താമസിച്ച് ഓടിയ ട്രെയിന്‍ ഒരു അടയാളമായിരുന്നു

pope in train
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഫ്രാന്‍സീസ് പാപ്പാ ബുവനോസ് ഐരേസിന്റെ കര്‍ദ്ദിനാള്‍ ആയിരുന്നപ്പോള്‍ സ്വീകരിച്ച അജപാലന ശൈലിയിലേക്ക് ഒരു നേര്‍ക്കാഴ്ച.

‘ഫ്രാന്‍സീസ് പാപ്പാ’ എന്ന പേരില്‍ ഡോ. ജെ നാലുപറയില്‍ രചിച്ച മാര്‍പാപ്പായുടെ ജീവചരിത്രത്തില്‍ നിന്നുള്ള ഭാഗം.

ഒരിക്കല്‍ ഞാന്‍ ഒരു ധ്യാനത്തിനുപോകാന്‍ ഒരുങ്ങുകയായിരുന്നു, സിസ്റ്റേഴ്സിനെ ധ്യാനി പ്പിക്കാന്‍,” ഹോര്‍ഹെ പറഞ്ഞു തുടങ്ങി. ട്രെയിനി ലാണ് യാത്ര ചെയ്യേന്നത്. മുറിയില്‍ നിന്ന് ഒരുങ്ങിയിറങ്ങി പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാന്‍ കയറി. പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വന്നു കുമ്പസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ എന്തോ പന്തികേടു തോന്നിച്ചു. അയാള്‍ ആ കെ അസ്വസ്ഥനായിരുന്നു. മദ്യപിച്ചിട്ടുണ്ടെന്നു തോന്നുന്നു. അതോ മയക്കുമരുന്നാണോയെന്നറിയില്ല. ഞാന്‍ പറഞ്ഞു: “ഇപ്പോള്‍ ഒരച്ചന്‍ വരും. അദ്ദേഹം നിങ്ങളെ കുമ്പസാരിപ്പിക്കും. ഞാന്‍ ഒരിടം വരെ അത്യാ വശ്യമായി യാത്ര പോകുകയാണ്.” അല്‍പ സമയത്തിനുള്ളില്‍ ഒരച്ചന്‍ വരുമെന്ന് ഹോര്‍ഹെയ്ക്ക് അറിയാമായിരുന്നു.

ഞാന്‍ നടന്നു നീങ്ങി. പക്ഷെ കുറെ മുമ്പോട്ടു പോയപ്പോള്‍ എനിക്കു കടുത്ത കുറ്റബോധം തോന്നി തുടങ്ങി. ഞാന്‍ തിരിച്ചു നടന്നു പള്ളിക്കകത്ത് കയറി; അവനോട് പറഞ്ഞു: “ആ അച്ചന്‍ വരാന്‍ വൈകുമെന്നാണ് തോന്നുന്നത്. ഞാന്‍ നിങ്ങളെ കുമ്പസാരിപ്പിക്കാം.”

കുമ്പസാരം കഴിഞ്ഞശേഷം ഞാന്‍ അവനെ മാതാവിന്റെ രൂപത്തിനരികില്‍ കൊണ്ടുവന്നു. അവനെ മാതാവിന് സമര്‍പ്പിച്ച് അവനുവേണ്ടി പ്രാര്‍ത്ഥിച്ചു. അതിനുശേഷം ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.

വണ്ടി പോയിക്കാണുമെന്ന് എനിക്കുറപ്പായിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ വണ്ടി ഇതുവരെയും വന്നിട്ടില്ല; ട്രെയിന്‍ ലേറ്റ്! അതിനാല്‍ ഉദ്ദേശിച്ച ട്രെയിന്‍ തന്നെ എനിക്കു കിട്ടുകയും, കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെതന്നെ നടക്കുകയും ചെയ്തു.

