന്ന്, കാരുണ്യവുമായി എങ്ങനെ അവിടെ പ്രവേശിക്കാം  എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.

കഴിഞ്ഞ ആഴ്ചയിൽ നാം പ്രാർത്ഥിച്ച സഭയുടെ മനോഹരമായ ഒരു പ്രാർത്ഥനയുണ്ട്. അത് ഇപ്രകാരമാണ്: പ്രപഞ്ചത്തെ അത്ഭുതകരമായി സൃഷ്ടിച്ച, കാരുണ്യത്താലും   വീണ്ടെടുപ്പിനാലും കൂടുതൽ അത്ഭുതകരമായി പുനസൃഷ്ടിക്കുകയും ചെയ്ത  ദൈവം. മുറിവേറ്റ വിവാഹങ്ങളെ, മുറിവേറ്റ ദമ്പതികളെ ദൈവകാരുണ്യത്തോടെ സമീപിക്കണം.

മനുഷ്യന്റെ ബലഹീനതകൾ എപ്പോഴും ഉണ്ട്. പാപവും നിലനില്‍ക്കുന്നു. ബലഹീനതകള്‍ക്ക് അവസാനവാക്കില്ല.  പാപങ്ങൾക്കും അവസനാവാക്കില്ല. കാരുണ്യത്തിനാണ് അവസാനവാക്ക്. ഞാൻ നിങ്ങളോട് പറഞ്ഞോ എന്നറിയില്ല, ഞാൻ പല തവണ ആവർത്തിച്ചുണ്ട്. എനിക്ക് അത്  പറയാൻ ഇഷ്ടമാണ് … വിശുദ്ധ മരിയ മഗ്ദലേനായുടെ പള്ളിയിൽ – ഞാൻ നിങ്ങളോട് പറഞ്ഞോ? ഇല്ലയോ? – അവിടെ ഒരു മനോഹരമായ ശില്‌പമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ ആണന്നു തോന്നുന്നു. മധ്യകാലഘട്ടങ്ങളിലെ പ്രതിമകൾ മതബോധന ഉപാധികളായിരുന്നു. അതിന്റെ ഒരു ഭാഗത്ത് യൂദാസ് തുറിച്ച കണ്ണുകളും നീട്ടീയ നാവുമായി തൂങ്ങി നിൽക്കുന്നു.  മറുഭാഗത്ത് നല്ല ഇടയനായ ഈശോ യൂദാസിനെ തോളിലെടുത്തു നിൽക്കുന്നു. ഈശോയുടെ മുഖത്ത് സൂക്ഷ്മമായി  ഒന്നു നോക്കിയാൽ  ഒരു തരത്തിൽ അവൻ മ്ലാനവദനനാണ്, മറുവശത്ത് മനസ്സിലാക്കലിന്റെ ഒരു പുഞ്ചിരിയും അവനിൽ കാണാം. അവർ കരുണ എന്തെന്ന് മനസ്സിലാക്കി …. യൂദാസിനോപ്പം.

ഇതിന് അമോറിസ് ലാറ്റീഷ്യയിൽ  വിവാഹത്തെക്കുറിച്ച്, വിവാഹത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് അതായിരിക്കുന്ന രീതിയിൽ …  പ്രശ്നങ്ങൾ വരുമ്പോൾ എങ്ങനെ അവരുടെ കുട്ടികളെ പഠിപ്പിക്കാം …പ്രശ്നങ്ങൾ വരുമ്പോൾ  എങ്ങനെ പരിഹരിക്കാം എന്നു എട്ടാം അധ്യായത്തിൽ  വിവരിക്കുന്നു.  പ്രശ്ന പരിഹാരത്തിന് നാല് മാനദണ്ഡങ്ങളാണ് ഉള്ളത്:  മുറിവേറ്റ കുടുംബങ്ങളെ സ്വാഗതം ചെയ്യുക, വിളിക്കുക, അവരുടെ കൂടെ നടക്കുക, ഓരോ കേസും വ്യക്തമായി വിവേചിച്ചറിയുകയും സംയോജിപ്പിക്കുകയും ചെയ്യുക. അത് വീണ്ടും ചെയ്യുക.  ദൈവം തന്റെ വീണ്ടെടുപ്പിനാൽ പുനർസൃഷ്ടി നടത്തുമ്പോൾ അത്ഭുതകരമായി രണ്ടാമതും ഇത് സാധ്യമാകും.

നിങ്ങൾ അതിന്റെ ഒരു വശം മാത്രം എടുത്താൽ അത് ഫലവത്താകില്ല. അമോറിസ് ലാറ്റീഷ്യയിൽ …. ഞാൻ മനസ്സിലാക്കുന്നു…. അവരെല്ലാം  എട്ടാം അധ്യായത്തിലേക്ക് പോകുന്നു. അങ്ങനെയല്ല ആരംഭം മുതൽ അവസാനം വരെ വായിക്കണം. എവിടെയാണ് കേന്ദ്രം? അത് ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു. എനിക്ക് അമോറീസ് ലാറ്റീഷ്യയുടെ കേന്ദ്രം, അകക്കാമ്പ് അഞ്ചാം അധ്യായമാണ്. സമ്പൂർണ്ണ ജീവിതത്തിനു വേണ്ടിയുള്ള ശുശ്രൂഷ, നിങ്ങൾ എല്ലാം  വായിക്കുകയും, വീണ്ടും വായിക്കുകയും ചർച്ച ചെയ്യുകയും വേണം. അത് ഒരു സമാഹാരമാണ്. പക്ഷേ അവിടെ  പാപമുണ്ട്, അവിടെ ഒരു പിളർപ്പ് ഉണ്ട്, എന്നാലും അവിടെ കാരുണ്യവും രക്ഷയും, സംരക്ഷണവും ഉണ്ട്. ഞാൻ തന്നെ കുടുതൽ വിവരിച്ചല്ലേ, ശരിയല്ലേ?

