അഞ്ച് ബാലറ്റിന്റെ അത്ഭുതം

pope francis on balcony
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

2005ലെ കോണ്‍ക്ലേവില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നുവെന്ന് പരക്കെ അറിയപ്പെട്ടിരുന്നെങ്കിലും മാധ്യമപ്രവാചകരുടെ സാധ്യതാപട്ടികയിലൊന്നും ബോനോസ് അയര്‍സിലെ കര്‍ദ്ദിനാളിന്റെ പേരില്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഹോര്‍ഗേ മാരിയോ ബര്‍ഗോളിയോ, ഫ്രാന്‍സിസ് പാപ്പായായിത്തീര്‍ന്നത്?

ജേക്കബ് ചാക്കോ

മാര്‍ച്ച് 13-ാം തീയതി പുതിയ പാപ്പായുടെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ നനഞ്ഞുകുതിര്‍ന്ന ജനാവലിയുടെ ആദ്യപ്രതികരണം നിശബ്ദതയായിരുന്നു. നിരാശ കൊണ്ടായിരുന്നില്ല മറിച്ച്, തിരഞ്ഞെടുക്കപ്പെട്ട പാപ്പായെക്കുറിച്ച് അവര്‍ക്ക് കാര്യമായിട്ടൊന്നും അറിയില്ലാത്തത് കൊണ്ടായിരുന്നു.

ബോനോസ് അയര്‍സിലെ ഈശോസഭക്കാരനായ കര്‍ദ്ദിനാളിന് സാധ്യതാപട്ടികയിലൊന്നും തന്നെ സ്ഥാനം ലഭിച്ചിരുന്നില്ല. വത്തിക്കാന്‍ പണ്ഡിതരും മാധ്യമവിദഗ്ധരും പ്രഖ്യാപിച്ച ‘പാപ്പാബിലി’മാ രായ പത്ത് പേരിലൊന്നും ബര്‍ഗോളിയോയുടെ പേരുണ്ടായിരുന്നില്ല. അതിന് ന്യായമായ കാരണങ്ങളുമുണ്ടായിരുന്നു. എട്ടു വര്‍ഷം മുമ്പു നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനക്കാരന് ഇഞ്ച്  76-ാം വയസ്സില്‍ പ്രായക്കൂടുതലാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. അറുപതുകളുടെ രണ്ടാം പകുതിയിലുള്ള ഒരാളെ തിരഞ്ഞെടുക്കുമെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നിട്ടും എങ്ങനെയാണ് അഞ്ചാമത്തെ ബാലറ്റില്‍ ബര്‍ഗോളിയോ മാര്‍പാപ്പയായി ഉയിര്‍ന്നുവന്നത്?

കോണ്‍ക്ലേവിനുള്ളില്‍ നടന്ന കാര്യങ്ങള്‍ അതീവ രഹസ്യമായി തുടരുകയാണ്. എന്നിരുന്നാലും പലയിടങ്ങളില്‍ നിന്നായി ലഭിക്കുന്ന തുണ്ടുകളും സൂചനകളും കൂട്ടിപ്പിടിപ്പിച്ചെടുത്താല്‍ ഏകദേശമൊരു ചിത്രം നമുക്കു ലഭിക്കും.

കാര്യഗൗരവമായ ചര്‍ച്ച

2005 ലെ കോണ്‍ക്ലേവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ കോണ്‍ക്ലേവിന്റെ പ്രത്യേകത അതിലെ ചര്‍ച്ചകളുടെ ഉയര്‍ന്ന നിലവാരമായിരുന്നു. ഈ കാര്യം രണ്ട് കോണ്‍ക്ലേവിലും പങ്കെടുത്ത കര്‍ദ്ദിനാളന്മാരെല്ലാം സമ്മതിക്കുന്നു. “കഴിഞ്ഞപ്രാവശ്യം തിരഞ്ഞെടുപ്പു ക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുമായി മൂന്നുദിവസം പാഴാക്കിക്കളഞ്ഞു,” പേരു വെളിപ്പെടുത്താത്ത ഒരു കര്‍ദ്ദിനാള്‍ പറഞ്ഞു.

