കമ്യൂണിസ്റ്റുകാര്‍ മോഷ്‌ടിച്ച കൊടി

Pope Francis interview ​​by Franca Giansoldati
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

വിവര്‍ത്തനം: ജെ. നാലുപറയില്‍

ഫ്രാന്‍സീസ്‌ പാപ്പായുമായി നടന്ന ഏറ്റവും ഒടുവിലത്തെ അഭിമുഖമാണിത്‌. ജൂണ്‍ 29നാണ്‌ ‘ഇല്‍ മെസാജരോ’ എന്ന പത്രം ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്‌. അഭിമുഖം നടത്തിയത്‌ ഫ്രാന്‍കാ ജാന്‍സൊല്‍ദാത്തി എന്ന പത്രപ്രവര്‍ത്തകയും.

ലോക ഫുട്‌ബോളില്‍ ഇന്നത്തെ കളി ഇറ്റലിയും ഉറുഗ്വായും കൂടിയാണല്ലോ പിതാവ്‌ ആരുടെ കൂടെയാണ്‌?

ആരെയും ഞാന്‍ പിന്തുണയ്‌ക്കുന്നില്ല. ഞാന്‍ നിഷ്‌പക്ഷനായിരിക്കുമെന്ന്‌ ബ്രസീലിന്റെ പ്രസിഡന്റിനോട്‌ നേരത്തെ വാക്കുകൊടുത്തതാണ്‌.

നമുക്ക്‌ റോമിനെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങിയാലോ? 

റോമിനെക്കുറിച്ച്‌ എനിക്കൊന്നുമറിയില്ലെന്ന്‌ താങ്കള്‍ക്കറിയാമല്ലോ? സിസ്റ്റൈന്‍ ചാപ്പല്‍ പോലും ഞാന്‍ ആദ്യമായി കാണുന്നത്‌ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പായെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ വച്ചാണ്‌.

ഇവിടുത്തെ മ്യൂസിയങ്ങളും ഞാന്‍ കണ്ടിട്ടില്ല. റോമില്‍ ഞാന്‍ അനേക തവണ വന്നിട്ടുണ്ടെന്നത്‌ ശരിയാണ്‌. വലിയ മാതാവിന്റെ പള്ളി (Maria Maggiore) എനിക്കു പരിചിതമാണ്‌. കാരണം ഞാന്‍ എല്ലാ പ്രാവശ്യവും അവിടെ പോകാറുണ്ട്‌. പിന്നെ റോമന്‍ മതിലിന്‌ പുറത്തുള്ള വിശുദ്ധ ലോറന്‍സിന്റെ പള്ളിയും യാക്കോബച്ചന്‍ വികാരിയായിരുന്നപ്പോള്‍ ഞാനവിടെ ഒരു സ്ഥൈര്യലേപനത്തിന്‌ പോയിട്ടുണ്ട്‌. നവോന ചത്വരവും എനിക്ക്‌ പരിചിതമാണ്‌. കാരണം ഞാന്‍ അതിനടുത്തുള്ള സ്‌കോര്‍ഫയുടെ വഴിയിലാണ്‌ പതിവായി താമസിച്ചിരുന്നത്‌.

അര്‍ജന്റീനക്കാരന്‍ ബെര്‍ഗോളിയോയില്‍ റോമിന്റെ അംശങ്ങള്‍ എന്തെങ്കിലും ഉണ്ടോ?

അല്‌പംപോലും കാണില്ല. ഞാന്‍ പിയത്‌മോന്റേക്കാരനാണ്‌. എന്റെ പൂര്‍വ്വികര്‍ അവിടെ നിന്നാണ്‌. എന്നിരുന്നാലും ഞാനിപ്പോള്‍ കുറേശ്ശേ റോമാക്കാരനായിക്കൊണ്ടിരിക്കുകയാണ്‌. ഇവിടുത്തെ ഇടവകകളെല്ലാം സന്ദര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. പടിപടിയായി ഞാനീ പട്ടണത്തെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്‌.

ഇത്‌ വളരെ മനോഹരമായൊരു മെട്രോ നഗരമാണ്‌. വലിയ നഗരങ്ങളില്‍ പതിവായ പ്രശ്‌നങ്ങളൊക്കെ ഇവിടെയുമുണ്ട്‌. ആരംഭത്തില്‍ ഇതൊരു ചെറിയ പട്ടണമായിരുന്നു. പില്‌ക്കാലത്താണ്‌ പടിപടിയായി ഇത്‌ വളര്‍ന്ന്‌ വലുതായത്‌. സാംസ്‌ക്കാരിക തലത്തിലും അങ്ങനെ തന്നെയായിരുന്നു റോമിന്റെ വളര്‍ച്ച. മെട്രോ നഗരങ്ങളിലെ അജപാലനത്തെക്കുറിച്ചൊരു കോണ്‍ഫറന്‍സ്‌ ബാര്‍സലോണയില്‍ വച്ച്‌ നടത്തുന്നുണ്ട്‌. വിഭിന്ന സംസ്‌ക്കാരങ്ങള്‍ മഹാനഗരങ്ങളിലെല്ലാം കൂടിക്കലരുന്നുണ്ട്‌. ഇത്തരം പ്രതിഭാസങ്ങളോട്‌ പ്രതികരിക്കാനും സഭ പഠിക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ്‌ റോമിന്റെ മെത്രാനെന്ന സ്ഥാനത്തിന്‌ അങ്ങ്‌ ഏറെ പ്രാധാന്യം കൊടുക്കുന്നത്‌?

