പാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

papa uyarthunna velluvilikal
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഒരു ദിവസം പരിചിതമല്ലാത്ത ഒരു ഫോണ്‍. സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനാണ്. ഒരു അനുവാദം ചോദിക്കാനാണ് വിളിച്ചത്. മാര്‍പ്പാപ്പായുടെ അഭിമുഖത്തിന്റെ ഒരു ഭാഗം ഇടവക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കാനാണ് അനുവാദം. സന്തോഷം തരുന്ന അനുവാദമന്നേ കൊടുത്തു. പിറ്റേ ദിവസവും അദ്ദേഹം തന്നെ വിളിച്ചു. ഇത്തവണ സങ്കടം പറയാനായിരുന്നു. അനുവാദം ലഭിച്ച ഭാഗം ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കാന്‍ വികാരി അച്ചന്‍ അനുവദിച്ചില്ലെന്ന്. ഏതാണ് തിരഞ്ഞെടുത്ത ഭാഗം എന്നറിയാന്‍ എനിക്കു ജിജ്ഞാസയായി. “ഞാന്‍ വിശ്വാസിയാണ് എന്നാല്‍ എന്റെ ദൈവം കത്തോലിക്കനന്ന” എന്നു തുടങ്ങുന്ന ഭാഗമായിരുന്നു അത്.