ഡര്‍ബനിലെ കര്‍ദ്ദിനാള്‍ വില്‍ഫ്രഡ് നപ്പിയേര്‍ പറഞ്ഞു: “മാര്‍പാപ്പയുടെ മരണവും സംസ്ക്കാരവും ഇത്തവണ ഇല്ലാത്തതിനാല്‍ കര്‍ദ്ദിനാളന്മാരുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞില്ല. പകരം ഗൗരവപൂര്‍ണ്ണവും സത്യസന്ധവുമായ ചര്‍ച്ചകളിലേക്ക് അത് തിരിഞ്ഞു”. ഇത്തവണ കര്‍ദ്ദിനാളന്മാരെല്ലാം തന്നെ പരസ്പരം അറിയുന്നവരായിരുന്നു. അതിന് നമ്മള്‍ നന്ദി പറയേണ്ടത് ബനഡിക്ട് പാപ്പായോടാണ്. കാരണം, ഓരോ പ്രാവശ്യത്തെ കര്‍ദ്ദിനാള്‍ വാഴ്ചയിലും എല്ലാ കര്‍ദ്ദിനാളന്മാരും പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു.

റോമന്‍ കൂരിയായുടെ നവീകരണവും ഫലപ്രദ മായ നിയന്ത്രണവും ചൂടേ-റിയ ചര്‍ച്ചയുടെ വിഷയമായിരുന്നു. കര്‍ദ്ദിനാള്‍ ബര്‍ത്തോനെ കൂരിയായെയും വത്തിക്കാന്‍ ബാങ്കിനെയും കൈകാര്യം ചെയ്ത രീതിയെ ബ്രസീലിലെ ഒരു കര്‍ദ്ദിനാള്‍ വിമര്‍ശിച്ചപ്പോള്‍ നീണ്ട കൈയടി ലഭിച്ചുവെന്നാണ് ഇറ്റാലിയന്‍ പത്രം ‘ലാ റിപ്പബ്ളിക്കാ’ റിപ്പോര്‍ട്ടു ചെയ്തത്.

കൂരിയാ നവീകരണത്തിനായി ആവേശത്തോടെ രംഗത്തിറങ്ങിയത് അമേരിക്കന്‍ കര്‍ദ്ദിനാളന്മാരായിരുന്നു. കോണ്‍ക്ലേവിന് മുമ്പുള്ള ദിവസങ്ങളില്‍ അവര്‍ പതിവായി പത്രസമ്മേളനങ്ങള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ പിന്നീടതിന് വിലക്ക് കല്‍പിക്കപ്പെട്ടു. വിലക്കിന് പിന്നില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആയിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതും കൂരിയാ നവീകരണ വാദക്കാരെ ശക്തിപ്പെടുത്തുകയേ ചെയ്തുള്ളൂ. പത്രസമ്മേളനത്തിന് വിലക്ക് ഏര്‍പ്പെ ടുത്തിയപ്പോഴും വാര്‍ത്താചോര്‍ച്ച ക്രമമായി നടക്കുന്നുണ്ടായിരുന്നു. കര്‍ദ്ദിനാള്‍ ഫ്രാന്‍സെസ്കൊ കോക്കോ പാല്‍മെറോ എഴുതി തയ്യാറാക്കാതെ പറഞ്ഞ ഒരു പ്രസംഗം പിറ്റേദിവസം അക്ഷരം പ്രതി ഒരു ഇറ്റാലിയന്‍ പത്രത്തില്‍ അച്ചടിച്ചു വന്നു. ഇതെല്ലാം ഒരു കൂട്ടം കര്‍ദ്ദിനാളന്മാരെ രോഷാകുലരാക്കിയിരുന്നു.

വറ്റിലീക്സ് എന്ന പ്രമാദമായ രേഖാമോഷണ വിവാദം കോണ്‍ക്ലേവിന്റെ പശ്ചാത്തല കഥയായി നില്‍ക്കുന്നുണ്ടായിരുന്നു. മാര്‍പാപ്പയുടെ വ്യക്തി പരമായ കത്തുകളും രേഖകളുംവരെ സുരക്ഷിതമല്ലെങ്കില്‍ വത്തിക്കാനില്‍ എന്തോ കുഴപ്പമുണ്ടെന്ന് ചിക്കാഗോയിലെ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍ എന്ന പത്രത്തോടു പറഞ്ഞു.

എവിടെ നിന്ന്?