ജോഷ് മകെല്‍വീ/ നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍: നന്ദി, പരിശുദ്ധ പിതാവേ, ജോര്‍ജ്ജിയയില്‍ അങ്ങ് നടത്തിയ അതേ  പ്രസംഗത്തില്‍ മറ്റു പല രാജ്യങ്ങളിലെയും ലിംഗ നീതിയെക്കുറിച്ച്, അത് വിവാഹത്തിനെതിരായ വലിയ ശത്രുവായും, ഭീഷണിയായും,  അങ്ങ് സംസാരിച്ചിരുന്നു. പക്ഷേ എനിക്ക് ചോദിക്കാനുള്ളത്, വർഷങ്ങളായി ശരിയായ ജീവശാസ്തപരമായ കാരണങ്ങളാൽ തങ്ങളുടെ ലൈംഗീകതയിൽ പ്രശ്നങ്ങൾ നേരിടുന്നവരിൽ  അവന്റെ സ്വഭാവം അവനോ അവളോ അനുഭവിക്കുന്ന ലൈംഗീക അനന്യതയുമായി അനുരൂപപ്പെടുകയില്ല. താങ്കൾ ഒരു ഇടയനും പുരോഹിതനും എന്ന നിലയിൽ ഈ ജനങ്ങളെ എങ്ങനെ അനുഗമിക്കും?

ഫ്രാന്‍സീസ് പാപ്പ: ആദ്യമേ തന്നെ, ഒരു പുരോഹിതനും മെത്രാനുമായുള്ള എന്റെ ജീവിതത്തിൽ, മാർപാപ്പയായി പോലും, സ്വവർഗ്ഗ ലൈംഗീക പ്രവണതയുള്ള ആളുകളെ മനസ്സിലാക്കാൻ ശ്രമിച്ചട്ടുണ്ട്, അവരെ ഞാൻ കണ്ടുമുട്ടിയുണ്ട്, ഒരു അപ്പസ്തോലൻ എന്ന നിലയിൽ അവരെ ഞാൻ അനുഗമിക്കുകയും ദൈവത്തിലേക്ക് അടുപ്പിക്കുകയും ചെയ്തട്ടുണ്ട്. ഒരിക്കലും ഞാൻ അവരെ കയ്യൊഴിഞട്ടില്ല. യേശു കുടെ നടന്നതു പോലെ ജനങ്ങളെ നാം അനുഗമിക്കണം. ഈ പ്രവണതയുള്ള ഒരാൾ യേശുവിന്റെ മുമ്പിൽ വരുകയാണങ്കിൽ നീ ഒരു സ്വവര്‍ഗ്ഗാനുരാഗി ആയതിനാൽ എന്നിൽ നിന്നകന്നു പോകവിൻ എന്ന് യേശു ഒരിക്കലും പറയുകയില്ല.

ജെൻഡർ തീയറി പ്രചരിരിപ്പിക്കാൻ  ഇന്നു നടക്കുന്ന കുടീലതകളെക്കുറിച്ചാണ് ഞാൻ പറഞ്ഞത്…..

ഫ്രഞ്ചുകാരനായ ഒരു പിതാവ് എന്നോടു പറഞ്ഞു. കത്തോലിക്കരായ അവനും അവന്റെ ഭാര്യയും  കുട്ടികളുമായി  സംസാരിക്കുകയായിരുന്നു, പത്തു വയസ്സുള്ള മകനോട് അവൻ ചോദിച്ചു. വലുതാകുമ്പോൾ ആരാകാനാണ് നിനക്ക് ആഗ്രഹം? ഒരു പെൺകുട്ടി! പിതാവിനു മനസ്സിലായി സ്കൂളിൽ അവരെ പഠിപ്പിക്കുന്നത് സ്വഭാവിക കാര്യങ്ങൾക് എതിരായ  ജെൻഡർ തീയറി അണന്ന്. ചില വ്യക്തികൾക്ക് ഈ പ്രവണത ഉണ്ടന്നുള്ളത് ഒരു കാര്യം തന്നെയാണ് ചില അവസരങ്ങളിൽ അവർ ലിംഗഭേദം വരുത്തുന്നു. എന്നാൽ ചിലർ കുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ സ്കൂളുകളിൽ ഇതു പഠിപ്പിക്കുന്നു.  ഇതിനെയാണ്  ആശയപരമായ കോളനിവത്ക്കരണം (ideological colonization) എന്നു ഞാൻ വിളിക്കുന്നത്.

കഴിഞ്ഞ വർഷം സ്പെയിനിൽ നിന്ന് എനിക്ക് ഒരു യുവാവിന്റെ കത്തു ലഭിച്ചു. കുട്ടിക്കാലത്ത് അവൻ ഒരു പെൺകുട്ടിയായിരുന്നു. ഒരു ആൺകുട്ടി ആകാൻ ആഗ്രഹിച്ചതിന്റെ പേരിൽ ഒരു പാടു സഹിച്ച  ഒരു പെൺകുട്ടി. 22 വയസ്സുള്ളപ്പോൾ പെൺകുട്ടി അമ്മയോട്  ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് പറഞ്ഞു. അമ്മ ജീവിച്ചിരിക്കുന്നിടത്തോളം ശസ്ത്രക്രിയ നടത്തരുതെന്ന്  ഉപദേശിച്ചു. അമ്മ മരിച്ചതിനു ശേഷം അവൾ സർജറി നടത്തി. അവളെ ഒത്തിരി സഹായിച്ചിരുന്ന സെപയിനിലെ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഒരിക്കൽ ബിഷപ്പിന്റെ അടുത്തെത്തി. നല്ല ഒരു ബിഷപ്. ഈ മനുഷ്യനു വേണ്ടി  ഞാൻ വളരെയധികം സമയം ചെലവഴിച്ചിട്ടുണ്ട്.  ഈ മനുഷ്യൻ വിവാഹിതനാവുകയും അയാളുടെ സിവിൽ ഐഡൻന്റിറ്റി മാറ്റുകയും ചെയ്തതായി അറിയിച്ചു.  അവന്റെ ഭാര്യയുമായി എന്റെ അടുത്തു വരുന്നത് ഒരു ആശ്വാസമായിരിക്കുമെന്ന്  അവൻ എനിക്ക് എഴുതി. ഞാൻ അവരെ സ്വീകരിച്ചു.  അവരുടെ അയൽപക്കത്ത് എൺപതു കഴിഞ്ഞ ഒരു വൈദീകൻ ഒരു മഠത്തിൽ  ചാപ്ലയിൽ ജോലി നോക്കിയിരുന്നു, അദ്ദേഹത്തിന്റെ  സാന്നിധ്യം അവർക്ക് സന്തോഷം നൽകിയിരുന്നു. പുതിയ വൈദീകൻ വന്നപ്പോൾ  “നി നരകത്തിൽ പോവുകയേയുള്ളു” എന്നു പറഞ്ഞ് അവനോട് അലറുമായിരുന്നു എന്ന് സാക്ഷ്യപ്പെട്ടത്തുന്നു.  പുതിയ വൈദീകൻ അവനെ  കാണുമ്പോൾ പറയുമായിരുന്നു: ‘നി കുമ്പസാരിച്ചട്ട് എത്ര നാളായി? വരിക നിന്നെ ഞാൻ കുമ്പസാരിപ്പിക്കാം പിന്നിട് കുർബാന സ്വീകരിക്കാമല്ലോ?.’ മനസ്സിലായില്ല?