ഫ്രാന്‍സീസ് പാപ്പായുടെ ജീവിതം സഭയിലാകമാനം ചോദ്യങ്ങളും വെല്ലുവിളികളും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. മെത്രാന്മാരും വൈദികരും ദൈവശാസ്ത്രജ്ഞരുമാണ് ഈ വെല്ലുവിളിയുടെ ഭാരം ഏറിയ പങ്കും അനുഭവിക്കുന്നത്. നമ്മുടെ സഭാകേന്ദ്രത്തിലേക്കു വന്ന മറ്റൊരു ഫോണ്‍വിളി. ഹൃദയാകുലതയുടെ ധര്‍മ്മസങ്കടത്തില്‍പ്പെട്ട ഒരു ഭക്തന്റെ ഫോണ്‍ വിളിയായിരുന്നു അത്. മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജിലെ അഭിമുഖം വായിച്ചിട്ടാണ് വിളിക്കുന്നത്. ‘ഞെട്ടിപ്പിക്കുന്ന മാര്‍പ്പാപ്പാ’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. സത്യത്തില്‍, ലേഖനം അദ്ദേഹത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ ഉത്കണ്ഠ ഇതായിരുന്നു. മതപരിവര്‍ത്തനമല്ല സ്നേഹമാണ് സഭയുടെ ലക്ഷ്യമെന്ന് മാതൃഭൂമി കൊടുത്തിരിക്കുന്നു. അത് ശരിയാണോ? പാപ്പാ അങ്ങിനെ പറഞ്ഞിട്ടുണ്ടോ? പറഞ്ഞെങ്കില്‍ അതിനെ എങ്ങിനെ ന്യായീകരിക്കാനാവും? ഏതൊരു ശരാശരി വിശ്വാസിക്കും ഉണ്ടാകാവുന്ന ഉത്കണ്ഠകളാണിവ. പാപ്പാ ഉപയോഗിച്ചിരിക്കുന്നത് പ്രോസിലറ്റിസം (Proselytism) എന്നതിനു തുല്യമായ ഇറ്റാലിയന്‍ പദമാണ്. അതിന്റെ അര്‍ത്ഥം മതപരിവര്‍ത്തനം എന്നു തന്നെയാണ്. മാതൃഭൂമി പറഞ്ഞതുതന്നെയായിരുന്നു കാരുണികനും കഴിഞ്ഞ ലക്കം വിവര്‍ത്തനത്തില്‍ കൊടുത്തിരുന്നത്. ഫ്രാന്‍സീസ് പാപ്പാ ഇതാണ് പറയുന്നതെങ്കില്‍ ഇതിനെ എങ്ങനെ ന്യായീകരിക്കാനാവും. ക്രൈസ്തവന്റെ ആദിരൂപവും മാതൃകയും ക്രിസ്തുവാണ്. അല്ലാതെ ക്രിസ്തുവിനെ പിന്തുടര്‍ന്ന ഏതെങ്കിലും മാര്‍പ്പാപ്പായോ വിശുദ്ധനോ ദൈവശാസ്ത്രജ്ഞനോ അല്ല. അതിനാല്‍ ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളേയും പ്രവൃത്തികളേയും സുവിശേഷത്തിലെ യേശുവുമായാണ് തട്ടിച്ചു നോക്കേണ്ടത്. യേശുവിന്റെ വാക്കും പ്രവൃത്തിയുമായാണ് അവയെ ഒത്തു നോക്കേണ്ടത്. അങ്ങനെയെങ്കില്‍ ഫ്രാന്‍സീസ് പാപ്പാ മതം മാറ്റത്തിന്റെ കാര്യത്തില്‍ പറയുന്നത് ശരിയാണോ? എന്താണ് ക്രിസ്തു പറഞ്ഞത്? അവന്‍ പ്രഘോഷിച്ചത് മതം മാറ്റമല്ല. മറിച്ച് മനം മാറ്റമാണ്. യേശു പറഞ്ഞു: “സമയം പൂര്‍ത്തിയായിരിക്കുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അതിനാല്‍ നിങ്ങള്‍ മനസ്സു മാറുവിന്‍; ദൈവരാജ്യത്തില്‍ വിശ്വസിക്കുവിന്‍” (മര്‍ക്കോ 1:15). ദൈവരാജ്യത്തിനായി മനസ്സു മാറാനാണ് യേശുവിന്റെ ആഹ്വാനം. എന്താണ് ദൈവരാജ്യം? ദൈവം സകലരുടേയും പിതാവായി ഭരണം നടത്തുന്ന അവസ്ഥയാണ് ദൈവഭരണമെന്ന ദൈവരാജ്യം. ആ രാജ്യത്തില്‍ സകല മനുഷ്യരും ഏകോദരസഹോദരരെന്ന രീതിയില്‍ ദൈവമക്കളായിത്തീരും. അപ്പോള്‍ സ്നേഹമായിരിക്കും ആ രാജ്യത്തെ അടിസ്ഥാന പ്രമാണം. ഇത്തരമൊരു ദൈവരാജ്യത്തിനായി മനസ്സു മാറാനാണ് യേശു ആഹ്വാനം ചെയ്യുന്നത്. അപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ പറയുന്നത് നൂറ്റിയൊന്നു