ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാമോ?

adoration pope francis
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ജൂണ്‍ 2-ാം തീയതി ഞായറാഴ്ച. രാവിലത്തെ മൂന്നു കുര്‍ബാനയും കഴിഞ്ഞുള്ള ഉച്ചഭക്ഷണ സമയം. പള്ളിമേടയിലേക്ക് വടി കുത്തിപ്പിടിച്ച് ഒരു വല്യച്ചന്‍ കടന്നുവന്നു – ഫാ. തലച്ചിറ – കല്ല്യാണ്‍ രൂപതയിലെയും, തൃശ്ശൂര്‍ അതിരൂപതയിലെയും അജപാലനരംഗത്തെ സ്നേഹ സാന്നിധ്യം.

ഊണു കഴിഞ്ഞപ്പോള്‍ ഒരു അഭ്യര്‍ത്ഥന-പാരിഷ് ഹാള്‍വരെ ഒന്നു പോകണം; വധുവരന്മാരെയും ബന്ധുക്കളെയും ഒന്നു കാണണം. അച്ചന്‍ ഒരു കല്യാണത്തില്‍ സംബന്ധിക്കാന്‍ വന്നതായിരുന്നു. കല്ല്യാണം കെട്ടിച്ചതോ, കേരളത്തിന്റെ അജപാലനസൗമ്യതയുടെ ആള്‍രൂപമായ തൂങ്കുഴി പിതാവും.

തലച്ചിറയച്ചന്‍ നടന്ന് നടന്ന് പാരിഷ് ഹാളിന്റെ മുമ്പില്‍ എത്തിയതേ എട്ട്, പത്ത് ചെറുപ്പക്കാര്‍ അച്ചന്റെ ചുറ്റും ഓടിക്കൂടി. അച്ചന്‍ കാര്യം അന്വേഷിച്ചപ്പോള്‍ മറുപടി: “രാവിലെ ഒന്നും കഴിച്ചില്ല; വിശക്കുന്നു; ഒരു ഊണ് തരാന്‍ കല്യാണ സദ്യക്കാരോടു ഒന്ന് ശുപാര്‍ശ ചെയ്യാമോ?”

വിശക്കുന്നവന്‍ നമ്മുടെ തൊട്ടടുത്തു തന്നെയുണ്ട്; പള്ളിയുടെയും പട്ടക്കാരന്റെയും സമീപത്തു തന്നെയുണ്ട്. ദരിദ്രര്‍ അധിവസിക്കുന്ന പുറമ്പോക്കുകളിലേക്ക് പോകണമെന്ന് പറഞ്ഞ ഫ്രാന്‍സീസ് പാപ്പാ തലപ്പത്തിരിക്കുമ്പോഴാണ് നമ്മുടെ പള്ളിപ്പരിസരത്തു തന്നെ ദരിദ്രരും, ഭക്ഷണമില്ലാത്തവരും, രോഗികളും ജീവിച്ചു നില്‍ക്കുന്നത്.

അവസാനത്തെ കുര്‍ബാന രാത്രി 7:30 നായിരുന്നു. തീര്‍ന്നപ്പോള്‍ 8:30. ഉടനെ തന്നെ പൊതു ആരാധന തുടങ്ങി – മാര്‍പ്പാപ്പായോടൊത്തു ചേര്‍ന്നുള്ള ഒരു മണിക്കൂര്‍ ആരാധന. വികാരിയച്ചന്‍ ഡേവിസ് പുലിക്കോട്ടില്‍ തന്നെ നേതൃത്വം കൊടുത്തു. കുര്‍ബാനയ്ക്കു വന്നവരില്‍ ഭൂരിപക്ഷവും ആരാധനയ്ക്കു നിന്നു; അതുകൂടാതെ കുറെ ഏറെപ്പേര്‍ ആരാധനയ്ക്കായി വരുകയും ചെയ്തു. രാത്രി 9:30 വരെ ആരാധിക്കുന്നതിന് തൃശൂര്‍ നഗരത്തിലെ വിശ്വാസികള്‍ക്ക്പോലും അവരുടെ തിരക്കു ഒരു തടസ്സമായില്ല എന്നു സാരം.