ജീവിതം ജീവിതം തന്നെയാണ്, വരുന്നതു പോലെ കാര്യങ്ങൾ എടുക്കണം. പാപം പാപം തന്നെയാണ്. ശാരീരിക പ്രവണതകൾക്കോ ഹോർമോൺ അസന്തുലിതാവസ്ഥക്കോ പല കാരണങ്ങൾ കണ്ടേക്കാം, എല്ലാം ഒരേ രീതിയിൽ മനസ്സിലാക്കരുത്. എല്ലാ അവസ്ഥയയിലും ഞാൻ അത് സ്വീകരിക്കും, ഞാൻ കൂടെ പോകും, ഞാനത് പഠിക്കും, വിവേചിച്ചറിയും, ഞാനതു മനസ്സിലാക്കും. ഇതാണ് യേശു ഇന്ന് ചെയ്യുന്നത്.

ദയവായി പാപ്പ ലിംഗമാറ്റത്തെ  പവിത്രീകരിച്ചു എന്ന് പറയരുത്. ദയവായി. പത്രങ്ങളുടെ വാർത്തകൾ ഞാൻ കാണാറുണ്ട്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും സംശയമുണ്ടോ? കാര്യങ്ങൾ വ്യക്തമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു ധാർമിക പ്രശ്നമാണ്. ഇത് ദൈവകാരുണ്യത്തിൽ പരിഹരിക്കേണ്ട ഒരു മാനുഷിക പ്രശ്നമാണ്. തുറന്ന ഹൃദയത്തോടെ അമോറിസ് ലിറ്റേഷ്യ വായിച്ചതിനു ശേഷം വിവാഹത്തിന്റെ കാര്യത്തിൽ നാം സംസാരിച്ചതുപോലുള്ള സത്യം. ആ അധ്യായം വായിക്കാൻ മറക്കരുത് അത് മനോഹരമാണ്, വളരെ മനോഹരം

ഗിയാനി കാര്‍ഡിനല്‍/അവനീര്‍: എനിക്ക് ചോദിക്കാനുള്ളത് രണ്ട് ചോദ്യങ്ങളാണ്. ഒന്ന് പൊതുവായതും മറ്റൊന്ന് വ്യക്തിപരവുമാണ്. വ്യക്തിപരമായ ചോദ്യം എന്റെ പേരുമായി ബന്ധമുള്ളതാണ്. എപ്പോഴാണ് പുതിയ കര്‍ദ്ദിനാള്‍മാരെ  തിരഞ്ഞെടുക്കുന്നത് അവരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? രണ്ടാമത്തെ ചോദ്യം, ഒരു ഇറ്റലിക്കാരി എന്ന നിലയിൽ, ഭൂകമ്പത്തിന് ഇരകളായവരെ സന്ദര്‍ശിക്കാന്‍ അങ്ങ് എപ്പോഴാണ് പോകുന്നത്? ഈ യാത്രയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

ഫ്രാന്‍സീസ് പാപ്പ:  രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ആദ്യം നല്‍കാം. സാധ്യമായമായ മൂന്ന് തീയതികള്‍ നിർദേശിച്ചട്ടുണ്ട്. രണ്ട് എണ്ണം ഞാന്‍ ഓർമ്മിക്കുന്നില്ല, മൂന്നാമത്തേത് ഞാൻ ഓർക്കുന്നുണ്ട്. ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ച. ഞാൻ പറഞ്ഞതുപോലെ തിരിച്ചു ചെന്നതിന് ശേഷം തീയതി തീരുമാനിക്കും. മൂന്ന് എണ്ണം ഉണ്ട്, ഞാൻ തെരഞ്ഞെടുക്കണം.  സ്വകാര്യമായി തനിയെ ഒരു പുരോഹിതൻ എന്ന നിലയിൽ, ബിഷപ് എന്ന നിലയിൽ, മാർപാപ്പ എന്ന നിലയിൽ, തനിയെ എനിക്ക് അവരോട് അടുത്ത് ഇടപെടണം. പക്ഷേ അതെങ്ങനെ സാധിക്കുമെന്ന് ഇപ്പോഴും എനിക്ക് അറിയില്ല.

കര്‍ദ്ദിനാള്‍മാരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാം. മാനദണ്ഡം മുമ്പു രണ്ട് തവണ നടന്നു പോലെ തന്നെയായിരിക്കും.  ശരിയാണ് ചിലപ്പോൾ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മുന്നു പേരോ, മറ്റൊന്നിൽ നിന്ന് രണ്ട് എണ്ണമോ, അല്ലങ്കിൽ വേറൊരു ഭാഗത്തുനിന്ന് ഒരാൾ മാത്രമോ. ഒരു രാജ്യത്തു നിന്ന് ഒരാൾ മാത്രമോ ആകാം. പക്ഷേ ഇത് അജ്ഞാതമാണ്. വലിയ ലിസ്റ്റിൽ നിന്ന് പതിമൂന്ന് എണ്ണം. സന്തുലിതാവസ്ഥ എങ്ങനെ പാലിക്കാമെന്ന് നമുക്ക് ചിന്തിക്കണം. പക്ഷേ കർദിനാൾ സംഘത്തിൽ ഒരു സാർവ്വത്രിക സ്വഭാവം നൽകാൻ  എനിക്ക് താൽപര്യമുണ്ട്. യുറോപ്യൻ കേന്ദ്രീകൃതമാണന്നു പറയരുത്. എല്ലായിടത്തു നിന്നും പ്രാതിനിധ്യം. സാധിക്കുമെങ്കിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നും.

