അരമനയിലെ ആര്‍ഭാടം

bishop franz peter house
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

കഴിഞ്ഞ കുറെ മാസങ്ങളായി ജര്‍മന്‍കാരുടെ ചര്‍ച്ചാ വിഷയം ഒരു മെത്രാനാണ്- ഫ്രാന്‍സ് പീറ്റര്‍. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് എഴുതണമെങ്കില്‍ ഇനിയും ഒരു വരികൂടി ഉപയോഗിക്കേണ്ടിവരും.

ഫ്രാന്‍സ് പീറ്റര്‍ ലിംബുര്‍ഗ് രൂപതയുടെ മെത്രാനായിരുന്നു. വെറും അമ്പത്തിമൂന്നു വയസ്സുമാത്രം പ്രായം. അദ്ദേഹം മെത്രാനായി അഭിഷിക്തനായതോ? പത്തു വര്‍ഷം മുന്‍പ്, നാല്‍പത്തിമൂന്നാം വയസ്സിലും. തിളക്കമാര്‍ന്ന സ്വഭാവഗുണങ്ങളും അസാധാരണ കഴിവുകളുമില്ലെങ്കില്‍ ഇത്ര ചെറുപ്പത്തിലേ ഒരാള്‍ക്ക് മെത്രാനാകാന്‍ കഴിയില്ലല്ലോ?

എന്നിട്ടും ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഈ കഴിഞ്ഞ ഒക്ടോബര്‍ 23-ാം തീയതി അദ്ദേഹത്തെ പുറത്താക്കി- രൂപതയില്‍ നിന്ന് മാറ്റി. എന്താണതിന് കാരണം?

വെറുമൊരു അരമന പണിയാണ് വിഷയം- സ്വന്തം മെത്രാസനം അദ്ദേഹം പുതുക്കിപ്പണിതു. അതിനായി ചെലവാക്കിയ തുക 3.1 കോടി യൂറോ. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 250 കോടി രൂപ. ചെലവിന്റെ കണക്കു കേട്ടപ്പോള്‍ സാക്ഷാല്‍ ജര്‍മന്‍കാര്‍ പോലും ഞെട്ടി. ഫ്രാന്‍സ് പീറ്റര്‍ സ്വന്തം ചാപ്പലിന് ചിലവാക്കിയത് 24 കോടി രൂപ; കോണ്‍ഫ്രറന്‍സ് മേശക്ക് 17 ലക്ഷം; പൂന്തോട്ടത്തിന് 6 കോടി. അങ്ങനെ മൊത്തം 250 കോടി പൊടിപൊടിച്ചു.

bishop franz peter

മറ്റ് യാതൊരു സ്വഭാവദൂഷ്യവുമില്ലാഞ്ഞിട്ടും ഫ്രാന്‍സ് പീറ്ററെന്ന മെത്രാനെ പുറത്താക്കാന്‍ ഫ്രാന്‍സീസ് പാപ്പാക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതിലൂടെ പാപ്പാ കൊടുക്കുന്ന സന്ദേശം എന്താണ്? മെത്രാന്മാര്‍ ലളിതജീവിതം നയിക്കണം. അതായത് അവരുടെ വാസഗൃഹവും, വസ്ത്രവും, വാഹനവും ലളിതമായിരിക്കണം. എന്തിന് അവരുടെ ആരാധനാലയം പോലും ലളിതമായിരിക്കണം. സഭ ദരിദ്രര്‍ക്കുവേണ്ടിയാകണമെന്നു മാത്രമല്ല സഭ തന്നെ ദരിദ്രയാകണമെന്നാണല്ലോ പാപ്പായുടെ ആഹ്വാനം!