ഫ്രാന്‍സീസിന്റെ ഒന്നാമത്തെ ശുശ്രൂഷ റോമിന്റെ മെത്രാന്‍ എന്നതാണ്‌. ക്രിസ്‌തുവിന്റെ വികാരി, ആഗോള സഭയുടെ അജപാലകന്‍ തുടങ്ങിയ മറ്റെല്ലാ സ്ഥാനങ്ങളും റോമിന്റെ മെത്രാനെന്ന സ്ഥാനത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്‌. പത്രോസിന്റെ പ്രാമുഖ്യത്തില്‍ നിന്നും ഉടലെടുക്കുന്നതാണത്‌. നാളെ പാപ്പാ തിവോളിയിലെ മെത്രാനാകാന്‍ തീരുമാനിച്ചാല്‍, ഉറപ്പായിട്ടും മറ്റെല്ലാം അതോടെ നഷ്‌ടമാകും.

നാല്‌പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പോള്‍ ആറാമന്റെ കാലത്ത്‌ റോമിന്റെ തിന്മകളെക്കുറിച്ച്‌ ഒരു കോണ്‍ഫറന്‍സ്‌ നടക്കുകയുണ്ടായി. ഏറ്റവും മുന്തിയതെല്ലാം കൈവശമാക്കിയ സമ്പന്നരുടെയും ഏറ്റവും മോശമായതെല്ലാം അനുഭവിക്കുന്ന നിര്‍ദ്ധനരുടെയും ചരിത്രമായിരുന്നു അന്ന്‌ ഉരുത്തിരിഞ്ഞത്‌.

അങ്ങയുടെ അഭിപ്രായത്തില്‍ ഈ നഗരത്തിന്റെ തിന്മകള്‍ എന്തൊക്കെയാണ്‌?

ബുവനോസ്‌ ഐരേസിലേപ്പോലെ ഒരു മെട്രോ നഗരത്തിന്റേതായ തിന്മകളെല്ലാം ഇവിടെയുമുണ്ട്‌. തങ്ങളുടെ സമ്പത്ത്‌ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന സമ്പന്നരും അനുദിനം കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്ന നിസ്വരും ഇവിടുണ്ട്‌. ഇതെല്ലാം റോമിന്റെയും പ്രശ്‌നങ്ങളാണ്‌.

അങ്ങ്‌ സൂചിപ്പിച്ച കോണ്‍ഫറന്‍സ്‌ നടക്കുമ്പോള്‍ എനിക്ക്‌ 38 വയസ്സേയുള്ളൂ. വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുക്കാത്ത ആദ്യത്തെ പാപ്പായാണ്‌ ഞാന്‍. രണ്ടാം വത്തിക്കാന്‌ ശേഷമുള്ള കാലഘട്ടത്തില്‍ ദൈവശാസ്‌ത്രം പഠിച്ചവനാണ്‌ ഞാന്‍. അന്ന്‌ പോള്‍ ആറാമനായിരുന്നു ഞങ്ങളുടെ വലിയ പ്രകാശം. ‘എവഞ്ചേലി നുന്‍സിയാന്തി’ എന്ന ചാക്രിക ലേഖനത്തിന്റെ പ്രസക്തി എന്റെ അഭിപ്രായത്തില്‍ ഇന്നും നഷ്‌ടമായിട്ടില്ല.

പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ഒരു മൂല്യക്രമമുണ്ടോ?

തീര്‍ച്ചയായും. എല്ലായ്‌പ്പോഴും പൊതുനന്മ സംരക്ഷിക്കുക. ഇതാണ്‌ ഏതൊരു രാഷ്‌ട്രീയ പ്രവര്‍ത്തകന്റെയും ദൈവവിളി. മനുഷ്യജീവിതത്തെയും അതിന്റെ മഹത്വത്തെയും ബഹുമാനിക്കുന്ന വിശാലമായൊരു സങ്കല്‌പമാണിത്‌. ഉപവിയുടെ ഉയര്‍ന്ന രൂപങ്ങളിലൊന്നാണ്‌ രാഷ്‌ട്രീയത്തിന്റെ ദൗത്യമെന്ന്‌ പോള്‍ ആറാമന്‍ പറയാറുണ്ടായിരുന്നു.

അഴിമതിയിലൂടെയും കൈക്കൂലിയിലൂടെയും രാഷ്‌ട്രീയത്തിന്‌ മൂല്യ ശോഷണം സംഭവിച്ചതാണ്‌ ഇന്നത്തെ രാഷ്‌ട്രീയത്തിന്റെ പ്രശ്‌നം. ഇത്‌ ഇറ്റലിയിലെ മാത്രം കാര്യമല്ല. മറിച്ച്‌ ഒരു ആഗോള പ്രതിഭാസമാണിത്‌. പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ ഫ്രഞ്ച്‌ മെത്രാന്‍ സമിതി പുറത്തിറക്കിയ ഒരു രേഖ ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ തലക്കെട്ട്‌ രാഷ്‌ട്രീയത്തെ പുനര്‍ജീവിപ്പിക്കുക എന്നതായിരുന്നു. ശുശ്രൂഷയുടെ മാനം ഇല്ലാതായാല്‍ രാഷ്‌ട്രീയത്തിന്‌ അതിന്റെ സ്വത്വം തന്നെ നഷ്‌ടമാകും.