കാര്‍ഡിനല്‍:  ഒരു തീയതി ആയിക്കഴിഞ്ഞോ?

ഫ്രാൻസീസ് പാപ്പ: ഇല്ല, ഞങ്ങൾക്കറിയത്തില്ല. ലിസ്റ്റിനെക്കുറിച്ചും തീയതിയെ സംബന്ധിച്ചും എനിക്ക്പഠിക്കണം. ഈ വർഷവസാനമോ, അടുത്ത വർഷാരംഭത്തിലോ നടന്നേക്കാം. ഈ വർഷവസാനം ജൂബിലി വർഷ സമാപനമുണ്ട്. അത് പരിഹരിക്കാവുന്നതേയുള്ളു. അല്ലങ്കിൽ പുതുവർഷത്തിന്റെ ആരംഭത്തിൽ. എന്തായാലും അത് ഉടനെ ഉണ്ടാവും.

ഓറാ വിസ്റ്റാസ് മിഗ്വേല്‍/റേഡിയോ റിനൈസന്‍സ്: പരിശുദ്ധ പിതാവേ, ഗുഡ് ഈവനിംഗ്‌, ഇറ്റലിക്ക് പുറത്ത് മൂന്നു ഭാഗങ്ങളായി  ഷെഡ്യൂൾ ചെയ്തിരിയുന്ന  അങ്ങയുടെ യാത്രകളെക്കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്. ഈ അടുത്ത കാലത്ത് അർജന്റീയൻ ജനതയോട്  അങ്ങ് വളരെ തിരക്കിലാണെന്നും പറഞ്ഞു, ആഫ്രിക്കാ, എഷ്യൻ സന്ദർശനങ്ങളെക്കുറിച്ച് പോലും  അങ്ങ് സൂചിപ്പിച്ചു. എതൊക്കെ രാജ്യങ്ങളാണന്ന് എനിക്കറിയാൻ താത്പര്യമുണ്ട്? കോളംബിയിൽ നിന്നുള്ള എന്റെ ഒരു സഹപ്രവർത്തക അങ്ങയെ അവിടെ പ്രതീക്ഷിക്കുന്നു. തീർച്ചയായും പോർച്ചുഗലിൽ നിന്നുള്ള ഞാൻ അങ്ങയെ എന്റെ രാജ്യത്തും പ്രതീക്ഷിക്കുന്നു. പോർച്ചുഗൽ സന്ദർശനം എന്നായിരിക്കും അത് പന്ത്രണ്ടാമത്തേതോ, പതിമൂന്നാമത്തേതോ, ആയിരിക്കുമോ ലിസ്ബണും, ഫാത്തിമായും?

ഫ്രാന്‍സീസ് പാപ്പ: ഞാൻ പോര്‍ച്ചുഗലില്‍ പോകുന്ന കാര്യം തീർച്ചയാണ്, ഫാത്തിമായിലായിരികും ഞാൻ പോവുക. ജൂബിലി വർഷത്തിൽ ആദ് ലിമിനാ സന്ദർശനങ്ങൾ വേണ്ടാ എന്നു തീരുമാനിച്ചുണ്ട് . ഈ വർഷത്തെ ആദ് ലിമിനാ സന്ദർശനങ്ങൾക്ക് അടുത്ത വർഷം സമയം കണ്ടെത്തണം. അതിനാൽ ഇപ്പോൾ യാത്രകൾക്ക് അല്പം സമയം ഉണ്ട്.

ഞാൻ പോർച്ചുഗലിൽ പോകും.  ഇന്ത്യയിലും ബംഗ്ലാദേശിലും പോകുന്ന കാര്യം ഏറെക്കുറെ നിശ്ചയിച്ചതാണ്. ആഫ്രിക്കയിൽ എവിടെ പോകുമെന്ന കാര്യത്തിൽ തീർച്ചയില്ല . എല്ലാ കാര്യങ്ങളും കാലാവസ്ഥയെയും അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചില സ്ഥലങ്ങളിൽ ആഭ്യന്തര കലാപങ്ങൾ ഉണ്ടല്ലോ. ആഫ്രിക്കയെപ്പറ്റി ചിന്തിക്കാൻ ധാരാളം സാധ്യതകളുണ്ട്. സമാധാന പ്രക്രിയകൾ പുറത്തുവരുകയാണങ്കിൽ അമേരിക്കയിൽ (ലാറ്റീൻ) പോകാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എല്ലാം അടഞ്ഞുകിടക്കുന്നു.  ജനഹിതപരിശോധന വിജയിക്കുകയാണങ്കിൽ, എല്ലാം കാര്യങ്ങളും തികച്ചും നിശ്ചയമാണങ്കിൽ, അവർ അതിൽ നിന്നു പിന്മാറിയിലെങ്കിൽ ഞാൻ പോകും. കാര്യങ്ങൾ അസ്ഥിരമാണങ്കിൽ ഞാൻ പോവുകയില്ല. എല്ലാം ജനങ്ങൾ പറയുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളുടെ പരമധികാരത്തെക്കാൾ, ജനാധിപത്യ രൂപങ്ങളെയാണ് നാം കൂടുതൽ ശ്രദ്ധിക്കുന്നത്, രണ്ടും നമുക്ക് ആവശ്യമാണ്. ഉദാഹരണത്തിന് ചില ഭൂഖണ്ഡങ്ങളിൽ ചില ശീലങ്ങൾ രൂപപ്പെട്ടിട്ടുണ്ട് രണ്ട് തവണ ടേം പൂർത്തിയാകുമ്പോൾ, മൂന്നാമത്തേതു ലഭിക്കാൻ വേണ്ടി  ഭരണഘടന മാറ്റുന്നു. ഇത് ജനാധിപത്യത്തെ, ഭരണഘടനയിലുള്ള  ജനങ്ങളുടെ പരമാധികാരത്തിനെതിരായി, കണക്കിലേറേ വിലമതിക്കലാണ്. സമാധാന നടപടിക്രമങ്ങൾ പൂർത്തീയാക്കുന്നത് ജനങ്ങളടെ ശബ്ദത്തോടെയാണ്. ജനങ്ങൾ ചിന്തിക്കുകയാണങ്കിൽ കാര്യങ്ങൾ നടക്കും .