തിരിച്ചുവന്നപ്പോള്‍ ഞാന്‍ നേരെ പോയത് എന്റെ കുമ്പസാരക്കാരന്റെ അടുത്തേക്കാണ്. കാരണം എന്റെ പ്രവൃത്തി എന്നെ ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. കുമ്പസാരിച്ചില്ലെങ്കില്‍ നാളെ കുര്‍ബാന അര്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥ.

“താമസിച്ച് ഓടിയ ട്രെയിന്‍ ഒരു അടയാള മായിരുന്നു,” നസ്രായന്‍ പറഞ്ഞു. “ദൈവം നല്‍കിയ ഒരടയാളം; അതായത് നിന്റെ ജീവിതത്തെ നിയന്ത്രിക്കുന്നവന്‍ തമ്പുരാനാണെന്ന് നീ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തല്‍.”

ഫാ. ഹോര്‍ഹെ ബെര്‍ഗോളിയോയുടെ ജീവിതത്തില്‍ അതു സത്യമായിരുന്നു താനും. ദൈവം ജീവിതത്തെ നിയന്ത്രിക്കുകയും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ തമ്പുരാന്‍ ജീവിതത്തിന്റെ കടി ഞ്ഞാണ്‍ കൈയിലെടുക്കുകയും ചെയ്ത അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.

അന്ന് അര്‍ജന്റീനായിലെ നുണ്‍ഷ്യോ (വത്തിക്കാന്റെ അംബാസിഡര്‍) ആര്‍ച്ച്ബിഷപ് കലാബ്രസി ആയിരുന്നു. അദ്ദേഹവുമായി ഹോര്‍ഹെയ്ക്കു വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. മെത്രാന്മാരെ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ കലാബ്രസി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഹോര്‍ഹെയോടു പതിവായി ആലോചിക്കാറുണ്ടായിരുന്നു. പലപ്പോഴും ഫോണില്‍ കൂടെ, അല്ലെങ്കില്‍ കത്തു മുഖാന്തിരം.

ഇത്തവണ കലാബ്രസി ഹോര്‍ഹെയോടു വിമാനത്താവളത്തില്‍ വരാന്‍ പറഞ്ഞു; നേരിട്ടു സംസാരിക്കണമെന്ന്. നുണ്‍ഷ്യോ ബുവനോസ് ഐരേസിലായിരുന്നു. ഹോര്‍ഹെ കോര്‍ഡോബായിലും. ബുവനോസ് ഐരേസില്‍ നിന്നും കോര്‍ഡോബാ വഴി മെന്‍ഡോസയ്ക്ക് പോകുന്ന ഒരു വിമാനമുണ്ടായിരുന്നു. അത് പിന്നീട് തിരിച്ച് അതേവഴി ബുവനോസ് ഐരേസിന് പോകും. അതിനാല്‍ കോര്‍ഡോബായില്‍ ഇറങ്ങി സംസാരിച്ചശേഷം വിമാനം തിരി കെ വരുമ്പോള്‍ അതില്‍ത്തന്നെ മടങ്ങാനായിരുന്നു നുണ്‍ഷ്യോയുടെ പ്ലാന്‍. അവര്‍ കോര്‍ഡോബാ വിമാനത്താവളത്തില്‍ വച്ചു കണ്ടു മുട്ടി. പല കാര്യങ്ങളെക്കുറിച്ചും ദീര്‍ഘനേരം സംസാരിച്ചു. അവസാനം വിമാനം തിരികെ വന്നു. ബോര്‍ഡിങ്ങിന്റെ സമയമായി. ബോര്‍ഡിങ്ങ് അനൗണ്‍സ് ചെയ്തപ്പോള്‍ നുണ്‍ഷ്യോ പറഞ്ഞു: “ആ, അവസാനം ഒരുകാര്യം കൂടി പറയാനുണ്ട്. താങ്കള്‍ ബുവനോസ് ഐരേസിന്റെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിയമനപ്രഖ്യാപനം മെയ് 13ന് അറിയിക്കും.”