എന്നാല്‍, കേരളത്തിലെ എത്ര പള്ളികളില്‍ രാത്രി 8:30 മുതല്‍ 9:30 വരെ ആരാധന നടന്നു? ഇതാണ് ഇവിടത്തെ സഭാ നേതൃത്വം ആത്മശോധനയ്ക്കു വിഷയമാക്കേണ്ട കാര്യം. കേരളത്തിലെ നാലായിരത്തി ഇരുന്നൂറില്‍പരം പള്ളികളില്‍ ഒരേ സമയം ഒരേ കാര്യത്തിനായി ഒരേ ഹൃദയത്തോടെ മാര്‍പ്പാപ്പായോടൊത്ത് ആരാധന നടത്തുന്ന 48 ലക്ഷത്തോളം ജനങ്ങള്‍ ഒരേ സമയം സ്വന്തം വീടുകളിലേക്ക് നടന്നു നീങ്ങിയാലോ? അത്തരമൊരു അവസ്ഥയൊന്നു ചിന്തിച്ചു നോക്കിക്കേ!

ചിലയിടങ്ങളില്‍ സമയം മാറ്റിയെന്നാണ് കേട്ടത്. 8:30 നു പകരം സൗകര്യപ്രദമായ മറ്റൊരു സമയം. ആരുടെ സൗകര്യമെന്നതാണ് പ്രധാന ചോദ്യം. കാരണം, ദൈവ ജനമാണല്ലോ പള്ളിയിലേക്ക് രാത്രിയില്‍ വരേണ്ടത്. അവരുടെ സൗകര്യമാണല്ലോ പ്രധാന കാര്യം. അവരുടെ സൗകര്യമായിരുന്നെങ്കില്‍ അവരോടു ചോദിക്കണമായിരുന്നന്നോ!

മാര്‍പ്പാപ്പാ ആയതിനു ശേഷമുള്ള രണ്ടര മാസത്തിനിടയ്ക്ക് ഫ്രാന്‍സീസ് പാപ്പാ ഒരേ ഒരു കാര്യം മാത്രമേ സഭാതനയരോട് ആവശ്യപ്പെട്ടുള്ളൂ – ഒന്നു പ്രാര്‍ത്ഥിക്കാമോ? എന്റെ കൂടെ? എന്നിട്ടു വിശദീകരിച്ചു. ജൂണ്‍ രണ്ടാം തീയതി റോമന്‍ സമയം വൈകിട്ട് 5 മണിക്ക് മാര്‍പ്പാപ്പാ വത്തിക്കാനില്‍ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും. അതേസമയത്ത് ലോകത്തിലെ എല്ലാ കത്തീഡ്രലുകളിലും ഇടവകപ്പള്ളികളിലും ആരാധന നടത്തണം. തന്നോടൊത്ത് പ്രാര്‍ത്ഥിക്കാമോ എന്നതായിരുന്നു മാര്‍പ്പാപ്പായുടെ അപേക്ഷ. അത്തരമൊരു അപേക്ഷയില്‍ മുഴങ്ങുന്നത് ഗദ്സമേനിയിലെ ഈശോയുടെ യാചന തന്നെയല്ലേ – “ഒരു മണിക്കൂര്‍ നിങ്ങള്‍ എന്നോടുകൂടെ ഉണര്‍ന്നിരിക്കില്ലേ” (മര്‍ക്കോ 14:23, 34).