അഴിമതി ചീഞ്ഞു നാറുമെന്ന്‌ അങ്ങുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. രോഗഗ്രസ്ഥമായ ഹൃദയത്തിന്റെ ഫലമാണ്‌, അല്ലാതെ ബാഹ്യ വ്യവസ്ഥിതികളുടെ ഫലമല്ല സാമൂഹ്യ അഴിമതിയെന്ന്‌ അങ്ങ്‌ പറഞ്ഞിട്ടുണ്ടല്ലോ. ജീര്‍ണ്ണതയു ള്ള ഹൃദയമില്ലെങ്കില്‍ അഴിമതി ഉണ്ടാകില്ലേ? അഴിമതിക്കാര്‍ക്ക്‌ സുഹൃത്തുക്കളുണ്ടാകില്ല, ഉപയോഗമുള്ള വിഢികളെ കാണുള്ളൂ എന്നും അങ്ങു പറഞ്ഞു. ഇതൊന്ന്‌ വിശദീകരിക്കാമോ?

കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കുര്‍ബാന പ്രസംഗങ്ങളില്‍ ഞാന്‍ ഇതുതന്നെയാണ്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌. നാബോത്തിന്റെ മുന്തിരിത്തോട്ടമായിരുന്നു വചനഭാഗം. അഴിമതിക്കാര്‍ക്ക്‌ സുഹൃത്തുകളുണ്ടാകില്ല; മറിച്ച്‌ വെറും പങ്കാളികള്‍ മാത്രം.

അങ്ങയുടെ അഭിപ്രായത്തില്‍ എന്തുകൊണ്ടാണ്‌ അഴിമതിയെക്കുറിച്ച്‌ ഇത്രമാത്രം ചര്‍ച്ച നടക്കുന്നത്‌? മാധ്യമങ്ങളുടെ താല്‌പര്യം കൊണ്ടാണോ? അതോ യഥാര്‍ത്ഥത്തില്‍ ഇത്‌ വ്യാപകമായ വലിയൊരു പ്രശ്‌നമാണോ?

യഥാര്‍ത്ഥത്തില്‍ അഴിമതി ഒരു ആഗോള പ്രതിഭാസമാണ്‌. ജയിലില്‍ പോയ രാഷ്‌ട്രത്തലവന്മാര്‍വരെയുണ്ട്‌. എന്താണിതിന്റെ കാരണമെന്ന്‌ ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്‌.

പല തിന്മകളും വളരുന്നത്‌ ഐതിഹാസികമായ മാറ്റങ്ങളുടെ സമയത്താണെന്നാണ്‌ എന്റെ നിഗമനം. നാമിപ്പോള്‍ ജീവിക്കുന്നത്‌ മാറ്റങ്ങളുടെ കാലത്തല്ല; മറിച്ച്‌ ഒരു കാലഘട്ടത്തിന്റെ തന്നെ മാറ്റത്തിലാണ്‌. സാംസ്‌കാരിക മാറ്റത്തിന്റെ പ്രശ്‌നമാണിത്‌. ഈ സന്ദര്‍ഭത്തില്‍ എല്ലാത്തരം പ്രശ്‌നങ്ങളും ഉടലെടുക്കും. കാലഘട്ടത്തിന്റെ മാറ്റം എല്ലാത്തരം ജീര്‍ണ്ണതയ്‌ക്കും വഴിയൊരുക്കും. ഇത്തരം ജീര്‍ണ്ണതകള്‍ രാഷ്‌ട്രീയത്തില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും സാമൂഹ്യ രംഗത്തും ഉടലെടുക്കാം.

ക്രിസ്‌ത്യാനികള്‍ പോലും ക്രിസ്‌തുസാക്ഷികളായി തിളങ്ങുന്നില്ലല്ലോ?

അഴിമതിക്ക്‌ ജന്മം കൊടുക്കുന്നത്‌ ഒരു പരിസ്ഥിതിയാണ്‌. എല്ലാവരും അഴിമതിക്കാരാണെന്ന്‌ ഞാന്‍ പറയില്ല. എന്നാല്‍ ഇന്ന്‌ സത്യസന്ധരായി രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുക ക്ലേശകരമാണ്‌. ഞാന്‍ പറയുന്നത്‌ ഇറ്റലിയെക്കുറിച്ച്‌ മാത്രമല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സ്ഥിതി ഇതാണ്‌. കാര്യങ്ങള്‍ നേരെയാക്കാന്‍ താല്‌പര്യമുള്ള ചിലര്‍ ചില സമയത്ത്‌ ഉദയം ചെയ്യും. എന്നാല്‍ കുറെ കഴിയുമ്പോള്‍ പല തലങ്ങളിലുള്ള ഈ ജീര്‍ണ്ണതയെന്ന പ്രതിഭാസത്താല്‍ വലയം ചെയ്യപ്പെട്ട്‌ അവര്‍ തന്നെ പ്രതിസന്ധിയിലാകുകയും ചെയ്യും. ഇത്‌ രാഷ്‌ട്രീയത്തിന്റെ സ്വഭാവം കൊണ്ട്‌ സംഭവിക്കുന്നതല്ല. മറിച്ച്‌ കാലഘട്ടത്തിന്റെ മാറ്റത്തില്‍ ഒരുതരം ധാര്‍മിക കുത്തൊഴുക്കിനുള്ള സമ്മര്‍ദ്ദം ഏറിവരുമെന്നതുകൊണ്ടാണ്‌.