ഫാദര്‍ ഹോര്‍ഹെ സ്തംഭിച്ചുനിന്നു. ആകസ്മികമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ രീതി അങ്ങനെയാണ്. അന്തോണിയോ ക്വറച്ചീനോ യായിരുന്നു അന്നു ബുവനോസ് ഐരേസിന്റെ മെത്രാപ്പോലീത്തായും കര്‍ദ്ദിനാളും. അദ്ദേഹത്തിന്റെ സഹായമെത്രാനായിട്ടായിരുന്നു ഹോര്‍ഹെയുടെ നിയമനം.

ജനകീയ മെത്രാനായിരുന്നു ഹോര്‍ഹെ ബെര്‍ഗോളിയോ. അദ്ദേഹത്തിന്റെ കുര്‍ബാനയും പ്രസംഗവും മറ്റു അജപാലന പ്രവര്‍ത്തനങ്ങളുമൊക്കെ ജനപ്രിയ ങ്ങളായിരുന്നു. ഒരു പ്രസംഗ മദ്ധ്യേ ബിഷപ് ഹോര്‍ഹെ ചോദിച്ചു: “ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ; പള്ളി നല്ലവര്‍ക്ക് മാത്രമുള്ള സ്ഥലമാണോ?”

“അല്ലേ, അല്ലേ.”

“ദുഷ്ടന്മാര്‍ക്കും പള്ളിയില്‍ സ്ഥലമുണ്ടാകുമോ?”

“തീര്‍ച്ചയായും, ഉണ്ട്.”

“ഒരാള്‍ മോശമായതുകൊണ്ട് നമുക്ക് അയാളെ പള്ളിയില്‍ നിന്ന് ഓടിച്ചു വിടാന്‍ പറ്റുമോ? ഇല്ല, മറിച്ച്, കൂടുതല്‍ സ്നേഹം ചൊരിഞ്ഞ് അയാളെ സ്വീകരിക്കുകയാണ് വേണ്ടത്.”

“ഇത് ആരാണു നമ്മളെ പഠിപ്പിച്ചത്? യേശുവാണത് എങ്കില്‍ ഓര്‍ത്തു നോക്കൂ: എത്രയധികം ക്ഷമയും കരുണയുമാണ് ദൈവം നമ്മള്‍ ഓരോരുത്തരോടും കാണിച്ചുകൊണ്ടിരിക്കുന്നത്.”

പ്രസംഗം കേട്ട നസ്രായനു സന്തോഷമായി. തന്റെ പ്രസംഗത്തിന്റെയും സംഭാഷണരീതിയുടെയും ആനു കാലികവും ഫലപ്രദവുമായ അവതരണത്തില്‍ അവന്‍ ഹോര്‍ഹെയെ അഭിനന്ദിച്ചു. തുടര്‍ന്നു പറഞ്ഞു: “ദൃശ്യമാധ്യമത്തിന്റെയും ഇലക്ട്രോണിക് മാധ്യമത്തിന്റെയും സാധ്യതകളെ ക്രിയാത്മകമായി നാം ഉപയോഗിക്കണം. പള്ളിയില്‍ പറയുന്ന പ്രസംഗം അതേപടി ടിവിയില്‍ കാണിക്കുന്നത് മന്ദബുദ്ധിത്തരമാണ്. വിഷ്വല്‍ മാധ്യമത്തിന്റെ രീതികളിലേക്കും സാധ്യതകളിലേക്കുമുള്ള രൂപാന്തരീകരണമാണ് നമ്മള്‍ ലക്ഷ്യമിടേണ്ടത്…” അവനിത് പറയുമ്പോള്‍ ശിഷ്യന്റെ മനസ്സിലൂടെ ഒരുപിടി മലയാളം സിനിമകള്‍ കടന്നുപോയി – നന്ദനം, പ്രാഞ്ചിയേട്ടനും സെയിന്റും…