കൃത്യതയുടെ കാര്യത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയായിരുന്നു മാതൃക. ‘വേദപ്രചാര മധ്യസ്ഥനിലൂടെ മാര്‍പ്പാപ്പായുടെ ആഹ്വാനവും അതിന്റെ തത്തുല്യമായ ഇന്ത്യന്‍ സമയവും ആ സമയത്തു തന്നെ ആരാധന നടത്തണമെന്ന നിര്‍ദ്ദേശവും പെരുന്തോട്ടം പിതാവ് അച്ചന്മാരിലെത്തിച്ചു. ഇതേ രീതിയില്‍ കൃത്യമായ നിര്‍ദ്ദേശം കൊടുത്ത മറ്റു പല രൂപതകളുമുണ്ട്. എന്നിട്ടും കേരളത്തിലെ എത്ര ഇടവകകള്‍ക്ക് മാര്‍പ്പാപ്പായോടൊത്ത് ഒരു മണിക്കൂര്‍ ആരാധിക്കാനുള്ള സന്മനസ്സുണ്ടായി?

ആഴമായ ആത്മീയബോധ്യത്തില്‍ നിന്നാണ് ഫ്രാന്‍സീസ് പാപ്പാ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. മറ്റേതൊരു സഭാമാറ്റത്തിനും സഭാതീരുമാനത്തിനും മുന്‍പ് പ്രാര്‍ത്ഥിക്കാനും കര്‍ത്താവിനോടൊത്ത് ചിലവഴിക്കാനുമുള്ള ആഹ്വാനം. ഇത് അദ്ദേഹത്തിന്റെ പതിവു ശൈലിയില്‍ നിന്നുതന്നെ വന്നതാണ്. ആദ്യം കര്‍ത്താവിനോടൊപ്പം ആയിരിക്കാം; ബാക്കി അതിന്റെ പുറകെ.

പെന്തക്കുസ്താ തിരുന്നാളിന്റെ തലേ ദിവസം സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഒന്ന് ഒന്നരലക്ഷം വരുന്ന ജനസമൂഹത്തോടായി ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു: “സുവിശേഷവത്ക്കരണത്തിനുള്ള ഉത്തരം മൂന്നു വാക്കുകളില്‍ ഒതുക്കാം – ഈശോ, പ്രാര്‍ത്ഥന, ജീവിതസാക്ഷ്യം. ആദ്യത്തെ പദം ഈശോ. ഇവിടെ വന്നപ്പോള്‍ മുതല്‍ ഞാന്‍ കേള്‍ക്കുന്നത് നിങ്ങള്‍ എനിക്ക് കീ ജയ് വിളിക്കുന്നതാണ്. പക്ഷേ എന്റെ ചോദ്യം കര്‍ത്താവ് എവിടെ പോയെന്നാണ്. ഈശോയാണ് പ്രധാനം; ഫ്രാന്‍സീസണ്‍. അതിനാല്‍ യേശുക്രിസ്തുവിന് ജയ് വിളിക്ക്.” ഉടനെ യേശുവിന് ജയ് വിളികള്‍ ഉയര്‍ന്നു.

“രണ്ടാമത്തെ കാര്യം പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയെന്നുവച്ചാല്‍ കര്‍ത്താവിനെ നോക്കിയിരിക്കലാണ്. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഉറങ്ങി പ്പോകാറുണ്ട്.” ആദ്യമായിട്ടായിരിക്കണം. ഒരു മാര്‍പ്പാപ്പാ പ്രാര്‍ത്ഥനക്കിടെ ഉറങ്ങിയ കാര്യം തുറന്നു പറയുന്നത്.

“ചിലപ്പോള്‍ എന്റെ ചിന്ത മാറിപ്പോകും, മറ്റ് പലതും ഓര്‍ത്തിരിക്കും. ഞാനുറങ്ങുമ്പോഴും എനിക്ക് പലവിചാരം വരുമ്പോഴുമെല്ലാം കര്‍ത്താവ് എന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് എനിക്കറിയാം. അതാണ് പ്രാര്‍ത്ഥന – തമ്പുരാന്‍ നമ്മെ നോക്കിയിരിക്കുന്നുണ്ടെന്നുള്ള ഓര്‍മ.”