ഒരു നഗരത്തിന്റെ ധാര്‍മിക ദാരിദ്ര്യത്തെയാണോ അതോ ഭൗതിക ദാരിദ്ര്യത്തെയാണോ അങ്ങ്‌ കൂടുതല്‍ ഭയപ്പെടുന്നത്‌?

രണ്ടും എന്നെ ഭയപ്പെടുത്തുന്നു. ഉദാഹരണത്തിന്‌ വിശക്കുന്നവനെ അവന്റെ വിശപ്പു മാറുന്നതുവരെ എനിക്കു സഹായിക്കാനാകും. എന്നാല്‍ അവന്‌ ജോലി നഷ്‌ടപ്പെടുകയും പിന്നീട്‌ ഒരു തൊഴില്‍ കണ്ടെത്താനാവാതെ വരുകയും ചെയ്‌താല്‍ അത്‌ ദാരിദ്ര്യമാണ്‌. അവന്റെ ആത്മാഭിമാനം പോലും നഷ്‌ടമാകും. അവന്‌ വേണമെങ്കില്‍ കാരിത്താസില്‍ ചെന്ന്‌ ഒരു പൊതി ഭക്ഷണം നോടാനാവും. എന്നാലും അവന്റെ അഭിമാനത്തെ നശിപ്പിക്കുന്ന ദാരിദ്ര്യം അവനെ പിന്തുടരും. സൗജന്യ ഭക്ഷണം വാങ്ങാന്‍ ഒളിച്ചുപോകുന്ന അനേകരുണ്ടെന്ന്‌ റോമിലെ ഒരു സഹായ മെത്രാന്‍ എന്നോടു പറഞ്ഞു. അതിനു ശേഷം അവര്‍ അപമാനത്തോടെ വീട്ടിലേക്ക്‌ ഭക്ഷണപ്പൊതിയുമായി മടങ്ങുന്നു. അവരുടെ ആത്മാഭിമാനമാണ്‌ പടിപടിയായി തകര്‍ക്കപ്പെടുന്നത്‌; അങ്ങനെ അടിമത്വത്തിന്റെ അവസ്ഥയിലേക്ക്‌ വഴുതി വീഴുകയും ചെയ്യുന്നു.

റോമിന്റെ തെരുവുകളില്‍ 14 വയസ്സുപോലും പ്രായമാകാത്ത ബാലവേശ്യകളെ കാണാനാവും. തെണ്ടുന്ന കുട്ടികളെ മെട്രോയിലും. സഭ ഇപ്പോഴും പുളിമാവാണോ? ഇത്തരം ധാര്‍മിക ജീര്‍ണ്ണതയുടെ മുമ്പില്‍ മെത്രാനെന്ന നിലയില്‍ അങ്ങ്‌ നിസ്സഹായനാണോ?

എനിക്ക്‌ വേദന തോന്നുന്നു; അതികഠിനമായ ഹൃദയവേദന അനുഭവപ്പെടുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്നത്‌ എന്നെ ഏറെ വേദനിപ്പിക്കുന്നു. അര്‍ജന്റീനായിലും ഇതു തന്നെയായിരുന്നു അവസ്ഥ. ലാഭമുള്ള ജോലികള്‍ക്കായി കുട്ടികളെ ഉപയോഗിക്കാറുണ്ട്‌. കുട്ടികളെ ഹോട്ടലുകളില്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ട്‌. ബുവനോസ്‌ ഐരേസിന്റെ തെരുവുക ളില്‍ 12 വയസ്സുപോലും തികയാത്ത പെണ്‍കുട്ടികള്‍ ഉണ്ടെന്ന്‌ ഒരിക്കല്‍ എന്നോട്‌ ഒരാള്‍ പറഞ്ഞു. ഞാനത്‌ അന്വേഷിച്ചു-അത്‌ ശരിയായിരുന്നുതാനും. അത്‌ എന്നെ അസ്വസ്ഥനാക്കി. അതിലും വേദനാജനകമാണ്‌ വിലകൂടിയ വണ്ടികളില്‍ പ്രായമായവര്‍ കുട്ടികളെതേടി പോകുന്നത്‌ കാണുന്നത്‌. അവരുടെ വല്യപ്പന്മാരാകാന്‍ പ്രായമുള്ളവരാണവര്‍. അവര്‍ ഈ കുട്ടികളെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകും. പിന്നീട്‌ 15 പെനോസ്‌ കൊടുത്ത്‌ തിരിച്ചു വിടും.

എന്നെ സംബന്ധിച്ചിടത്തോളം ഇവരെല്ലാം ബാല പീഢകരാണ്‌. ഇത്‌ ലോകത്തിന്റെ പ്രകാശ ഗോപുരമാകേണ്ട റോമിലും സംഭവിക്കുന്നുണ്ട്‌. നല്ല രാഷ്‌ട്രീയത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണിവ.
രാഷ്‌ട്രീയത്തിനു എന്ത്‌ ചെയ്യാനാവും?