കര്‍ദ്ദിനാള്‍ ക്വറച്ചീനോ രോഗിയായി കഴിയുന്ന കാലം. അദ്ദേഹം റോമിലേക്കു എഴുതി ആവശ്യപ്പെട്ടു – പിന്‍തുടര്‍ച്ചാവകാശമുള്ള ഒരു സഹായ മെത്രാനെ നിയമിച്ചു തരണമെന്ന്. “ബുവനോസ് ഐരേസിന്റെ തൊട്ടടുത്ത രൂപതകള്‍ ഏതെങ്കിലും കിട്ടിയാല്‍ നന്നായിരുന്നെന്ന് എന്റെ മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നു,” ഹോര്‍ഹെ പറഞ്ഞു.

“1997 മെയ് 27-ാം തീയതി നുണ്‍ഷ്യോ കലാബ്രസി എന്നെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. ആഘോഷമായ ഭക്ഷണം കഴിഞ്ഞു. അതിനുശേഷം പതിവുള്ള ഇറ്റാലിയന്‍ കാപ്പി കുടിച്ചുകൊരണ്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞപ്പോള്‍ നന്ദി പറഞ്ഞുകൊണ്ട്, പോകാനായി ഞാന്‍ എഴുന്നേറ്റു. അപ്പോഴാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കേക്കും ഷാംപെയിന്‍ കുപ്പിയും കൊണ്ടു വരുന്നത്. ഞാന്‍ വിചാരിച്ചു, ഇന്ന് മിക്കവാറും അദ്ദേഹത്തിന്റെ ജന്മദിനമായിരിക്കുമെന്ന്. അദ്ദേഹത്തിന് ആശംസ പറയാന്‍ ഞാന്‍ എഴുന്നേറ്റു.”

“എന്റെ ജന്മദിനമൊന്നുമല്ല;” വിടര്‍ന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു; തുടര്‍ന്നു കൂട്ടിച്ചേര്‍ത്തു, “സന്തോഷവാര്‍ത്ത എന്താണെന്നു ചോദിച്ചാല്‍, ബുവനോസ് ഐരേസിന്റെ പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാന്‍ അങ്ങാണ്.”

നിയമനപ്രഖ്യാപനത്തിന്റെ നാടകീയത കണ്ടു നസ്രായന്‍ അത്ഭുതപ്പെട്ടു; എന്റെ ഉള്ളിലും വിസ്മയം വന്നു നിറഞ്ഞു. ആറു മാസം കഴിഞ്ഞപ്പോള്‍ കര്‍ദ്ദിനാള്‍ ക്വറച്ചീനോ മരിച്ചു. ബെര്‍ഗോളിയോ ബുവനോസ് ഐരേസിന്റെ മെത്രാപ്പോലീത്ത ആകുകയും ചെയ്തു. 1998 ഫെബ്രുവരി 28 നായിരുന്നു അത്.

കരുണയും ലാളിത്യവും സംലഭ്യതയും ബെര്‍ഗോളിയോ മെത്രാന്റെ സ്വഭാവ സവിശേഷതകളായിരുന്നു. രൂപതയിലെ ഏതു വൈദികനും അദ്ദേഹത്തെ നേരിട്ടു വിളിക്കാമായിരുന്നു. അതിനുവേണ്ടി തന്നെ ഒരു പ്രത്യേക ടെലഫോണ്‍ മാറ്റി വച്ചു. എന്തെങ്കിലും ആവശ്യമുല്ലെങ്കില്‍ എതു നേരത്തും അവര്‍ക്കത് വിനിയോഗിക്കാമായിരുന്നു. മെത്രാന്‍ തന്റെ പുരോഹിതര്‍ക്കു പൂര്‍ണ്ണമായും സംലഭ്യനായിരുന്നു.

