സഭയില്‍ സജീവമാകുന്ന വിപ്ളവം

pope holy mass brazil
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഫ്രാന്‍സീസ് പാപ്പാ ബ്രസീലില്‍ കാലുകുത്തിയത് മുതല്‍ ഉറപ്പുണ്ടായിരുന്നത് ഒരേ ഒരു കാര്യത്തിന് മാത്രമായിരുന്നു- മാറ്റം. കാര്യങ്ങളെല്ലാം ഇത്തവണ വ്യത്യസ്ഥമായിരിക്കും. അടച്ചുപൂട്ടിയ പേപ്പല്‍ മൊബീല്‍ ഇല്ലായിരുന്നു. അതിനു പകരം നമ്മുടെ ഇന്‍ഡിക്കക്ക് സമാനമായൊരു സെഡാന്‍ കാറ്. വഴിതെറ്റിയ ആ പാട്ടവണ്ടി ജനക്കൂട്ടത്തില്‍ കുടുങ്ങിയപ്പോള്‍ പാപ്പാ പരിഭ്രമിച്ച് അസ്വസ്ഥനായില്ല. പകരം, പാപ്പാ കാറിന്റെ ഗ്ലാസ് താഴ്ത്തി ജനങ്ങളുടെ സന്തോഷത്തില്‍ പങ്കാളിയായി…

ചരിത്രത്തിലെ ഏറ്റവും വലിയ പേപ്പല്‍ കുര്‍ബ്ബാനകളില്‍ ഒന്നായിരുന്നു 37 ലക്ഷം യുവജനങ്ങള്‍ പങ്കെടുത്ത കോപ്പകബാന ബീച്ചിലേത്. ഫ്രാന്‍സീസ് പാപ്പായുടെ ജനകീയതയിലും കരിസ്മയിലും സംശയമുണ്ടായിരുന്നവരൊക്കെ അതോടെ അഭിപ്രായം മാറ്റി. ഗാര്‍ഡിയന്‍ പത്രം ഫ്രാന്‍സീസിന്റെ ‘ദിഗ്വിജയം’ എന്നാണ് ബ്രസീല്‍ തീര്‍ത്ഥയാത്രയെ വിശേഷിപ്പിച്ചത്; വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ‘റോക്ക് സ്റ്റാറിന്’ തുല്യമായ വരവേല്‍പ്പ്’ എന്നും. എന്തിന് മുസ്ലീങ്ങളുടെ അല്‍ ജസീറ പോലും പറഞ്ഞത്, ‘അതിശയകരം’ എന്നാണ്.

കോപ്പാകബാന ബീച്ചിലെ കുര്‍ബാനയ്ക്കുശേഷം പാപ്പാ റോമിലേക്ക് തിരിച്ചു. വിമാനം പറന്നുയര്‍ന്നപ്പോള്‍ അദ്ദേഹം സ്വന്തം സീറ്റ് വിട്ട് എഴുന്നേറ്റു. എന്നിട്ട് വിമാനത്തിലുണ്ടായിരുന്ന പത്രക്കാരുടെയിടയിലേക്ക് കടന്നുചെല്ലു – അവരോട് സംസാരിക്കാനും പത്രസമ്മേളനം നടത്താനുമായി. അത് അവരാരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ബ്രസീലിലേക്ക് പോയപ്പോള്‍ പത്രസമ്മേളനത്തിന് ആവശ്യപ്പെട്ടിട്ട് അദ്ദേഹം അതിന് സമ്മതിച്ചില്ലായിരുന്നു. ഇത്തവണ അദ്ദേഹം തയ്യാറായി എന്നു മാത്രമല്ല ഏതു വിഷയത്തെക്കുറിച്ചും എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും കൊടുത്തു. പത്രക്കാര്‍ക്ക് ഇതില്‍പരമൊരു സന്തോഷം എന്താണ് ലഭിക്കാനുള്ളത്!

നിന്ന നില്‍പ്പില്‍ നിന്നുകൊണ്ട് ഏകദേശം ഒന്നര മണിക്കൂര്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മടിയും മറയുമില്ലാതെ മറുപടി കൊടുക്കുക! ഒരാഴ്ച നീണ്ടുനിന്ന വിദേശ പര്യടനത്തിനുശേഷമാണ് 76 കാരനായ പാപ്പാ ഇതിന് തയ്യാറാകുന്നതെന്ന് ഓര്‍ക്കണം. അസാധാരണമായ ഊര്‍ജ്വസ്വലത എന്നല്ലാതെ എന്താണിതിനെ വിശേഷിപ്പിക്കേണ്ടത്!