സാവധാനം ഒരു അഭിപ്രായ സമന്വയം രൂപപ്പെടുക യായിരുന്നു. അതിന്റെ മര്‍മ്മം ഇതായിരുന്നു. പുതിയ പാപ്പാ നല്ലൊരു ഭരണാധികാരിയായിരിക്കണം; കൂരിയായ്ക്ക് വെളിയില്‍ നിന്നുള്ള ആളാണെങ്കില്‍ കൂരിയ വൃത്തിയാക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും. പുതിയ പാപ്പാ യൂറോപ്പിന് പുറത്തുനിന്നായിരിക്കണമെന്ന കാര്യത്തില്‍ കര്‍ദ്ദിനാളന്മാര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ എവിടെ നിന്ന്? ആഫ്രിക്കയായിരുന്നു ഒരു സാധ്യത. എന്നാല്‍ കര്‍ദ്ദിനാള്‍ നപ്പിയേര്‍ അത്തരമൊരു ചിന്തയ്ക്ക് വിരുദ്ധമായി സംസാരിച്ചു. മാര്‍പാപ്പയാകാന്‍ മാത്രം പ്രശസ്തരായ ആരും തന്നെ തങ്ങളുടെ കൂട്ടത്തിലില്ലെന്നും ആഫ്രിക്കന്‍ സഭ താരതമ്യേന ബാല്യദിശയിലാണെന്നുമുള്ള ആഫ്രിക്കന്‍ കര്‍ദ്ദിനാളന്മാരുടെ സംയു ക്താഭിപ്രായം അദ്ദേഹം വ്യക്ത-മായി പ്രകടിപ്പിച്ചു.

ഏഷ്യയിലേക്കു നോക്കിയപ്പോഴത്തെ പാപ്പാബിലിയായിരുന്നു മാനിലായിലെ കര്‍ദ്ദിനാള്‍ ലൂയി അന്തോണിയോ ടാഗ്ലേ. അദ്ദേഹത്തിന്റെ പ്രായം തന്നെയായിരുന്നു ഏറ്റവും വലിയ പ്രതിബന്ധം. കര്‍ദ്ദിനാളായിട്ട് മാസങ്ങളേ ആയിട്ടുള്ളൂ; പോരാഞ്ഞിട്ട് 55 വയസ്സു മാത്രം പ്രായവും. അങ്ങനെ ഏഷ്യയുടെ സാധ്യത അവസാനിച്ചു. എന്നിരുന്നാലും പലരും ടാഗ്ലേയെ അടുത്തതവണത്തെ സാധ്യതയായി സൂചിപ്പിക്കുന്നുണ്ടായിരുന്നു.

തെക്കേ അമേരിക്ക

തെക്കേ അമേരിക്കയായി അപ്പോള്‍ ശ്രദ്ധാകേന്ദ്രം. കര്‍ദ്ദിനാള്‍ മര്‍ഫി ഓക്കോണര്‍ പറയുന്നതനുസരിച്ച്- കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ തന്നെ പലരും തെക്കേ അമേരിക്കയിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. അതോടൊപ്പം സ്ഥാനാര്‍ത്ഥിയുടെ ഗുണമേന്മയായിരുന്നു ഏറ്റവും പ്രധാനം.

പുറത്തുവന്നുകൊണ്ടിരുന്ന റിപ്പോര്‍ട്ടുകള്‍ ബ്രസീലിലെ കര്‍ദ്ദിനാള്‍ ഒദിലോ ഷേററെ സാധ്യതാ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ എട്ടുവര്‍ഷം മെത്രാന്മാരുടെ കോണ്‍ഗ്രിഗേഷന്റെ തലപ്പത്ത് അദ്ദേഹം ജോലിചെയ്തിട്ടുന്ന്. അതോടൊപ്പം കര്‍ദ്ദിനാള്‍ ജോവാന്നി ബത്തീസ്താ റേയുമായി അദ്ദേഹത്തിന് അടുപ്പവുമുണ്ടായിരുന്നു. ഫലത്തില്‍ ഇതു രണ്ടും അദ്ദേഹത്തിന് വിനയായി പരിണമിച്ചു. കാരണം അദ്ദേഹത്തെ വത്തിക്കാന്‍ കൂരിയായുടെ പ്രതിനിധിയായി പലരും കണ്ടിരുന്നു. അദ്ദേഹം പാപ്പായായാല്‍ കര്‍ദ്ദിനാള്‍ പിയച്ചേന്‍സയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കുമെന്നും പലരും ഭയപ്പെട്ടിരുന്നു. കാരണം പിയച്ചേന്‍സ കൂരിയായിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു.