ഒരു മതാന്തര സമ്മേളനം. ബുവനോസ് ഐരേസിലെ വിവിധ മതങ്ങളുടെ പ്രതിനിധികള്‍ ഒരുമിച്ചുകൂടി ചര്‍ച്ച നടത്തുന്ന അവസരം. ഇത്തവണത്തെ മീറ്റിംഗ് മെത്രാസന മന്ദിരത്തില്‍ വച്ചായിരുന്നു. അതിഥികള്‍ വന്ന് മണിയടിച്ചപ്പോള്‍ വാതില്‍ തുറക്കുന്നത് ബിഷപ് ബെര്‍ഗോളിയോ – മറ്റൊരു സഹായിയും കൂടെയില്ലായിരുന്നു. ആശ്ചര്യപ്പെട്ടു നിന്ന അതിഥികളോട്, നര്‍മ്മരസത്തോടെ അദ്ദേഹം ചോദിച്ചു: “വാതിലുകള്‍ തുറക്കുകയല്ലാതെ മറ്റെന്താണ് ഒരു മെത്രാന്‍ ചെയ്യേണ്ടത്?”

വാതിലുകള്‍ തുറക്കുകയും സ്വാഗതം അരുളുകയും ചെയ്യുക ബെര്‍ഗോളിയോയുടെ പതിവു രീതിയായിരുന്നു. ബന്ധങ്ങള്‍ സ്ഥാപിക്കാനും അവനിലനിര്‍ത്താനും അദ്ദേഹത്തിനു പ്രത്യേക നൈപുണ്യമുണ്ടായിരുന്നു. ഇടവക സന്ദര്‍ശനം ആര്‍ച്ച്ബിഷപ്പ് ബെര്‍ഗോളിയോയുടെ പതിവായിരുന്നു – ഇടവകയില്‍ ചെന്നാല്‍ വികാരിയച്ചന്റെ കൂടെ താമസിക്കുക, ഭവന സന്ദര്‍ശനം നടത്തുക മുതലായവയൊക്കെ. അച്ചന്മാര്‍ രോഗികളായാല്‍ രോഗശയ്യയ്ക്കടുത്ത് പിതാവുണ്ടാകും. അവിടെ മണിക്കൂറുകള്‍ ചിലവഴിക്കും.

ചേരി സന്ദര്‍ശനവും, അവിടത്തെ തകരക്കുടിലുകളില്‍ കുര്‍ബാന അര്‍പ്പിക്കലും അദ്ദേഹത്തിന്റെ പതിവായിരുന്നു. അത്തരമൊരു സമ്മേളനം. ഒരു കല്‍പ്പണിക്കാരന്‍ എഴുന്നേറ്റു നിന്ന് വികാരാധീനനായി പറഞ്ഞു: “നമ്മുടെ പിതാവിനെകുറിച്ച് എനിക്കു അഭിമാനം തോന്നുന്നു. കാരണം ഞാന്‍ എപ്പോഴൊക്കെ എന്റെ കൂട്ടുകാരുമൊത്ത് ഇതുവഴി കടന്നു പോകുന്നുവോ അപ്പോഴെല്ലാം അവസാനത്തെ നിരയിലെ ബഞ്ചില്‍ പിതാവ് ഇരിക്കുന്നുണ്ടാവും, നമ്മില്‍ ഒരാളെപ്പോലെ.”

കല്‍പ്പണിക്കാരന്റെ അഭിമാനം കണ്ട് ശിഷ്യനും സന്തോഷമായി. മാര്‍പ്പാപ്പ ആയശേഷം, സാന്‍താ മാര്‍ത്തായിലെ ചാപ്പലിന്റെ പിറകിലത്തെ ബഞ്ചില്‍ കുര്‍ബാനയ്ക്കു മുമ്പും ശേഷവും പ്രാര്‍ത്ഥിക്കാനിരിക്കുന്ന ഫ്രാന്‍സീസ് പിതാവിന്റെ ചിത്രമായിരുന്നു, ശിഷ്യന്റെ മനസ്സില്‍.