നേരിട്ട്‌ തന്നെ ഉത്തരം പറയാം. പ്രശ്‌നം പിടിച്ച സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങളുടെ കൂടെ നടന്നുകൊണ്ടും പ്രശ്‌നങ്ങളില്‍ പുറത്തുകടക്കാന്‍ അവരെ സഹായിച്ചുകൊണ്ടും സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ നമുക്കിതു പരിഹരിക്കാനാവും. ഇന്നത്തെ അവസ്ഥ വിരല്‍ ചൂണ്ടുന്നത്‌ ശരിയായ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ അഭാവത്തിലേക്കാണ്‌.

എന്നിരുന്നാലും സഭ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലോ?

നമ്മളത്‌ തുടരുക തന്നെ വേണം. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കുടുംബങ്ങളെ നമ്മള്‍ സഹായിക്കണം. അതൊരു ഭാരിച്ച ദൗത്യമാണ്‌. പൊതുവായ പരിശ്രമത്തിലൂടെയേ നമുക്കിത്‌ നേടിയെടുക്കാനാവൂ.

റോമില്‍ കൂടുതല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ പള്ളിയില്‍ പോകുന്നില്ല; കുട്ടികളെ മാമ്മോദീസാ മുക്കുന്നില്ല; എന്തിന്‌ പലര്‍ക്കും കുരിശു വരക്കാന്‍ പോലും അറിയില്ല. ഈ പ്രവണത പരിഹരിക്കാനുള്ള മാര്‍ഗ്ഗം എന്താണ്‌?

സഭ ജനങ്ങളെ അന്വേഷിച്ച്‌ തെരുവുകളിലേക്ക്‌ ഇറങ്ങണം; അവരുടെ വീടുകളിലേക്ക്‌ പോകണം. കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. അതിരുകളിലേക്കും പുറമ്പോക്കുകളിലേക്കും സഭ നീങ്ങണം. എല്ലാം കൈനീട്ടി വാങ്ങി സ്വന്തമാക്കുന്ന ഒരു സഭയല്ല; മറിച്ച്‌ എല്ലാം കൊടുക്കുന്ന ഒരു സഭയായി നാം മാറണം.

അതായത്‌ ആടുകളുടെ ചുമലില്‍ ഇടയന്മാര്‍ ഭാരം വയ്‌ക്കരുത്‌…

(ചിരിക്കുന്നു) തീര്‍ച്ചയായും നമ്മള്‍ 10 വര്‍ഷത്തേക്ക്‌ ഒരു പ്രത്യേക ദൗത്യവുമായി മുന്നേറുകയാണ്‌. സാധാരണക്കാരുടെ ഭാരം കൂട്ടരുതെന്ന കാര്യത്തിനു നമുക്ക്‌ നിര്‍ബന്ധമുണ്ടാകണം.

ഇറ്റലിയിലെ താഴുന്ന ജനന നിരക്കിനെ ക്കുറിച്ച്‌ അങ്ങേയ്‌ക്ക്‌ ഉത്‌കണ്‌ഠയുണ്ടോ?

കുട്ടികളുടെ പൊതുവായ സുസ്ഥിതിക്കുവേണ്ടി നാം കൂടുതല്‍ അധ്വാനിക്കണമെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഒരു കുടുംബം തുടങ്ങുകയെന്നു പറഞ്ഞാല്‍ അതൊരു ദീര്‍ഘകാല സമര്‍പ്പണമാണ്‌. ജോലി നഷ്‌ടപ്പെടുമെന്നതു ഭീതിയും വീടിന്റെ വാടക അടക്കാന്‍ പറ്റാതെ വരുമെന്നുള്ള ഉത്‌കണ്‌ഠയും സാധാരണക്കാരനെ മഥിക്കുന്നു. സാമൂഹ്യ സംവിധാനങ്ങളും ഇന്ന്‌ കുടുംബങ്ങളെ സഹായിക്കുന്നില്ല. സ്‌പെയിനിലെപ്പോലെ ഇറ്റലിയിലും താഴ്‌ന്ന ജനനനിരക്കാണ്‌. ഫ്രാന്‍സില്‍ അല്‌പം കൂടെ മെച്ചപ്പെട്ട സ്ഥിതിയാണ്‌. പൊതുവേ യൂറോപ്പില്‍ എല്ലാവരും തന്നെ അമ്മയായി മടുത്തിരിക്കുകയാണെന്നു തോന്നുന്നു; അമ്മൂമ്മയാകുന്നതിലാണ്‌ യൂറോപ്യന്‍സിനു കൂടുതല്‍ താല്‌പര്യം.

സ്വാര്‍ത്ഥതയും സുഖജീവിതവും നിറഞ്ഞ ഒരു സാംസ്‌ക്കാരിക വ്യതിയാനത്തിലുപരി സാമ്പത്തിക പ്രതിസന്ധിയാണ്‌ ഇതിന്റെ പ്രധാന ഘടകം. ഈ കഴിഞ്ഞ ദിവസം ലോകജനതയുടെ ധനവിനിയോഗത്തെക്കുറിച്ചുള്ള ഒരു കണക്ക്‌ വായിച്ചു. ഏറ്റവും കൂടുതല്‍ കാശ്‌ ചിലവാക്കുന്നത്‌ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണത്തിനും വസ്‌ത്രത്തിനും, മരുന്നിനുമാണ്‌. അതിനുശേഷം വരുന്നത്‌ സൗന്ദര്യവര്‍ധക സാധനങ്ങളും വളര്‍ത്തു മൃഗങ്ങളുമാണ്‌.