“മൂന്നാമത്തെ കാര്യം ജീവിത സാക്ഷ്യമാണ്.” എന്നിട്ടദ്ദേഹം ചോദിച്ചു: “നിങ്ങള്‍ ധര്‍മം കൊടുക്കാറുണ്ടോ?”

ഏകസ്വരത്തില്‍ അനേകര്‍ ഉണ്ടെന്ന് പറഞ്ഞു. അതിന് പാപ്പാ അവരെ അഭിനന്ദിച്ചു. എന്നിട്ട് അടുത്ത ചോദ്യം: “നിങ്ങള്‍ ഭിക്ഷ കൊടുക്കുമ്പോള്‍ ധര്‍മ്മക്കാരുടെ കണ്ണില്‍ നിങ്ങള്‍ നോക്കാറുണ്ടോ?”

സമ്പൂര്‍ണ്ണ നിശബ്ദത. കാരണം ആരും നോക്കിയിട്ടില്ല. ഉടനെ അടുത്ത ചോദ്യം: “ഭിക്ഷ കൊടുക്കുമ്പോള്‍ ധര്‍മ്മക്കാരന്റെ കൈയ്യേല്‍ നിങ്ങള്‍ തൊടാറുണ്ടോ?”

വീണ്ടും നിശബ്ദത. ഉടനെ അടുത്ത പ്രസ്താവന. “നിങ്ങള്‍ തൊടാന്‍ മറന്നുപോകുന്ന ധര്‍മ്മക്കാരന്റെ കരം കര്‍ത്താവീശോമിശിഹായുടെ ശരീരമാണ്.”

ഇതാണ് ജീവിതസാക്ഷ്യം – ധര്‍മ്മക്കാരന്റെ കണ്ണില്‍ നോക്കലും, കാരുണ്യം കാട്ടലും, കരസ്പര്‍ശവുമൊക്കെ. ഇതു തന്നെയാണ് സുവിശേഷവത്ക്കരണത്തിനുള്ള വഴിയും.

അതില്‍ ഒന്നാമത്തേതിലേക്കും രണ്ടാമത്തേതിലേക്കും സഭാസമൂഹത്തെയാകെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു മാര്‍പ്പാപ്പ ജൂണ്‍ രണ്ടാം തീയതി നടത്തിയത്- തന്നോടുകൂടെ ഒരു മണിക്കൂര്‍ ആരാധിക്കാനുള്ള ആഹ്വാനത്തിലൂടെ. എന്നിട്ടും നമ്മുടെ എത്ര പള്ളികളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ ആരാധന നടന്നു?

കേരളസഭ ഗൗരവമായി ആത്മശോധന ചെയ്യേണ്ട വിഷയമാണിത്. മാര്‍പ്പാപ്പ പറഞ്ഞിട്ട് കത്തോലിക്കാസഭയില്‍ ഒരു കാര്യം നടക്കുകയില്ലായെങ്കില്‍ പിന്നെ ആരു പറഞ്ഞാലാണ് നമ്മള്‍ അനുസരിക്കുന്നത്? മെത്രാന്മാര്‍ സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിച്ചിട്ടും പള്ളികളില്‍ ആരാധന നടന്നില്ലെങ്കില്‍ എന്താണതിന് കാരണം? അന്വേഷിക്കാനും തിരുത്താനും തയ്യാറാകുന്നിടത്ത് മാത്രമേ സഭാനവീകരണം സംഭവിക്കുകയുള്ളൂ.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

5 thoughts on “ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാമോ?

 1. It gives me an inner joy and gratitude towards to all of you those who work behind the the great work of publishing the daily events of our beloved Pope.God bless you all to accomplish the great dream of building his kingdom on the earth.
  with gratitude and prayerful wishes..Moli devassy fmm.