ചേരി സന്ദര്‍ശനവും, തെരുവുകളിലെ ബലിയര്‍പ്പണവും വചന പ്രസംഗവും ബെര്‍ഗോളിയോ പിതാവിന്റെ പതിവുരീതിയായിരുന്നു. അദ്ദേഹം പറഞ്ഞു: “ഒരു ഇടവകപ്പളളിയുടെ സ്വാധീനത്തിന്റെ പരിധി 600 മീറ്റര്‍ റേഡിയസാണെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ബുവനോസ് ഐരേസിലെ അവസ്ഥയോ? 2000 മീറ്ററില്‍ കൂടുതലാണ് ഇടവകകള്‍ തമ്മിലുള്ള അകലം. അപ്പോള്‍ പള്ളിയുടെ ചുറ്റളവിനു പുറത്തുള്ളവരുടെ കാര്യമോ?”

എന്നിട്ട് അദ്ദേഹം തന്റെ അച്ചന്മാരോടായി തുടര്‍ന്നു: “അതിനാല്‍ നിങ്ങള്‍ ചെറുകുടിലുകളോ ഗാരേജുകളോ വാടകയ്ക്ക് എടുക്കണം. താല്‍പര്യവും തീക്ഷ്ണതയുമുള്ള അല്മായ പ്രേഷിതരെ കണ്ടെത്തണം. അവര്‍ പതിവായി ഈ കുരിശുപള്ളികളില്‍ പോകട്ടെ. അല്‍പം സംഭാഷണം, അല്‍പം ചര്‍ച്ച, അല്‍പ്പം വേദപാഠം, പറ്റുമെങ്കില്‍ കുര്‍ബാനയും എഴുന്നെള്ളിച്ചു കൊടുക്കട്ടെ.”

അപ്പോള്‍ ഒരു ഇടവക വികാരി സംശയവുമായി എഴുന്നേറ്റു: “അങ്ങനെ ചെയ്താല്‍ പിന്നെ ആളുകള്‍ കുര്‍ബാനയ്ക്കായി പള്ളിയിലേക്കുള്ള വരവു കുറച്ചാലോ?”

“ഇപ്പോള്‍ അവര്‍ കുര്‍ബാനയ്ക്ക് ഇടവകപള്ളിയില്‍ വരുന്നുണ്ടോ?” ഹോര്‍ഹെ ചോദിച്ചു.

“ഇല്ല.”

“അപ്പോള്‍ അതാണത്. അവരിപ്പോള്‍ പള്ളിയില്‍ വരുന്നില്ല. എന്നാല്‍ പതിവു രീതിവിട്ട് അവരുടെ അടുത്തേക്ക് ചെല്ലാന്‍ നമ്മുടെ സമ്പ്രദായങ്ങള്‍ നമ്മെ അനുവദിക്കുന്നുമില്ല. നമ്മുടെ സ്വാര്‍ത്ഥതയില്‍ നിന്നു പുറത്തു കടക്കുക എന്നു പറഞ്ഞാല്‍ നമ്മുടെ പരമ്പരാഗതമായ വേലിക്കെട്ടുകളില്‍ നിന്ന് പുറത്തു കടക്കുക എന്നത് കൂടിയാണ്. തമ്പുരാന്റെ കാഴ്ചപ്പാടിനു പ്രതിബന്ധം നില്‍ക്കുന്ന എല്ലാത്തില്‍നിന്നും നമ്മള്‍ പുറത്തു കടക്കണം.”