കുട്ടികളേക്കാള്‍ ഉപരിയായി മൃഗങ്ങളെ ഇവര്‍ തിരഞ്ഞെടുക്കുന്നു?

സാംസ്‌ക്കാരികമായ അധഃപതനത്തിന്റെ മറ്റൊരു അടയാളമാണിത്‌. അതിനു കാരണം മൃഗങ്ങളുമായി വൈകാരിക ബന്ധം ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണെന്നതാണ്‌. ഒരു പരിധിവരെ നമുക്കതിനെ ചിട്ടപ്പെടുത്താനാവും. മൃഗത്തിനു സ്വാതന്ത്ര്യമില്ലല്ലോ. എന്നാല്‍ ഒരു കുട്ടിയെ ജനിപ്പിച്ചു വളര്‍ത്തുകയെന്നു പറഞ്ഞാല്‍ കുറെ കൂടി സങ്കീര്‍ണ്ണമായ കാര്യമാണ്‌.

സുവിശേഷം കുടുതല്‍ സംസാരിക്കുന്നത്‌ ദരിദ്രരോടാണോ? അതോ സമ്പന്നരുടെ മാനസ്സാന്തരത്തിനായി അവരോടാണോ?

സുവിശേഷത്തിന്റെ ഹൃദയത്തില്‍ തന്നെ ദാരിദ്ര്യമുണ്ട്‌. യഥാര്‍ത്ഥ ദാരിദ്ര്യത്തെ മനസ്സിലാക്കാതെ നമുക്ക്‌ സുവിശേഷത്തെ മനസ്സിലാക്കാനാവില്ല. ആത്മാവിന്റെ ദാരിദ്ര്യമെന്നൊരു സുകൃതവുമുണ്ടെ ന്നും നാം മനസ്സിലാക്കണം. ദൈവത്താല്‍ സമ്പന്നനാകാന്‍ വേണ്ടി ദരിദ്രനായിത്തീരുന്നതാണ്‌ ആത്മാവില്‍ ദരിദ്രനാകുക എന്നതിന്റെ അര്‍ത്ഥം.

സുവിശേഷം ദരിദ്രനെയും സമ്പന്നനെയും ഒരുപോലെ അഭിസംബോധന ചെയ്യുന്നുണ്ട്‌. ദാരിദ്ര്യ ത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും സുവിശേഷം സംസാരിക്കുന്നുണ്ട്‌. സമ്പത്തിനെ സുവിശേഷം ശപിക്കുന്നില്ല. മറിച്ച്‌ സമ്പത്തിനെ വിഗ്രഹമാക്കുന്നതിനെയാണ്‌ സുവിശേഷം കുറ്റം വിധിക്കുന്നത്‌. അതായത്‌ പണത്തെ ദൈവമാക്കുന്നതിനെ; പണമെന്ന സ്വര്‍ണ്ണ വിഗ്രഹത്തെയാണ്‌ സുവിശേഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌.

അങ്ങയെ കമ്മ്യൂണിസ്റ്റ്‌ പാപ്പായെന്ന്‌ പലരും വിളിക്കാറുണ്ട്‌. ദരിദ്രനും ജനകീയനുമായ പാപ്പായെന്ന്‌. ‘എക്കോണമിസ്റ്റ്‌’ മാസിക അങ്ങയെ കവര്‍ ചിത്രമാക്കിയപ്പോള്‍ പറഞ്ഞത്‌ അങ്ങ്‌ ലെനിനെപ്പോലെ സംസാരിക്കുന്നുവെന്നാണ്‌. ആ താരതമ്യം ശരിയാണോ?

കമ്മ്യൂണിസ്റ്റുകാര്‍ നമ്മുടെ കൊടി മോഷ്‌ടിച്ചു കൊണ്ടുപോയെന്ന്‌ ഞാന്‍ പറയും. ദരിദ്രരുടെ കൊടി ക്രിസ്‌ത്യാനിയുടേതാണ്‌. ദാരിദ്ര്യം സുവിശേഷത്തിന്റെ ഹൃദയമാണ്‌. ദരിദ്രന്‌ സുവിശേഷത്തിന്റെ ഹൃദയത്തിലാണ്‌ സ്ഥാനം. മത്തായി 25-ാം അധ്യായം വായിച്ചേ. നമ്മള്‍ ഓരോരുത്തരും വിധിക്കപ്പെടുന്നതിന്റെ മാനദണ്ഡമാണ്‌ അവിടെ പറയുന്നത്‌ – എനിക്കു വിശന്നു; ദാഹിച്ചു; ഞാന്‍ രോഗിയായിരുന്നു; നഗ്നനായിരുന്നു; കാരാഗൃഹത്തിലായിരുന്നു…

അല്ലെങ്കില്‍ അഷ്‌ടഭാഗ്യങ്ങള്‍ എടുക്കൂ. കമ്മ്യൂണിസ്റ്റുകാര്‍ പറയും ഇതെല്ലാം കമ്മ്യൂണിസ്റ്റു സംഗതികളാണെന്ന്‌. ശരിയാണ്‌ 20 നൂറ്റാണ്ടിനുശേഷം ഒരുവന്‌ അങ്ങനെ തോന്നാം. എന്നാല്‍ അവരോടു നമുക്ക്‌ പറയാനാവും, നോക്കൂ നിങ്ങള്‍ ക്രിസ്‌ത്യാനികളാണ്‌ (ചിരിക്കുന്നു).