വിസ്റ്റാസ് മിഗ്വേല്‍:  ഫാത്തിമ പന്ത്രണ്ടാമത്തേത് ആയിരിക്കുമോ ?

ഫ്രാൻസീസ് പാപ്പ :  അതുവരെ പതിമൂന്ന് ആയിരിക്കാം, എനിക്കറിയില്ല.

ജീന്‍ മരിയ ഗുവോനിസ്/ലേ ഫിഗാരോ: നന്ദി പരിശുദ്ധ പിതാവേ, അങ്ങയുടെ യാത്രകളെപ്പറ്റി ഒരു ചോദ്യം, അങ്ങയുടെ ഉത്തരത്തിൽ ചൈനയെക്കുറിച്ച്  ഒന്നും പറഞ്ഞില്ലല്ലോ? ഒരു മാർപാപ്പ എന്ന നിലയിൽ ബെയിംജിങ്ങിലേക്ക് ഒരു ടിക്കറ്റ് എടുക്കാത്തതിനു കാരണം? അത് ചൈനീസ് സഭയുടെ ആഭ്യന്തര പ്രശ്നമാണോ? ചൈനീസ് സഭയും ചൈനീസ് ഗവൺമെന്റും തമ്മിലുള്ള പ്രശ്നങ്ങളാണോ? താങ്കൾ എന്നെ അനുവദിക്കുകയാണങ്കിൽ ഒരു പുതിയ ചോദ്യം ചോദിക്കാനുണ്ട്, കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് റൂവൻ രൂപതയുടെ ആർച്ച് ബിഷപ് ലെബ്റൂൺ ഫാദര്‍ ഹാമേലിന്റെ നാമകരണ നടപടികൾ ആരംഭിക്കാൻ, സാധാരണ അഞ്ചു വർഷത്തെ സമയപരിധിയിൽ ഇളവു കൊടുത്ത്, അങ്ങ് അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചു.  എന്തുകൊണ്ടാണ് ഈ തീരുമാനം? നന്ദി.

ഫ്രാന്‍സീസ് പാപ്പ: രണ്ടാമത്തേതിൽ, ഞാൻ  കര്‍ദ്ദിനാള്‍ ആമാത്തോയുമായി ഞാന്‍ സംസാരിച്ചിരുന്നു, ഞങ്ങൾ അതിനെപ്പറ്റിയുള്ള പഠനം നടത്തിയ ശേഷം, അവസാന വാർത്ത പറയാം.  പക്ഷേ ആവശ്യമായ ഗവേഷണങ്ങൾക്കു ശേഷം നാമകരണ നടപടികളുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ ഉദ്ദേശ്യം.

ഗുവോനിസ്:  അദ്ദേഹം നടപടിക്രമങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു.

ഫ്രാന്‍സീസ് പാപ്പ:  ഇല്ല. നടപടിക്രമങ്ങൾ ആരംഭിക്കാൻ സാക്ഷികളെ കണ്ടെത്തണം. സാക്ഷികൾ ആരും നഷ്ടപ്പെടരുത് അത് പ്രധാനപ്പെട്ട കാര്യമാണ്. ശരിയായ സാക്ഷികൾ അതുകണ്ട ജനങ്ങളാണ്. അല്പം താമസിപ്പിച്ചാൽ ഒരു പക്ഷേ അവരുടെ ഓർമ്മയിൽ നിന്ന് അത് മറയുകയോ, മറ്റേതെങ്കിലും വിധത്തിൽ നഷ്ടപ്പെടുകയോ ചെയ്തേക്കാം.

ചൈനയുടെ കാര്യത്തിൽ,  ചൈനയും സഭയും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് അറിയാവുന്നതാണ്. തദ്ദേശീയ സഭയും, ഒളിവിലുള്ള സഭയും, പക്ഷേ ഞങ്ങൾ അധ്വാനിക്കുന്നു. ഞങ്ങൾ നല്ല ബന്ധത്തിലാണ്. ഞങ്ങൾ പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അതിനുള്ള കമ്മീഷനുകൾ ഉണ്ട്. ഞാൻ ശുഭാപ്തി വിശ്വാസമുള്ളവനാണ്.  ഇപ്പോൾ വത്തിക്കാൻ മ്യൂസിയം  ചൈനയിൽ ഒരു പരിപാടി നടത്തിയിരുന്നു. തിരിച്ച് ചൈന വത്തിക്കാനിൽ ഒരു പരിപാടി നടത്തും. വളരെയധികം പ്രൊഫസർമാർ ചൈനീസ് യൂണിവേഴ്സിറ്റിയിൽ പോകുന്നുണ്ട്. അതിനാൽ ധാരാളം വൈദികർക്കും സിസ്റ്ററ്റേഴ്സിനും നല്ലതുപോലെ അവിടെ ജോലി ചെയ്യാം. വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധം സാവധാനം നല്ല രീതിയിൽ വരുന്നു. ചൈന എന്ന രാജ്യത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട് . രണ്ടു ദിവസങ്ങൾക്ക് മുമ്പ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഒരു കോൺഗ്രസ് ‘അങ്ങേയ്ക്ക് സ്തുതി’ (Laudato Si) യെക്കുറിച്ച് ഉണ്ടായിരുന്നു. ചൈനയുടെ ഒരു പ്രതിനിധിസംഘവും അതിനുണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റ് എനിക്ക് ഒരു സമ്മാനം  കൊടുത്തയച്ചിരുന്നു.

ഗുവോനിസ്:  എന്നാലും ഇതുവരെയും ഒരു സന്ദർശനം ഇല്ലല്ലോ?

ഫ്രാന്‍സീസ് പാപ്പ: ഞാൻ ഇഷ്ടപ്പെടുന്നെങ്കിലും, ഇതുവരെ അതിനെപ്പറ്റി ചിന്തിച്ചട്ടില്ല.