പറഞ്ഞുപോയതിലെല്ലാം ആരെയും ആകര്‍ഷിക്കുന്ന ആര്‍ജവത്വവും സുതാര്യതയും. സഭയിലെ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു. വനിതാപൗരോഹിത്യം തന്റെ മുന്‍ഗാമി നിഷേധിച്ച കാര്യം അനുസ്മരിപ്പിച്ചു. തുടര്‍ന്നാണ് തിളക്കമുള്ള മുത്തുകള്‍ അദ്ദേഹം എടുത്തു വിതറിയത്. ആദിമ സഭയില്‍ മാതാവിനുള്ള സ്ഥാനമാണ് സ്ത്രീകള്‍ക്ക് സഭയില്‍ ഉള്ളതെന്ന്. മാതാവിന്റെ സ്ഥാനം അപ്പസ്തോലാന്മാരേക്കാളും മുകളിലാണല്ലോ. അതിനാല്‍ പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കും മുകളിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന്. അതുകൊണ്ടുതന്നെ അള്‍ത്താര ശുശ്രൂഷയും, പള്ളിയിലെ വേദപുസ്തക വായനയും, പള്ളി പ്രസ്ഥാനങ്ങളുടെ കമ്മിറ്റികളും കൊണ്ട് ഒതുക്കാനുള്ളതല്ല സഭയിലെ സ്ത്രീകളുടെ പങ്കാളിത്തമെന്ന്. നമുക്കിതു വരെയും നല്ലൊരു സ്ത്രൈണ ദൈവശാസ്ത്രം രൂപപ്പെടുത്താനായിട്ടില്ല. അതിനാല്‍ സന്തുലിതമായൊരു സ്ത്രൈണ ദൈവശാസ്ത്രം ഇന്നിന്റെ ആവശ്യമാണെന്ന്. ഇത് കേട്ട് കൊണ്ടിരിക്കുന്ന സ്ത്രീകള്‍ മാത്രമല്ല, മൂരാച്ചികളായ പുരുഷന്മാരുപോലും ഹൃദയത്തില്‍ സന്തോഷിക്കില്ലേ?

ഏറ്റവും വിപ്ലവാത്മകമായ ആഹ്വാനം സ്വന്തം നാട്ടുകാരോടായിരുന്നു പാപ്പാ നടത്തിയത്. ജൂലൈ 25-ാം തീയതി. മുപ്പത്തിയയ്യായിരത്തോളം വരുന്ന അര്‍ജന്റീനിയന്‍ ചെറുപ്പക്കാരോടായി പാപ്പാ പറഞ്ഞു: “നിങ്ങളുടെ രൂപതകളെയും ഇടവകകളെയും നിങ്ങള്‍ ഇളക്കി മറിക്കണം; അവിടെയൊക്കെ നിങ്ങളുടെ ശബ്ദം ഉയര്‍ന്നു പൊങ്ങണം.” നിര്‍ജീവാവസ്ഥയിലായതിനെയെല്ലാം ഇളക്കി മറിക്കാനും യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടെ സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് നീങ്ങാനുമാണ് അദ്ദേഹം അവരെ ആഹ്വാനം ചെയ്തത്.

സത്യത്തില്‍ ഇപ്പോള്‍ കത്തോലിക്കാ സഭയിലൊരു വിപ്ലവം വളര്‍ന്നു കയറുകയാണ്. വലിയ ഒച്ചപ്പാടില്ലാതെ ഒരു നിശബ്ദ വിപ്ലവം. ടൂണിഷ്യയിലും, ലിബിയയിലും, ഈജിപ്തിലും, സിറിയയിലുമൊക്കെ പടര്‍ന്നു പിടിച്ച അറബ് വസന്തം താഴേത്തട്ടുകളില്‍ നിന്നാണ് തുടങ്ങിയതെങ്കില്‍ കത്തോലിക്കാ സഭയില്‍ സജീവമാകുന്ന പുതിയ വിപ്ലവം മുകളില്‍ നിന്നാണ് ആരംഭിച്ചിരിക്കുന്നത്- മാര്‍പ്പാപ്പായില്‍ നിന്ന് (അദ്ദേഹത്തിന് മുകളില്‍ ഇനി ക്രൂശിതനായ ക്രിസ്തു മാത്രമല്ലേയുള്ളൂ). മാര്‍പ്പാപ്പാ ആഢംബരവും പ്രൗഡിയും ഉപേക്ഷിച്ച് ലളിതജീവിതത്തിലേക്കും ദാരിദ്ര്യത്തിലേക്കും തിരിച്ചു വരുന്നു; താത്വിക ചര്‍ച്ചയും അക്കാദമിക് ഭാഷയും മാറ്റി, ഋജുവും ലളിതവുമായ സാധാരണ മനുഷ്യന്റെ സംഭാഷണത്തിലേക്ക് മടങ്ങി വരുന്നു. കുറ്റപ്പെടുത്തലും വിധി തീര്‍പ്പും ഉച്ചരിക്കാതെ ക്ഷമയും കാരുണ്യവും പങ്കുവച്ചുകൊടുക്കുന്നു. എല്ലാത്തിലും ഉപരിയായി ഉപേക്ഷിക്കപ്പെട്ടവരിലേക്കും, ചെറിയവരിലേക്കും, മുറിവേറ്റവരിലേക്കും, ദരിദ്രരിലേക്കും കടന്നു ചെല്ലുന്നതിനെ പ്രാധാന്യക്രമത്തിന്റെ ഒന്നാം സ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നു.