അങ്ങയെ വിമര്‍ശിക്കാന്‍ എന്നെ അനുവദിച്ചാല്‍…?

തീര്‍ച്ചയായും പറഞ്ഞോളൂ.

അങ്ങ്‌ സ്‌ത്രീകളെക്കുറിച്ച്‌ വളരെ കുറച്ചേ സംസാരിക്കാറുള്ളൂ. സംസാരിക്കുമ്പോഴെല്ലാം മാതൃത്വത്തിന്റെയും വധുവിന്റെയും പ്രതീകങ്ങളിലൂടെയുമാണ്‌ അവതരിപ്പിക്കുന്നത്‌. സ്‌ത്രീകള്‍ ഇന്ന്‌ രാജ്യങ്ങള്‍ ഭരിക്കുന്നുണ്ട്‌; കമ്പനികളുടെ തലപ്പത്തും മിലിട്ടറിയിലുമുണ്ട്‌. എന്നാല്‍ സഭയില്‍ അവര്‍ എന്ത്‌ സ്ഥാനമാണ്‌ വഹിക്കുന്നത്‌?

ദൈവിക സൃഷ്‌ടിയുടെ ഏറ്റവും വലിയ സൗന്ദര്യമാണ്‌ സ്‌ത്രീകള്‍. സഭ സ്‌ത്രീയാണ്‌. സഭയെന്ന വാക്കു തന്നെ സ്‌ത്രീലിംഗമാണ്‌ (ഗ്രീക്കില്‍). സ്‌ത്രീ ത്വം ഇല്ലാതെ നമുക്ക്‌ ദൈവിക ദര്‍ശനം തന്നെ വളര്‍ ത്തിയെടുക്കാനാവില്ല. സ്‌ത്രീകളുടെ ദൈവശാസ്‌ത്രത്തിനായി നമ്മള്‍ കൂടുതല്‍ അധ്വാനിക്കേണ്ടിയിരിക്കുന്നു എന്ന കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു. ഞാന്‍ ഇതിനെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്‌. ആ അര്‍ത്ഥത്തില്‍ അത്തരം ജോലി ആരംഭിച്ചു കഴിഞ്ഞു.

ഇതിന്റെ പിറകില്‍ ഒരുതരം സ്‌ത്രീ വിരുദ്ധതയില്ലേ?

ഒരു വാരിയെല്ലില്‍ നിന്നാണ്‌ സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ എന്നതല്ലേ സത്യം (തുറന്നു ചിരിക്കുന്നു). ഞാനൊരു തമാശ പറഞ്ഞതാണ്‌. സ്‌ത്രീകളുടെ വിഷയം നമ്മള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്ന്‌ ഞാന്‍ സമ്മതിക്കുന്നു. അല്ലെങ്കില്‍ സഭയെ മനസ്സിലാക്കുന്നതില്‍ പോലും നാം പരാജയപ്പെടും.

സ്‌ത്രീകളെ വകുപ്പ്‌ നേതാക്കളാക്കുന്നതുപോലെയുള്ള ചരിത്രപരമായ തീരുമാനം അങ്ങയില്‍ നിന്നും പ്രതീക്ഷിക്കാമോ?

(ചിരിക്കുന്നു) പലപ്പോഴും പുരോഹിതര്‍ നിത്യപറഞ്ഞൊപ്പ്‌ കഴിഞ്ഞ സന്യസ്‌തരുടെ കീഴിലാണല്ലോ…

ആഗസ്റ്റില്‍ അങ്ങ്‌ കൊറിയയ്‌ക്കു പോകു കയാണ്‌. ചൈനയിലേക്കുള്ള പ്രവേശന കവാടമാണോ അത്‌? അങ്ങ്‌ ഏഷ്യയെ കേന്ദ്രീകരിക്കുന്നതുപോലെ തോന്നുന്നു?

ആറുമാസത്തിനുള്ളില്‍ രണ്ടുപ്രാവശ്യം ഞാന്‍ ഏഷ്യയിലേക്ക്‌ പോകുന്നുണ്ട്‌. ആഗസ്റ്റില്‍ എഷ്യയിലെ യുവാക്കളെ കാണാന്‍ കൊറിയയിലേക്ക്‌. ജനുവരിയില്‍ ശ്രീലങ്കയിലേക്കും ഫിലിപ്പൈന്‍സിലേക്കും.

ഏഷ്യയിലെ സഭ പ്രത്യാശ പകരുന്നു. കൊറിയ വലിയൊരു പ്രതീകമാണ്‌. വലിയൊരു ചരിത്രം അത്‌ പേറുന്നുണ്ട്‌. രണ്ട്‌ നൂറ്റാണ്ടുകളായി അവിടെ പുരോഹിതരില്ലായിരുന്നു. അല്‌മായരാണ്‌ അവിടുത്തെ കത്തോലിക്കാ വിശ്വാസം ശക്തിപ്പെടുത്തിയത്‌. അവിടെ രക്തസാക്ഷികളും ഉണ്ടായിരുന്നു.