ജുവാന്‍ വിന്‍സെന്റേ ബൂ/ എബിസി: നന്ദി, പരിശുദ്ധ പിതാവേ. ഒക്‌ടോബര്‍ 7 ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കും. മുന്നൂറിലധികം നോമിനേഷന്‍സ് ഉണ്ട്. ഒരു ഉദാഹരണം : ലെസ്ബോസിലെ ജനങ്ങൾ അഭയാർത്ഥികളെ സഹായിക്കാൻ വളരെ കാര്യങ്ങൾ ചെയ്തു. അല്ലങ്കിൽ വൈറ്റ് ഹെൽമറ്റ്സ് ഓഫ് സിറയാ എന്ന സംഘടനാ, അതിന്റെ സന്നദ്ധ പ്രവർത്തകർ സിറിയയിൽ നിന്ന് എകദേശം ആറു ലക്ഷം ജനങ്ങളെ അവരുടെ 130 ജീവൻ നൽകി രക്ഷിച്ചു. സമാധാന ഉടമ്പടി ഒപ്പുവച്ച കോളംബിയൻ പ്രസിഡന്റായ സാന്റോസും FARC യുടെ കമാൻഡർ റ്റീമോചെൻകോ…. അല്ലങ്കിൽ മറ്റാരെങ്കിലും. എന്റെ ചോദ്യം ഇതാണ് ആരാണ് അല്ലങ്കിൽ ഏത് സംഘടനയാണ് അങ്ങയുടെ കാഴ്ചപ്പാടില്‍ അവരുടെ ജോലിയുടെ വെളിച്ചത്തിൽ ഈ അംഗീകാരത്തിന് അര്‍ഹര്‍?

ഫ്രാൻസീസ് പാപ്പ:  കുറെ ആളുകൾ യുദ്ധം ഉണ്ടാക്കാൻ വേണ്ടി ജീവിക്കുന്നു, ആയുധങ്ങൾ വിൽക്കാൻ, കൊല്ലാൻ …. എന്നാൽ സമാധാനത്തിനു വേണ്ടി അധ്വാനിക്കുന്ന നിരവധി ആളുകൾ ഉണ്ട്, നിരവധി. സമാധാനത്തിനു വേണ്ടി അധ്വാനിക്കുന്ന അനേകരിൽ നിന്ന് ഒരാളേ തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്. പല ഗ്രൂപ്പുകളെപ്പറ്റി താങ്കൾ പറഞ്ഞുവല്ലൊ, വേറെയും ഗ്രൂപ്പുകൾ ഉണ്ട്. സമാധാനത്തിന്റെ അവാർഡ് നൽകുമ്പോൾ എപ്പോഴും ഒരു അസ്വസ്ഥതയുണ്ട്.  നോബൽ സമ്മാനത്തിന്റെ കാര്യം ഒരു വശത്ത് നമുക്ക് നിർത്താം.  ബോംബാക്രമണത്തിൽ മരിച്ച കുട്ടികളുടെയും, അംഗഹീനരായവരുടെയും ഓർമ്മ അന്താരാഷ് സമൂഹത്തിനുണ്ടാവണം. അക്രമങ്ങൾ എല്ലാം പാപമാണ്. യേശു ക്രിസ്തുവിനെതിരായ പാപം, പക്ഷേ മാനവരാശി യുദ്ധത്തിനിരയാവരെക്കുറിച്ച് പറയണം. സമാധാനം നിർമ്മിക്കാൻ വേണ്ടി പരിശ്രമിക്കുന്നവരെ, അനുഗ്രഹീതർ എന്നാണ് യേശു മലയിലെ പ്രസംഗത്തിൽ വിളിക്കുന്നത്.  യുദ്ധത്തിന്റെ ബലിയാടുകളായവരെ കുറിച്ച് നമ്മൾ എന്തെങ്കിലും പറയുകയും അവബോധമുള്ളവരാവുകയും വേണം. അവർ സ്കൂൾ നശിപ്പിച്ച്  ആദ്യം കുട്ടികളെ ആശുപത്രിയിൽ എത്തിക്കുന്നു. അതിനു ശേഷം ആശുപത്രി ബോംബിട്ടു നശിപ്പിക്കുന്നു,  കുട്ടികൾ, അവിടെ വച്ചു മരിക്കുന്നു.  ഒരു സ്കൂളിലെ 30-40 കുട്ടികൾ…. ഇതാണ് നമ്മുടെ കാലത്തിന്റെ ദുരന്തം. നന്ദി

ജോണ്‍ ജെറമിയ സള്ളിവന്‍/ ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍:

പരിശുദ്ധ പിതാവേ, അങ്ങേക്ക് അറിയാവുന്നതും പാലെ  അമേരിക്ക നീണ്ട പ്രചരണങ്ങൾക്ക് ശേഷം അടുത്ത പ്രസിഡന്റിനെ  തിരഞ്ഞെടുക്കാൻ തയ്യാറെടുക്കുന്നു. അമേരിക്കയിലെ വളരെയധികം കത്തോലിക്കരും മനസാക്ഷിയുള്ള ജനങ്ങളും രണ്ട് സ്ഥാനാർത്ഥികളിൽ ആരെ തിരഞ്ഞെടുക്കണം എന്ന വിഷമ സന്ധിയിലാണ. ഒരാൾ സഭയുടെ ചില നിലപാടുകളെ എതിർക്കുന്നു, മറ്റേയാൾ മതന്യൂനപക്ഷത്തിനും അഭയാർത്ഥികൾക്കുമെതിരെ ബോധപൂർവ്വം പ്രസ്താവനകൾ ഇറക്കുന്നു. അമേരിക്കയിലുള്ള വിശ്വാസികളെ അങ്ങ്  എങ്ങനെയാണ് ഉപദേശിക്കുക എന്ന് വിജ്ഞാനമാണ് അടുത്ത മാസത്തെ ഇലക്ഷൻ മുമ്പിൽ കണ്ട് പറയാനുള്ളത്?

ഫ്രാൻസീസ് പാപ്പ:  തിരഞ്ഞെടുക്കുന്നതിലെ ബുദ്ധിമുട്ട് എന്ന് താങ്കൾ  ചോദ്യത്തിൽ പറഞ്ഞപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.  താങ്കൾ പറഞ്ഞു പ്രകാരം രണ്ട് വശങ്ങളിലും ബുദ്ധിമുട്ട് ഉണ്ട്. ഇലക്ഷൻ രംഗവുമായി  ബദ്ധപ്പെട്ട് ഒരു വാക്കു പോലും ഞാൻ പറയില്ല. ജനങ്ങളാണ് പരമാധികാരികൾ. ഞാൻ ഒരു കാര്യം മാത്രം പറയുന്നു. വാഗ്ദാനങ്ങൾ ശരിയായി പഠിക്കുക, പ്രാർത്ഥിക്കുക, മനസാക്ഷി അനുസരിച്ച്  തെരഞ്ഞെടുക്കുക. ഈ കാര്യം നമുക്ക് ഉപേക്ഷിക്കാം, കാരണം വളരെ പ്രത്യക്ഷമായ ഈ കാര്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല.