ശതമാനം ക്രിസ്തു പറയുന്നതുമായി ഒത്തു പോകുന്നു മതം മാറ്റമല്ല സഭയുടെ ലക്ഷ്യം; മറിച്ച് സ്നേഹമാണ്. അറിയപ്പെടുന്ന ഒരു ദൈവശാസ്ത്രജ്ഞന്‍. ഏറേക്കാലത്തിനുശേഷം കണ്ടുമുട്ടിയതായിരുന്നു. ഉടനേ തന്നെ സംഭാഷണം ഫ്രാന്‍സീസ് പാപ്പായിലേക്ക് തിരിഞ്ഞു: “ഇതിനു മാത്രം കൊട്ടിഘോഷിക്കാന്‍ എന്താണിരിക്കുന്നത്? സുവിശേഷത്തിലെ സാധാരണ കാര്യങ്ങളല്ലേ പാപ്പാ പറയുന്നുള്ളൂ!” അതു തന്നെയാണ് പ്രശ്നം. ഫ്രാന്‍സീസ് പാപ്പാ സുവിശേഷത്തിലെ ഈശോ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. ഇതിനു മുമ്പുള്ള സഭാ പഠനങ്ങളും അങ്ങനെ തന്നെയായിരുന്നുതാനും. എന്നാല്‍ ഇത്തവണത്തെ പ്രത്യേകത, പറയുന്ന കാര്യങ്ങളിലെ പ്രാധാന്യക്രമം പോലും സുവിശേഷത്തിലേത് പോലെയാകുന്നു എന്നതാണ്. പാപ്പാ പറയുന്നു: “അപ്പോള്‍ ധാര്‍മികവും മതപരവുമായ പ്രമാണങ്ങള്‍ക്ക് മുമ്പേ വരേണ്ടത് ദൈവത്തിന്റെ രക്ഷാകര സ്നേഹത്തിന്റെ പ്രഘോഷണമാണ്. ഇന്ന് ചിലപ്പോഴൊക്കെ സഭയില്‍ ഇതിന് വിപരീതമായ ക്രമമാണ് നടപ്പിലിരിക്കുന്നതെന്ന് തോന്നുന്നു.” അപ്പോള്‍ പ്രാധാന്യക്രമം തന്നെയാണ് പ്രശ്നം. പാപ്പാ തുടരുന്നു: “ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദിമ പ്രഘോഷണം തന്നെയാണ്. അതായത് യേശുക്രിസ്തു നിങ്ങളെ രക്ഷിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്ത.” ഈ പ്രസ്തവനയെ ഒരു ഉദാഹരണത്തിലൂടെയാണ് അദ്ദേഹം വിശദീകരിക്കുന്നത്. “യുദ്ധക്കളത്തില്‍ സ്ഥാപിതമായിരിക്കുന്ന ഒരു ആശുപത്രിയായാണ് ഞാന്‍ സഭയെ കാണുന്നത്. മാരകമായി പരുക്കേറ്റിരിക്കുന്നവനോട്കൊളസ് ട്രോള്‍ കൂടുതലാണോ? ബ്ലഡ് ഷുഗറിന്റെ അളവെത്രയാണ്? എന്നൊക്കെ ചോദിക്കുകയല്ല വേണ്ടത്. അവന്റെ മുറിവുകളെയാണ് നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. മുറിവുണക്കുക, മുറിവുണക്കുക, മുറിവുണക്കുക- ഇതാണ് അടിയന്തരമായി ചേയ്യേണ്ടത്. എങ്കില്‍ ധാര്‍മ്മികവും മതപരവുമായ പ്രമാണങ്ങള്‍ക്ക് മുമ്പേ വരേണ്ടത് ദൈവത്തിന്റെ രക്ഷാകരസ്നേഹത്തിന്റെ പ്രഘോഷണമാണ്.” പ്രാധാന്യക്രമം മാറുന്ന ഈ പുതിയ സാഹചര്യമാണ് പലരേയും അസ്വസ്ഥരാക്കുന്നത്. അതായത് ഏറെക്കാലമായി നമ്മള്‍ ജീവിച്ചുകൊണ്ടുപോരുന്ന നമ്മുടെ ജീവിതത്തിന്റെ പ്രാധാന്യക്രമങ്ങള്‍ മാറ്റണമെന്ന ആവശ്യം ആര്‍ക്കും വെല്ലുവിളിയായി മാറും. ആരുടെ ജീവിതത്തെയും അത് അസ്വസ്ഥമാക്കും. പ്രാധാന്യക്രമത്തില്‍ ആത്മീയാനുഷ്ഠാനങ്ങളേക്കാള്‍ മുമ്പേ വരേണ്ടത് ദരിദ്രരോടുള്ള സ്നേഹവും ദരിദ്രജീവിതവുമാണെണ്ടത് അനേകരുടെ ജീവിതത്തെ കേരളത്തില്‍ പിടിച്ചുലക്കും. തീര്‍ച്ച. ദരിദ്രരാകാതെ സമ്പത്ത് അടിക്കടി വര്‍ദ്ധിപ്പിച്ചുകൊണ്ട് ആത്മീയ പാതയില്‍ മുന്നേറുന്ന സഭയ്ക്കും സഭാനേതാക്കാള്‍ക്കും സന്യാസികള്‍ക്കും പുതിയ പ്രാധാന്യക്രമം ഒരിക്കലും രുചിക്കില്ല. ഒരു സഭാ സമ്മേളനം. ചര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്നുവന്നൊരു