അപ്പരിസീദാ പ്രമേയം

2007-ല്‍ നടന്ന തെക്കേ അമേരിക്കന്‍ മെത്രാന്‍ സംഘത്തിന്റെ സമ്മേളനവും കാര്യമായ സ്വാധീനം ചെലുത്തി. കാരണം ആ സമ്മേളനത്തിന്റെ സമാപന രേഖയ്ക്ക് രൂപംകൊടുത്ത കമ്മിറ്റിയുടെ നേതൃത്വം കര്‍ദ്ദിനാള്‍ ബര്‍ഗോളിയോക്ക് ആയിരുന്നു. കര്‍ദ്ദിനാള്‍ നപ്പിയേറുടെ അഭിപ്രായത്തില്‍ 2007 ലെ അപ്പരിസീദാ രേഖയും അതിന് രൂപംകൊടുക്കാനുള്ള ബര്‍ഗോളിയോയുടെ നേതൃത്വവും പല കര്‍ദ്ദിനാളന്മാരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അപ്പരിസീദാ രേഖയുടെ ശ്രദ്ധ സുവിശേഷവത് ക്കരണത്തിലും സാമൂഹ്യനീതിയിലുമായിരുന്നു. അതോടൊപ്പം മെത്രാന്മാരുടെ സംഘാത പ്രവര്‍ത്തനത്തിന് നല്ലൊരു ഉദാഹരണമായിരുന്നു ആ രേഖ. പ്രി-കോണ്‍ക്ലേവില്‍ സംസാരിച്ച കര്‍ദ്ദിനാളന്മാരില്‍ പലരും മെത്രാന്മാരുടെ കൂട്ടായ്മയും സംഘാത പ്രവര്‍ത്തനവും ഊന്നിപ്പറഞ്ഞു. മൂപ്പന്മാരുടെ സംഘമെന്ന നിലയില്‍ ഒരു ചെറിയ ഗണം കര്‍ദ്ദിനാളന്മാരെ സ്ഥിര ആലോചനാ സംഘമായി രൂപീകരിക്കുന്ന കാര്യം പോലും ചിലര്‍ നിര്‍ദ്ദേശിച്ചു. സംഘാത പ്രവര്‍ത്തനത്തിന്റെ ഇത്തരം നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തല ത്തിലാണ് അപ്പരസീദാ സമ്മേളനവും ബര്‍ഗോളിയോയും കൂടുതല്‍ പ്രകാശിതമായത്.

ചെറു പ്രസംഗം

പ്രീ-കോണ്‍ക്ലേവില്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ നടത്തിയ ചെറുപ്രസംഗം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അനുവദിച്ച സമയപരിധിക്കു മുമ്പേ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു എന്നത് എല്ലാവരും ശ്രദ്ധിച്ചു. ഉള്‍വലിയാതെ സഭ അതിരുകളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതോടൊപ്പം നവസുവിശേഷവത്ക്കരണത്തില്‍ അല്മായരുടെ പങ്കിനേയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സഭയില്‍ ഒരു ശുദ്ധീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

അങ്ങനെ കോണ്‍ക്ലേവ് ആരംഭിച്ചപ്പോള്‍ തന്നെ കര്‍ദ്ദിനാളന്മാരുടെ ‘ഷോര്‍ട്ട് ലിസ്റ്റില്‍’ ഒരാള്‍ ബര്‍ ഗോളിയോ ആയിരുന്നു. “അദ്ദേഹമൊരു ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു. കത്തോലിക്കാ സഭയുടെ പ്രധാന ഭൂഖണ്ഡ ങ്ങളില്‍ നിന്നുള്ള ഗുണമേന്മയുള്ള ഒരു സ്ഥാനാര്‍ത്ഥി;” കര്‍ദ്ദിനാള്‍ സീന്‍ ബ്രാഡി പറഞ്ഞു.

വോട്ടെടുപ്പിലെ പുരോഗതി

ആദ്യ ബാലറ്റില്‍ മിലാനിലെ കര്‍ദ്ദിനാള്‍ സ്കോളയും ന്യൂയോര്‍ക്കിലെ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനുമായിരുന്നു മുമ്പിലെന്നാണ് കേള്‍ക്കപ്പെടുന്നത്. കര്‍ദ്ദിനാള്‍ സ്കോളയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ 28 ഇറ്റാലിയന്‍ കര്‍ദ്ദിനാളന്മാരുടെയിടയില്‍ അഭിപ്രായ ഐക്യമില്ലായിരുന്നുവെന്നാണ് ഇറ്റാലി യന്‍ പത്രമായ ‘ലാ സ്താംബാ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ സ്കോളയുടെ പിന്തുണ പെട്ടെന്നുതന്നെ കുറഞ്ഞു കുറഞ്ഞു വന്നു. അതുതന്നെയായിരുന്നു ഡോളന്റെയും അവസ്ഥ. അതിനിടയില്‍ അമേരിക്കയില്‍ നിന്നുള്ള കുറെ കര്‍ദ്ദിനാളന്മാര്‍ ബര്‍ഗോളിയോ യെ പിന്തുണക്കാന്‍ തുടങ്ങി. കാരണം അവര്‍ക്ക് അദ്ദേ ഹത്തെ നന്നായി അടുത്ത് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ലളിതജീവിതവും പ്രാര്‍ത്ഥനാ ചൈതന്യവും പലരെയും ആകര്‍ഷിച്ചിരുന്നു. പേപ്പസിയുടെ ലാളിത്യം നിറഞ്ഞ പുതിയൊരു മുഖത്തിന്റെ ആവശ്യ കത അങ്ങനെയാണ് വളര്‍ന്നു വന്നത്. “ചര്‍ച്ചകള്‍ മുന്നോട്ട് പോയപ്പോള്‍ പടിപടിയായി അതിന്റെ ഊന്നല്‍ പാപ്പായുടെ ഭരണപാടവത്തില്‍ നിന്ന് സുവിശേഷത്തിലൂന്നിയ അദ്ദേഹത്തിന്റെ ജീവിതശൈലിയിലേയ്ക്ക് മാറി; സഭയില്‍ പുതിയൊരു ജീവിതശൈലിയും പുതിയ രീതിയിലൊരു പേപ്പസിയും എന്നതിലേക്കായി ശ്രദ്ധ” കര്‍ദ്ദിനാള്‍ മര്‍ഫി ഒക്കോണര്‍ പറഞ്ഞു.