ബെര്‍ഗോളിയോ പിതാവിന്റെ കാഴ്ചപ്പാടില്‍ ശിഷ്യന് അഭിമാനം തോന്നി. അവന്‍ നസ്രായന്റെ മുഖത്തേക്കു നോക്കി. പണ്ട് ഗലീലിയയില്‍ വച്ച് ഫരിസേയരുമായുണ്ടായ തര്‍ക്കങ്ങളായിരുന്നു ശിഷ്യന്റെ മനസ്സില്‍. അന്ന് യേശുതന്നെ, നിയമം ലംഘിക്കുന്നതിനും പുറത്തു കടക്കുന്നതിനുമുള്ള മാനദണ്ഡം പഠിപ്പിച്ചിട്ടുണ്ടായിരുന്നു – സാബത്ത് മനുഷ്യനു വേണ്ടിയാണ്; അല്ലാതെ മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല (മര്‍ക്കോ. 2:27). അതായത് എല്ലാ നിയമങ്ങളും മതാചാരങ്ങളും മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. മനുഷ്യനന്മയ്ക്ക് ഉപകരിക്കുന്നില്ലെങ്കില്‍ എത്ര വലിയ മതനിയമമാണെങ്കില്‍ പോലും അതിനെ അതിലംഘിക്കണം. ഇപ്പോള്‍ അതേ പഠനം അര്‍ജന്റീനായില്‍ ആവര്‍ത്തിക്കുന്ന, ക്രിസ്തുശിഷ്യന്‍ ബെര്‍ഗോളിയോയെ നസ്രായന്‍ ബഹുമാനപൂര്‍വ്വം കേട്ടു നിന്നു.

തുടര്‍ന്ന് ബെര്‍ഗോളിയോ യോനായെക്കുറിച്ച് പറയാന്‍ തുടങ്ങി: “യോനായ്ക്ക് എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. ഒരു കാര്യത്തിലും അദ്ദേഹത്തിനു സംശയമില്ലായിരുന്നു. ദൈവത്തെക്കുറിച്ചും നന്മതിന്മകളെക്കുറിച്ചും അയാള്‍ക്കറിയാമായിരുന്നു. ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് അയാള്‍ക്കറിയാമായിരുന്നു. ആരാണ് യഥാര്‍ത്ഥ മതവിശ്വാസി, ആരാണ് പാപി എന്നും അയാള്‍ക്കറിയാമായിരുന്നു. ഒരു നല്ല പ്രവാചകനാകാനുള്ള ഫോര്‍മുലയും അയാള്‍ക്കറിയാമായിരുന്നു. അങ്ങനെ എല്ലാ കാര്യത്തിലും വ്യക്തതയുള്ള യോനായുടെ ജീവിതത്തിലേക്കാണ് ഒരു മലവെള്ളപ്പാച്ചില്‍ പോലെ ദൈവം കടന്നു വരുന്നത്.”

“ദൈവം അയാളെ നിനവേയിലേക്കു അയച്ചു. നഷ്ടപ്പെട്ടവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാപികളുടെയും പ്രതീകമായിരുന്നു നിനവേ. ദൈവത്തിന്റെ കരുണയെക്കുറിച്ച് അവരോട് പറയുകയെന്നതായിരുന്നു യോനായുടെ ദൗത്യം. ദൈവം ക്ഷമയോടെ കാത്തിരിക്കുകയാണെന്നും, സ്വീകരിക്കാന്‍ ഇരുകരവും തുറന്നു പിടിച്ചിരിക്കുകയാണെന്നും പറയുകയായിരുന്നു അയാളുടെ കടമ. അതിനുവേണ്ടി മാത്രമായിരുന്നു യോനാ അയയ്ക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹം എതിര്‍ദിശയിലേക്ക് ഓടിമാറുകയാണ്, താര്‍ശിസിലേക്ക് ഓടിപ്പോകുകയാണ് ചെയ്തത്.” ഒന്നു നിര്‍ത്തിയിട്ട് ഹോര്‍ഹെ തുടര്‍ന്നു.