 2. ഫ്രാന്‍സീസ് പാപ്പാ ഒരേ ഒരു കാര്യം മാത്രമേ സഭാതനയരോട്
  ആവശ്യപ്പെട്ടുള്ളൂ – ഒന്നു പ്രാര്‍ത്ഥിക്കാമോ? എന്റെ കൂടെ? എന്നിട്ടു
  വിശദീകരിച്ചു. ജൂണ്‍ രണ്ടാം തീയതി റോമന്‍ സമയം വൈകിട്ട് 5 മണിക്ക്
  മാര്‍പ്പാപ്പാ വത്തിക്കാനില്‍ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.
  അതേസമയത്ത് ലോകത്തിലെ എല്ലാ കത്തീഡ്രലുകളിലും
  ഇടവകപ്പള്ളികളിലും ആരാധന നടത്തണം.

             ______________________________________________

  കേരളത്തിലെ ഏതാണ്ട് 50% ത്തോളം പള്ളികളിൽ ഈ
  വിവരം വികാരിയച്ചന്മാർ പറഞ്ഞതുപോലുമില്ല.പിന്നെ എങ്ങനെ
  ജനം അറിയും.ഈ ആരാധനയുടെ പ്രത്യേകതയും ആവശ്യവും
  വികാരിയച്ചന്മാർ ജനങ്ങളെ പറഞ്ഞു മനസിലാക്കിയിരുന്നെങ്കിൽ
  തീർച്ചയായും എല്ലാവരും സഹകരിക്കുമായിരുന്നു.നേരെമറിച്ചു
  വല്ല രാഷ്ട്രീയപാർട്ടിക്കും ഓട്ട്ചെയ്യുന്ന കാര്യമായിരുന്നെങ്കിൽ
  ആരും പറയാതെതന്നെ വൈദികർ വേണ്ടതു ചെയ്തേനെ.ഇന്നു
  കേരളത്തിലെ വൈദികർക്ക് മതപരമായ കാര്യങ്ങൽ നോക്കാൻ
  നേരമില്ല. അവർക്കു മറ്റുപല കാര്യങ്ങളിലാണു സ്രദ്ധകൂടുതൽ.
  അരമനകളിൽനിന്നും അതിനുള്ള അറിയിപ്പും നേരത്തെകിട്ടും.
  ഇതിനിടയിൽ പോപ്പിന്റെ വാക്ക് ആരു കേൽക്കാൻ.തൂങ്ങപ്പെട്ട
  കുരിശുരൂപവും മറ്റും പല പള്ളികളിൽ ഇന്നു കാണാങ്കൂടിയില്ല.
  പോപ്പിനെയും വിശുദ്ധകുരിശിനെയും അംഗീകരിക്കാൻ ഇന്നു
  കേരളത്തിലെ കത്തോലിക്കാസഭയിലെ ഒരു ഭാഗം ജനങ്ങൽ
  കൂട്ടാക്കുന്നില്ല. സഭയിൽതന്നെയുള്ള ഒരുപറ്റം പിശാചുബാദിച്ച
  ഭരണകർത്താക്കളുടെ കരവലയത്തിൽ അമർന്നുകഴിഞ്ഞു.
  പോപ്പിനെ അനുകൂലിക്കാൻ ഈ വർഗ്ഗം കൂട്ടാക്കുന്നില്ല.
  ദൈവം അവരോടു ഷെമിക്കട്ടെയെന്നു പ്രാർത്തിക്കുന്നു.

 3. Congratulations!!!

  May the Good News be spread all over the world!

  Allow the Lord to transform us thus transform the world.

 4. Dear Friends,
  Congratulations, For this grate initiative
  to be close with the teaching of Holly father, teaching of the church. Which we are call to live. Prayerful wish for the development of this mission.
  With gratitude.
  Sr. rosemary dshj

Leave a Reply

Your email address will not be published. Required fields are marked *

three + eight =