യൂറോപ്പിലെ സീനിയര്‍ കര്‍ദ്ദിനാളന്മാരും ഈ ആശയത്തെ പിന്തുണക്കാന്‍ തുടങ്ങി. പാരീസിലെ കര്‍ദ്ദിനാള്‍ അന്ത്രെ വാങ്-ത്രൂവയും, വാര്‍ട്ടര്‍ കാസ്പ റുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. ബര്‍ഗോളിയോയുടെ നന്മകള്‍ വ്യക്തമാക്കുന്നതില്‍ ഹോണ്ടുറസിലെ കര്‍ദ്ദിനാള്‍ ഒസ്ക്കാര്‍ റോഡ്രിഗ്സ് പ്രധാന പങ്കുവഹിച്ചു.

സാധ്യതാപേരുകളും ആശയങ്ങളും പ്രി-കോണ്‍ ക്ലേവ് മീറ്റിങുകളില്‍ സ്വതന്ത്രമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സിസ്റ്റൈന്‍ ചാപ്പലിന്റെ കതകടഞ്ഞ ശേഷം വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മറ്റൊരു പ്രക്രിയ ആരംഭിക്കുകയായിരുന്നു. ആന്തരി കവിചിന്തനത്തിന്റെയും ആത്മീയ വിവേചനത്തിന്റെയും സമയമെന്നാണ് അതിനെ വിശേഷിപ്പിക്കാവുന്നത്.

വോട്ടെടുപ്പ് പുരോഗമിച്ചപ്പോള്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയുടെ പിന്തുണ പടിപടിയായി കൂടി വന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ കൂടുതല്‍ കര്‍ദ്ദിനാളന്മാര്‍ തങ്ങളുടെ പിന്തുണ ബര്‍ഗോളിയോയ്ക്കായി മാറ്റി പ്രതിഷ്ഠിച്ചു. അവസാനം 115 വോട്ടില്‍ 90 വോട്ടുകള്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയ്ക്ക് ലഭിച്ചെന്നാണ് പറയപ്പെടുന്നത്.

“സഭയുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക കാല ഘട്ടത്തിലാണ് നാം എത്തിനില്‍ക്കുന്നത്. സഭാ നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതിനോട് തുല്യമായി പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ജീവിതം ജീവിതയോഗ്യമാണെന്നതിന് നല്ലൊരു ന്യായം കിട്ടാനായി ദരിദ്രരായ മനുഷ്യര്‍ അലയുകയാണ്. ഇതാണ് ഭൂരിപക്ഷം ജനത്തിന്റെയും പ്രധാന പ്രശ്നം. ദൈവശാസ്ത്രത്തിന്റെ നൂലാമാലകളെക്കുറിച്ച് യൂറോപ്പില്‍ പലതരം ചര്‍ച്ചകള്‍ നിലനില്ക്കുന്നുണ്ട്. പക്ഷെ ഭൂരിപക്ഷം മനുഷ്യരുടെയും ജീവിത പ്രശ്നം അവിടെയൊന്നുമല്ല. ദരിദ്രരുടെ ഉത്കണ്ഠകളെ തിരിച്ചറിയുകയും അവയോട് പ്രതികരിക്കുവാന്‍ കഴിയുകയും വേണം”. കര്‍ദ്ദിനാള്‍ നപ്പിയേര്‍ പറഞ്ഞു.

(ക്രിസ്റ്റഫര്‍ ലാബിന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

1 + eighteen =