നിര്‍ദ്ദേശം “സഭയ്ക്ക് കുറ്റവും കുറവുകളുമുണ്ട്. എന്നാല്‍ അവയൊക്കെ പരസ്യമായി വിളിച്ചുപറഞ്ഞ് തിരുത്താന്‍ ശ്രമിച്ചാല്‍ സഭാ വിരോധികള്‍ സഭയ്ക്കെതിരെ അവയെ എടുത്ത് ഉപയോഗിക്കും.” സ്വന്തം സഭയെ അന്ധമായി സ്നേഹിക്കുന്നവന്റെ ഉത്കണ്ഠയായിരുന്നു അത്. എന്നാല്‍ യേശുവിന്റെ പ്രാധാന്യക്രമത്തില്‍ ഒന്നാമത് വന്നിരുന്നത് ദൈവരാജ്യമായിരുന്നു; സഭ രണ്ടാമതും. ദൈവരാജ്യം സംസ്ഥാപിക്കുകയായിരുന്നു അവന്റെ ജീവിത ലക്ഷ്യം. അതിനുള്ള വഴിയും ഉപകരണവുമായിട്ടാണ് അവന്‍ സഭയ്ക്ക് രൂപം കൊടുത്തത്. അങ്ങനെയെങ്കില്‍ ദൈവരാജ്യമാണ് സഭയുടെയും ലക്ഷ്യം; സഭ അതിനുള്ള മാര്‍ഗം മാത്രമാകുന്നു. ദൈവരാജ്യത്തിന്റെ വേലക്കാരിയും ദൈവരാജ്യത്തിലേക്കുള്ള വഴികാട്ടിയും മാത്രമാണ് സഭ. ഇത്തരമൊരു പ്രാധാന്യക്രമം അനേകം സഭാസ്നേഹികളുടെ ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല. ധാര്‍മിക നിയമങ്ങളേക്കാള്‍ പ്രാധാന്യം മനുഷ്യനും മനുഷ്യസ്നേഹത്തിനുമാണെന്ന് ക്രിസ്തു പറഞ്ഞു: “മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല; മറിച്ച് സാബത്ത് മനുഷ്യനുവേണ്ടിയാണ്” (മര്‍ക്കോ 2:27). സമാനമൊരു പ്രാധാന്യ ക്രമമാണ്, ‘സ്വവര്‍ഗ്ഗാനുരാഗികളെ വിധിക്കാന്‍ ഞാനാരാണ്’ എന്ന ചോദ്യത്തിലൂടെ ഫ്രാന്‍സീസ് പാപ്പാ മുമ്പോട്ട് വയ്ക്കുന്നത്. അനേകര്‍ക്ക് വയറുവേദനയുളവാക്കിയ പ്രസ്താവനയായിരുന്നു അത്. എന്താണ് പരിണതഫലം? ഫ്രാന്‍സീസ് പാപ്പായ്ക്കും അദ്ദേഹത്തിന്റെ പ്രാധാന്യക്രമത്തിനും പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വമായും അല്ലാതെയും കേരള സഭയില്‍ ഉടനീളം നടക്കുന്നുണ്ട്. ‘ഇതിന് എന്താണിത്ര പ്രത്യേകത’ എന്ന് ചോദിച്ച് അവഗണിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിമാന്മാര്‍ മുതല്‍ ഇതെല്ലാം സഭാപാരമ്പര്യങ്ങള്‍ക്ക് എതിരാണെന്ന് രഹസ്യമായി പറഞ്ഞു പരത്തുന്ന ആദ്ധ്യാത്മികര്‍വരെയുണ്ട്. ഇരുകൂട്ടരും ഓര്‍ത്തിരിക്കേണ്ടത് ഒന്നേയുള്ളൂ. മുകളില്‍ നിന്നും കുത്തിയൊഴുകി വരുന്ന ജലപ്രവാഹത്തിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത് മഠയത്തരമാണ് – ലോഡു കയറ്റി വരുന്ന ലോറിയെ മറിച്ചിടാന്‍ മസിലുപിടിക്കുന്ന തവളയുടെ പരിശ്രമം പോലെ അപകടകരമാണത്. അതിനാല്‍ സുവിശേഷ സുകൃതങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

2 thoughts on “പാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

  1. പാപ്പ ഫ്രാൻസിനു മേൽ ഒരു കുറ്റം വീഴുന്നത് കാണാൻ കാത്തിരിക്കുകയാണ് പലരും…

    അദ്ദേഹത്തെ ദൈവം തന്നെ രക്ഷിക്കട്ടെ…

  2. Congra papa. I pray for you everyday.Holy spirit will strengthen you to change the church and become the part of poor

Leave a Reply

Your email address will not be published. Required fields are marked *

10 + 1 =