ചൈനയെക്കുറിച്ചു പറഞ്ഞാല്‍ അതൊരു വലിയ സാംസ്‌ക്കാരിക വെല്ലുവിളിയാണ്‌. ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ മത്തേയോ റീച്ചിയുടെ മാതൃക നമ്മുടെ മുമ്പിലുണ്ട്‌. അദ്ദേഹം അവിടെ ഏറെ കാര്യങ്ങള്‍ ചെയ്‌തായിരുന്നു.

ബെര്‍ഗോളിയോയുടെ സഭ എങ്ങോട്ടാണ്‌ നീങ്ങുന്നത്‌?

എനിക്ക്‌ സ്വന്തമായി സഭയൊന്നുമില്ല. അതിന്‌ ദൈവത്തിനു നന്ദി. ഞാന്‍ ക്രിസ്‌തുവിനെ അനുഗമിക്കുന്നു. ഞാന്‍ സഭയൊന്നും സ്ഥാപിച്ചിട്ടില്ല. ബുവനോസ്‌ ഐരേസിലായിരുന്നതില്‍ നിന്നും എന്റെ ശൈലിയും വലുതായി മാറിയിട്ടില്ല. അല്‌പസ്വല്‌പം മാറിക്കാണും. അത്‌ സ്വാഭാവികമാണല്ലോ. എന്നാല്‍ എന്റെ ഈ പ്രായത്തില്‍ വലിയൊരു മാറ്റം വലിയ ബുദ്ധിമുട്ടായിരിക്കും. കര്‍മ പദ്ധതികളെക്കുറിച്ചു പറഞ്ഞാല്‍, കോണ്‍ക്ലേവിനു മുമ്പത്തെ സമ്മേളനത്തില്‍ കര്‍ദിനാളന്മാര്‍ പറഞ്ഞതാണ്‌ ഞാന്‍ പിന്തുടരുന്നത്‌. ആ ദിശയിലാണ്‌ ഞാന്‍ നീങ്ങുന്നത്‌. എട്ടു കര്‍ദ്ദിനാളന്മാരുടെ സംഘത്തിന്‌ രൂപം കൊടുത്തതു തന്നെ അതിന്റെ വെളിച്ചത്തിലാണ്‌.

കൂരിയായുടെ നവീകരണവും ആവശ്യപ്പെട്ടിരുന്നു. അത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. അതിന്‌ സമയം എടുക്കും. അതിനിടയില്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഉണ്ടായെന്നിരിക്കും. മുമ്പ്‌ ഒരു ഡിക്കാസ്റ്ററിയായിരുന്നെങ്കില്‍ ഇപ്പോള്‍ നാലു ഡിക്കാസ്റ്ററികളാണുള്ളത്‌. എന്റെ തീരുമാനങ്ങളൊക്കെ കോണ്‍ക്ലേവിനു മുമ്പുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്റെ ആലോചനകളുടെ ഫലമാണ്‌. ഞാന്‍ ഒറ്റയ്‌ക്ക്‌ ഒന്നും ചെയ്‌തിട്ടില്ല.

അതായത്‌ ഒരു ജനാധിപത്യ രീതി?

കര്‍ദ്ദിനാളന്മാരുടെ തീരുമാനമെന്ന്‌ പറയാം. അതിനെ ജനാധിപത്യമെന്നു വിളിക്കാമോന്ന്‌ എനിക്കറിയില്ല. കര്‍ദ്ദിനാള്‍ സംഘത്തിനു യോജിക്കുന്നില്ലെങ്കില്‍ പോലും മെച്ചപ്പെട്ട പദം സിനഡല്‍ എന്നായിരിക്കും.

പത്രോസ്‌ പൗലോസ്‌ ശ്ലീഹാമാരുടെ തീരുനാളിന്‌ റോമാക്കാര്‍ക്ക്‌ എന്ത്‌ ആശംസയാണ്‌ നേരുന്നത്‌?

അവര്‍ നല്ലവരായി തുടരാനാണ്‌ എന്റെ ആശംസ. റോമാക്കാര്‍ സ്‌നേഹമുള്ളവരാണ്‌. ഞാന്‍ അവരെ എന്റെ ഇടവക സന്ദര്‍ശനങ്ങളിലും, പൊതു സന്ദര്‍ശനങ്ങളിലും കാണാറുണ്ട്‌. ക്ലേശങ്ങള്‍ക്കിടയിലും അവരുടെ സന്തോഷവും, പ്രത്യാശയും, ആത്മവിശ്വാസവും നഷ്‌ടപ്പെടുത്തരുതെന്നാണ്‌ എന്റെ ആശംസ. റോമിന്റെ ഗ്രാമ്യഭാഷപോലും മനോഹരമാണ്‌.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ റോമിന്റെ ഗ്രാമ്യഭാഷയിലെ ചില പ്രയോഗങ്ങള്‍ പഠിച്ചെടുത്തിരുന്നു. അങ്ങോ?

ഇതുവരെ വളരെ കുറച്ചേ പഠിച്ചിട്ടുള്ളൂ. `കമ്പാ, ഫാ കമ്പാ’ എന്നൊക്കെ പറയാന്‍ പഠിച്ചു (ഉറക്കെ ചിരിക്കുന്നു)

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

18 + 3 =