എന്താണ് ഇത്തരമൊരു വാദത്തിന് അടിസ്ഥാനം? സഭയുടെ സ്ഥാപകനും സഭയുടെ മണവാളനുമായ യേശുക്രിസ്തു ജനിച്ചത് കന്നുകാലിത്തൊഴുത്തിലാണ്. മരിച്ചതോ മരക്കുരിശിലും. അതിന്റിടക്കുള്ള അവന്റെ ജീവിതമോ? മനുഷ്യപുത്രന് തല ചായ്ക്കുവാന്‍ ഇടമില്ലെന്നാണ് അവന്‍ തന്നെ അതിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ജനനത്തിലും ജീവിതത്തിലും മരണത്തിലും ദരിദ്രനായിരുന്നവന്റെ മണവാട്ടിയായ സഭ അവന് അനുയോജ്യയായിരിക്കണമല്ലോ. മണവാളനേക്കാള്‍ സമ്പന്നയാകാന്‍ മണവാട്ടിക്ക് അര്‍ഹതയില്ലല്ലോ!

ഫ്രാന്‍സ് പീറ്റര്‍ അങ്ങ് അകലെ ജര്‍മനിയിലാണെന്നു കരുതി നമ്മള്‍ ആശ്വസിക്കരുത്. ഫ്രാന്‍സ് പീറ്റര്‍ ഇവിടെ ഇന്ത്യയിലുണ്ട്, നമ്മുടെ കേരളത്തിലുണ്ട്, നമ്മുടെ രൂപതയിലും ഇടവകയിലും നമ്മുടെ കുടുംബങ്ങളിലുമുണ്ട്. എന്തിന് നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ത്തന്നെയുണ്ട്. ആര്‍ഭാടത്തോടും ആഡംബര ജീവിതത്തോടു മുള്ള താല്‍പര്യം- അതാണ് ഫ്രാന്‍സ് പീറ്റര്‍.

ഒരു ഭക്ത നേതാവ്. ആത്മീയ പ്രസ്ഥാനങ്ങള്‍ പലതിന്റെയും തലപ്പത്തിരിക്കുന്നയാള്‍. ട്രെയിനില്‍വച്ചാണ് അറിഞ്ഞത് അദ്ദേഹം അടുത്ത കമ്പാര്‍ട്ടുമെന്റിലുണ്ടെന്ന്. ആദരവോടെ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാന്‍ കമ്പാര്‍ട്ടുമെന്റുകള്‍ കടന്ന് അങ്ങോട്ടുപോയി. തിരിച്ചു വന്നപ്പോള്‍ അന്വേഷിച്ചു- എങ്ങോട്ടാണ് അദ്ദേഹത്തിന്റെ യാത്ര? ആഴ്ചയിലെ കൃത്യമായ ദിവസം കേരളത്തിന്റെ വടക്കുനിന്നും തെക്കോട്ട് ഏ.സി കമ്പാര്‍ട്ടുമെന്റില്‍ യാത്ര തിരിക്കും. എന്തിനെന്നോ? മധ്യകേരളത്തിലുള്ള നിത്യാരാധനാചാപ്പലില്‍ പ്രാര്‍ത്ഥിക്കാന്‍. വൈകുന്നേരം ഏ.സി യില്‍ തന്നെ തിരിച്ചുപോകും. എങ്ങനുണ്ട്? അദ്ദേഹത്തിന്റെ സ്വന്തം പട്ടണത്തിലെങ്ങും പള്ളിയും, പരിശുദ്ധ കുര്‍ബാനയുമില്ലേ ആരാധിക്കാന്‍? നമ്മുടെ പ്രാര്‍ത്ഥനകളെയും ആരാധനാലയങ്ങളെയും നമ്മള്‍ ആഡംബര പൂര്‍ണ്ണമാക്കിയിരിക്കുന്നു! ദൈവത്തെയും പണത്തെയും ഒരുമിച്ച് ശുശ്രൂഷിക്കാനാവില്ലെന്ന് പഠിപ്പിച്ചവന്‍ അന്തിച്ചു നില്‍ക്കും- സ്വര്‍ണ്ണമയമായ നമ്മുടെ തിരുസ്വരൂപങ്ങള്‍ക്കു മുമ്പില്‍!

ഫ്രാന്‍സ് പീറ്റര്‍ അകലെയല്ല; നമ്മുടെ അടുത്തു തന്നെയാണ്. അല്ല നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്- എന്റെയും നിങ്ങളുടെയും ഉള്ളില്‍.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

16 − 6 =