“സത്യത്തില്‍ യോനാ ഓടിപ്പോയത് നിനവേയില്‍ നിന്നല്ല. നിനവെ ഒരു പ്രതീകം മാത്രമാണ്. നിനവേയില്‍ നിന്ന് എന്നതിനേക്കാള്‍, മനുഷ്യനോട് ദൈവത്തിനുള്ള അനന്തമായ സ്നേഹത്തില്‍ നിന്നാണ് യോനാ കുതറി ഓടുന്നത്. അത് യോനായുടെ പദ്ധതിയുമായി ചേരുന്നതായിരുന്നില്ല. കാര്യങ്ങള്‍ തന്റേതായ രീതിയില്‍ ചെയ്യുന്നതായിരുന്നു അയാള്‍ക്കിഷ്ടം. എല്ലാത്തിനെയും തന്റെ നിയന്ത്രണത്തിലാക്കാനായിരുന്നു അയാള്‍ക്ക് താല്‍പര്യം. അയാളുടെ ഈ പിടിവാശി അയാളെ സ്വന്തം ബുദ്ധിയുടെ പരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്തി; പരമ്പരാഗതമായി ശീലിച്ച തന്റെ രീതികള്‍ക്കുള്ളിലും കൃത്യമായ തന്റെ വിലയിരുത്തലുകള്‍ക്കുള്ളിലും ഒതുക്കി നിര്‍ത്തി. സ്വന്തം ആത്മാവിനെ അയാള്‍ വേലി കെട്ടി സംരക്ഷിച്ചു – ഉറപ്പുകളാകുന്ന കറണ്ടുകമ്പിവേലികൊണ്ട്. ഫലമോ? ദൈവത്തിലേക്കും മനുഷ്യ ശുശ്രൂഷയിലേക്കും വളര്‍ന്നു കയറാനുള്ള അയാളുടെ സ്വാതന്ത്ര്യം തടസ്സപ്പെട്ടു. അയാളുടെ ഹൃദയം ബധിരമായിത്തീര്‍ന്നു. അതിനാല്‍ പിതൃഹൃദയത്തോടെ ദൈവം സ്വന്തം ജനത്തെ എങ്ങനെയാണ് സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നതെന്നറിയാന്‍ അയാള്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല.”

“നമ്മുടെ ഉറപ്പുകളും തീര്‍ച്ചകളും പരിശുദ്ധാത്മാവിനെ ബന്ധനത്തിലാക്കുന്ന കന്മതിലുകളായി മാറാം. സ്വന്തം മനഃസാക്ഷിയെ ദൈവജനത്തിന്റെ തീര്‍ത്ഥയാത്രയില്‍ നിന്നും ഒറ്റപ്പെടുത്തുന്നവന്, പരിശുദ്ധാത്മാവിന്റെ സന്തോഷം അനുഭവിക്കാന്‍ ആവുന്നില്ല. തങ്ങളുടെ അടഞ്ഞ താര്‍ശിസിലിരുന്നുകൊണ്ട് അവര്‍ എല്ലാത്തിനെതിരെയും കുറ്റം വിധിക്കും, പരാതി പറയും, യുദ്ധം ചെയ്യും. എന്തുകൊണ്ട്? അവര്‍ കൂടുതല്‍ കൂടുതല്‍ സ്വാര്‍ത്ഥരും അതേ സമയം ധര്‍മ്മിഷ്ടരുമായതുകൊണ്ട്!”

മതാചാരങ്ങള്‍ ദൈവികതയെയും ആത്മീയതയെയും എങ്ങനെ ബന്ധനത്തിലാക്കാമെന്ന കാര്യം ഇത്രയും വ്യക്തതയോടെ ശിഷ്യന്‍ കേള്‍ക്കുന്നത് ആദ്യമായാണ്. മതത്തിന്റെ പാരമ്പര്യങ്ങളെ കാലാനുസൃതം അതിജീവിക്കേണ്ടതാണെന്നും ശിഷ്യനു ബോധ്യമായി.

 

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “താമസിച്ച് ഓടിയ ട്രെയിന്‍ ഒരു അടയാളമായിരുന്നു

  1. That picture of greeting between Pope Francis and Archbishop of Canterbury is captivating. It is prophetic for our times and an inspiration, yes we can work together more for the Lord and for His Gospel.

Leave a Reply

Your email address will not be published. Required fields are marked *

three × 5 =