പരിണത ഫലമോ? നിര്‍ജീവമായിരുന്ന സഭാവേദികളിലൊക്കെ പുത്തനുണര്‍വ് പ്രകടമായിത്തുടങ്ങിയിരിക്കുന്നു. സഭാംഗങ്ങളുടെ ഹൃദയത്തില്‍ വിശ്വാസം പൂര്‍വ്വാധികം ഉജ്ജ്വലിക്കാന്‍ തുടങ്ങിയിരിക്കുന്നു; ജീവിതം കൂടുതല്‍ പ്രത്യാശ നിര്‍ഭരമായിത്തീര്‍ന്നിരിക്കുന്നു. സഭയിലാകമാനം സഭാതനയരുടെ വിശ്വാസത്തിലേക്കും കാഴ്ചപ്പാടിലേക്കും ജീവിതരീതിയിലേക്കും ഈ വിപ്ലവം പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. എന്താണിതിന്റെ ലക്ഷ്യവും മാനദണ്ഡവും. അത് സുവിശേഷത്തിലെ ക്രിസ്തുവല്ലാതെ മറ്റാരുമല്ല; മറ്റൊന്നുമല്ല. സുവിശേഷത്തിലെ യേശുവിലേക്കും അവന്റെ കാഴ്ചപ്പാടുകളിലേക്കുമാണ് ഫ്രാന്‍സീസും അദ്ദേഹം വളര്‍ത്തിവിടുന്ന വിപ്ലവവും സഭയെ നയിച്ചുകൊണ്ടിരിക്കുന്നത്.

ഫ്രാന്‍സീസിന്റെ വിപ്ലവം സഭയ്ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമെന്ന് തോന്നുന്നില്ല. ഇത്തവണത്തെ ഈദ് പെരുന്നാളിന് മുസ്ലിംസഹോദരങ്ങള്‍ക്കായി വ്യക്തിപരമായ സന്ദേശം ഫ്രാന്‍സീസ് എഴുതിയയച്ചു. വിദ്യാഭ്യാസത്തിലൂടെ പരസ്പര ബഹുമാനം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു സന്ദേശത്തിന്റെ ആശയം. ഏതൊരു മനുഷ്യബന്ധത്തിന്റെയും അടിസ്ഥാനം പരസ്പര ബഹുമാനമാണ്. മതപരമായ വഴക്കും കലഹവും വര്‍ധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ ചെറുപ്പക്കാരെയും മുസ്ലീം ചെറുപ്പക്കാരെയും പരസ്പരം ബഹുമാനിക്കാനും സ്നേഹത്തോ ടെയും സഹിഷ്ണുതയോടെയും ജീവിക്കാനും പഠിപ്പിക്കണമെന്നതായിരുന്നു പാപ്പായുടെ സന്ദേശം. സന്തോഷത്തോടെയാണ് മുസ്ലീംസഹോദരങ്ങള്‍ ഫ്രാന്‍സീസ് പാപ്പായേയും അദ്ദേഹത്തിന്റെ ആശംസയേയും സ്വീകരിച്ചത്. ഇത്തരമൊരു സ്വീകാര്യത പാപ്പായ്ക്ക് യൂദസഹോദരങ്ങളും നല്‍കിയിട്ടുണ്ട് എന്നതാണ് സത്യം. ബുവെനോസ് ഐരേസ് മുതല്‍ വത്തിക്കാന്‍ വരെ. എങ്കില്‍ ഉരുത്തിരിയുന്ന സാധ്യത എന്താണ്? ലോകസമാധാനത്തിന് തന്നെ ഭീഷണിയായ പാലസ്തീന്യന്‍-ഇസ്രായേലി സംഘര്‍ഷത്തിന് സമാധാന മധ്യസ്ഥനാകാനുള്ള സാധ്യത.

ടൈം മാസികയുടെ കവറില്‍ ഫ്രാന്‍സീസ് പാപ്പാ ഈയിടെ വന്നു. വാനിറ്റി ഫയര്‍ മാസിക ‘മാന്‍ ഓഫ് ദി ഇയര്‍’ ആയി ഫ്രാന്‍സീസിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു നൂറ്റാണ്ടു കണ്ട മഹത് വ്യക്തികളില്‍ മുമ്പനായിത്തീരാനുള്ള സാധ്യതയിലേക്കാണ് അദ്ദേഹം വളരുന്നത്. ഒപ്പം സഭയേയും സമൂഹത്തെയും കൂടുതല്‍ മനുഷ്യത്വം നിറഞ്ഞതാക്കി മാറ്റാനുള്ള നിശബ്ദ വിപ്ലവത്തിന്റെ വിജയത്തിലേക്കും. കാരണം അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് ക്രൂശിതനെയാണ്. അദ്ദേഹത്തിന്റെ കൂടെ ഉള്ളതും ക്രൂശിതന്‍ തന്നെയാണ്.

 

 

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “സഭയില്‍ സജീവമാകുന്ന വിപ്ളവം

Leave a Reply

Your email address will not be published. Required fields are marked *

two × 1 =