ജോർജ് ബ്രൂക്കേ: നന്ദി പരിശുദ്ധ പിതാവേ, ഇപ്പോൾ കരാളിനേ പിഗോസ്സിക്ക് ഉള്ള സമയമാണ്.

കരാളിനേ പിഗോസ്സി, പാരീസ് മാച്ച്: പരിശുദ്ധ പിതാവേ, ഗുഡ് ഈവനിംങ്ങ്. എനിക്ക് ഈ ചോദ്യം നേരേത്തെ ചോദിക്കാന്‍ സാധിച്ചില്ല. അങ്ങയുടെ അഭിപ്രായത്തില്‍ കഥയുടെ തെളിവ് പാപ്പായുടെ ഇച്ഛയെക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ഒന്നു വിവരിച്ചോട്ടേ, വോയ്റ്റിലാ പാപ്പ  അദ്ദേഹത്തിന്റെ വില്‍പ്പത്രത്തില്‍ എഴുതിയിരുന്നു അദേഹത്തിന്റെ പ്രധാനപ്പെട്ട ഡോക്കുമെന്റുകളും എഴുത്തുകളും കത്തിച്ചു കളയണമെന്ന്, എന്നാല്‍ പിന്നീട് അത് ഒരു പുസ്തകമാക്കി. പാപ്പായുടെ ഇച്ഛയെ നമ്മള്‍ ബഹുമാനിച്ചില്ല എന്നല്ലേ ഇത് അര്‍ത്ഥമാക്കുന്നത്? എന്റെ രണ്ടാമത്തെ ചോദ്യം എളുപ്പമുള്ളതാണ്, താങ്കള്‍ എല്ലാ ആഴ്ചയിലും  അനേകം ആളുകളുമായി ഹസ്തദാനം ചെയ്യുന്നു. എന്നിട്ടും അങ്ങേയുടെ കൈകള്‍ക്ക് സന്ധിവേദനയില്ലേ? അങ്ങ് ഇത് എങ്ങനെ ചെയ്യുന്നു? എന്ത് അത്ഭുതമാണ് ഇതിനു പിന്നില്‍? പ്രസിഡന്റ് ഷിറാക് ഹസ്തദാനം കൊടുക്കുമ്പോള്‍ ഒരു ബാന്‍ഡ് എയ്ഡ് ധരിക്കാറുണ്ട്.  …

ഫ്രാന്‍സീസ് പാപ്പ : ശരിയാണ്. എനിക്ക് സന്ധികള്‍ക്ക് വേദന തോന്നാറില്ല… ആദ്യം നി പറഞ്ഞു,  പാപ്പാ ഡോക്യുമെന്റ്‌സ്  കത്തിക്കാനായി അയച്ചു എന്ന്.  കത്തുകള്‍ അത് ഏതൊരു സ്ത്രിയുടെയും പുരുഷന്റെയും അവകാശമാണ്, അവരുടെ മരണത്തിനുമുമ്പ്  അത് നശിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്…

പിഗോസ്സി:  എന്നാല്‍  വോയ്റ്റിലായെ ബഹുമാനിക്കാതിരുന്നില്ലേ…

ഫ്രാന്‍സീസ് പാപ്പ:  ആരാണ് ബഹുമാനിക്കാതിരുന്നത്, ആരാണ് കുറ്റക്കാര്‍ എന്ന് എനിക്കറിയില്ല. ആ സംഭവം എനിക്ക് വ്യക്തമായി അറിയില്ല.  എന്നാല്‍ ഒരു വ്യക്തി എപ്പോഴെങ്കിലും  ‘ഇത് തീര്‍ച്ചയായും നശിപ്പിക്കേണ്ടതാണ്,’ എന്നു  പറയുമ്പോള്‍, ചില കാര്യങ്ങള്‍ വ്യക്തമാണ്, ഒരു പക്ഷേ ഇതിന്റെ കോപ്പി വേറെ എവിടെയെങ്കിലും കണ്ടേക്കാം. അവന് അത് അറിയാന്‍ സാധിക്കില്ല. എന്നാലും ഒരുവന്‍ ആഗ്രഹിക്കുന്നതു പോലെ അവന്റെ ഇച്ഛ നിറവേറ്റുന്നത്  അവന്റെ അവകാശമാണ്.

പിഗോസ്സി : മാര്‍പാപ്പക്കും! പക്ഷേ അദ്ദേഹത്തെ ബഹുമാനിച്ചില്ല.

ഫ്രാന്‍സീസ് പാപ്പ: പക്ഷേ ധാരാളം വ്യക്തികളുടെ വില്‍പ്പത്രങ്ങള്‍ ബഹുമാനിക്കപ്പെട്ടിട്ടുണ്ട്.

പിഗോസ്സി: ശരിയാണ്, എന്നാലും മാര്‍പാപ്പ കൂടുതല്‍ പ്രാധാന്യമുള്ള വ്യക്തി…

ഫ്രാന്‍സീസ് പാപ്പ: അല്ല. മാര്‍പാപ്പായും മറ്റുള്ളവരെപ്പോലെ ഒരു പാപിയാണ്…

ജോർജ് ബ്രൂക്കേ: പാപ്പാ പറയുന്നു ഒരു ചോദ്യത്തിനുള്ള  അവസരം കൂടി ഉണ്ടെന്ന്. എന്നാൽ എന്റെ ലിസ്റ്റിൽ വേറെ ആരും ഇല്ല. എനിക്ക് പറയാനുള്ളത് വളരെക്കുറച്ച് കത്തോലിക്കർ മാത്രമുള്ള രാജ്യങ്ങളിലേക്ക് അങ്ങ് സന്ദർശനം നടത്തുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് അങ്ങ് ഇന്ന് ഉത്തരം നൽകി എന്നാണ്. ഞങ്ങൾക്ക് ഉത്തരം ഇഷ്ടപ്പെട്ടു. ഇതൊരിക്കലും  താങ്കൾക്ക് സമയനഷ്ടമല്ല എന്നും ഞങ്ങൾ ചിന്തിക്കുന്നു. നമ്മൾ വളരെ ചെറുതും, ഗൗരവമുമായ സന്ദർശനങ്ങൾ നടത്തുന്നു, അങ്ങേക്ക് വേണമെങ്കിൽ ദീർഘമേറിയതും, സ്വസ്ഥവുമായ യാത്രകൾ നമുക്ക് ചെയ്യാം…..

ഫ്രാൻസീസ് പാപ്പാ : അൽബേനിയയിലേക്ക് ഞാൻ നടത്തിയ ആദ്യ യാത്രയ്ക്കു ശേഷം എന്നോടു ചോദിച്ചതാണ്  “എന്തു കൊണ്ട് യൂറോപ്യൻ യൂണിയനിൽ പോലും ഇല്ലാത്ത അൽബേനിയായെ ആദ്യത്തെ യുറോപ്യൻ യാത്രയ്ക്ക് തിരഞ്ഞെടുത്തത്?” പിന്നീട് ഞാൻ സരാജോവാ, ബോസ്നിയ, ഹെർസ്ഗോവിനാ, എന്നി  യുറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത രാജ്യങ്ങൾ സന്ദർശിച്ചു. യുറോപ്യൻ യൂണിയനിൽ ഞാനദ്യം സന്ദർശിച്ചത് ഗ്രീസിലാണ്, ലെസ്ബോസ് ദ്വീപിൻ.

എന്തുകൊണ്ടാണ് ഈ രാജ്യങ്ങളിലേക്ക് യാത്രാ? കൊക്കേഷ്യയിലെ ഈ മൂന്നു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ വത്തിക്കാനിൽ വരുകയും എന്നെ ശക്തമായി ക്ഷണിക്കുകയും ചെയ്തു. മൂന്നീടങ്ങളിലും വ്യത്യസ്തമായ മത മനോഭാവങ്ങളാണ്: അർമേനിയൻ ജനത അവരുടെ അർമേനിയൻ തനിമയിൽ അഭിമാനമുള്ളവരാണ്. അവർക്ക് ചരിത്രമുണ്ട്, വലിയ ഭൂരിപക്ഷം ക്രൈസ്തവരാണ്. അപ്പസ്തോലിക പാരമ്പര്യമുള്ള ക്രൈസ്തവർ, കത്തോലിക്കരും ചെറിയ ശതമാനം ഇവാൻജെലിക്കൽ ക്രൈസ്തവരും അവിടെയുണ്ട്. ജോർജിയ ഒരു ക്രൈസ്തവ രാജ്യമാണ്. പൂർണ്ണമായും ക്രൈസ്തവർ പക്ഷേ ഓർത്തഡോക്‌സ്. കത്തോലിക്കർ ചെറിയ ന്യൂനപക്ഷം.  മുവശത്ത് അസർബൈജാനിൽ  96-97 ശതമാനം മുസ്ലിങ്ങളാണ്. അവിടെ എത്ര ജനങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ല, ഞാൻ പറഞ്ഞത് രണ്ട് മില്യൻ എന്നാണ് പക്ഷേ എനിക്ക് തോന്നുന്നു 20 മില്യൻ ആണന്ന് ശരിയാണോ?

എകദേശം 10, എകദേശം 10 മില്യൻ.

കത്തോലിക്കർ കുടിപ്പോയാൽ 600 പേർ വളരെ കുറച്ച്. എന്തുകൊണ്ട് അവിടെ പോയി?
കത്തോലിക്കർക്ക്, കത്തോലിക്കാ സമൂഹത്തിന്റെ  അതിര് കടന്നു പോവുക. എതാണ് കൃത്യമായ പരിധി,  അത് ചെറുതാണ്. ഇന്നത്തെ ദിവ്യബലിയിൽ ഞാൻ അവരോട് ‘പറഞ്ഞതുപോലെ അവർ ജറുസലേമിൽ സെനക്കളിൽ  പരിശുദ്ധാത്മാവിന്റെ വരവിനു വേണ്ടി മുറിയടച്ചു കാത്തിരുന്ന സമൂഹത്തെ ഓർമിപ്പിക്കുന്നു. ചെറിയ സമൂഹം …. അവർ ഒരു പീഡിത സഭയല്ല. കാരണം അസർബൈജാനിൽ വലിയ മത സാതന്ത്ര്യവും, ബഹുമാനവും ഉണ്ട് … അത് ശരിയാണ്… ഞാനതിന്നത് പ്രസംഗത്തിൽ പറഞ്ഞു.  ഈ മൂന്നു രാജ്യങ്ങളും,  അൽബേനിയാ, ബോസ്നിയാ, ഹെർസഗോവിനഎന്നീ രാജ്യങ്ങളെപ്പോലെ,  പ്രാന്തപ്രദേശത്തുള്ള രാജ്യങ്ങളാണ്. യഥാർത്ഥ്യങ്ങളെ നല്ല രീതിയിൽ മനസ്സിലാക്കാൻ കേന്ദ്രത്തെക്കാൾ അതിർത്തിയാണ് നല്ലത്. അതുകൊണ്ടാണ് ഞാൻ ഈ രാജ്യങ്ങൾ തെരഞ്ഞെടുത്തത്. ഇത് വലിയ രാജ്യങ്ങളായ പോർച്ചുഗൽ, ഫ്രാൻസ് എന്നിവ സന്ദർശിക്കാനുള്ള സാധ്യത എടുത്തുകളയുന്നില്ല. അത് എന്നാണന്ന്  എനിക്കറിയില്ല. നമുക്ക് കാണാം…

നിങ്ങളുടെ അധ്വാനത്തിന് നന്ദി, നമുക്ക് അല്പം വിശ്രമിക്കാം, നല്ല ഒരു ഡിന്നർ കഴിക്കാം, എനിക്കു വേണ്ടി പ്രാർത്ഥിക്കുക.

ജോർജ് ബ്രൂക്കേ:  നന്ദി പരിശുദ്ധ പിതാവേ.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

3 + 5 =